മുന്‍മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി തോമസ് ഐസകിന്‍റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍ മുകുന്ദന്‍. സഖാവ് പിണറായി വിജയൻ വിശ്രമിക്കുകയല്ലേ വേണ്ടതെന്നും നമ്മുടെ കാല ശേഷവും ഇടതു പക്ഷം വേണമല്ലോ എന്നുമാണ് ഗോപകുമാര്‍ കുറിച്ചത്. കണ്ണൂരില്‍ വച്ച് മുതിര്‍ന്ന നേതാവ് കടന്നപ്പള്ളി രാമചന്ദ്രന് പുരസ്‌കാരം നല്‍കുന്ന ചടങ്ങില്‍ പ്രസംഗിക്കാന്‍ കയറിയ പിണറായി വിജയന്‍ പോഡിയത്തിന്‍റെ പ്രയാസത്തെ പറ്റി സംസാരിച്ച സംഭവം പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഗോപകുമാറിന്‌റെ വിമര്‍ശനം.
'ഇന്ന് സഖാവ് പിണറായി വിജയൻ ഏതോ ഒരു യോഗത്തിൽ പ്രസംഗിക്കാൻ വരുന്ന വിഷ്വൽസ് കണ്ടു. ഇടുങ്ങിയ പോഡിയത്തിന്‍റെ പ്രയാസം പറയുകയാണ് പിണറായി. വാസ്‌തവമാണ്. അടി പിന്നോട്ട് വച്ചാൽ വീഴും. ഈ സ്ഥിതി ഒഴിവാക്കി സഖാവ് പിണറായി വിജയൻ വിശ്രമിക്കുകയല്ലേ വേണ്ടത്. നമ്മുടെ കാല ശേഷവും ഇടതു പക്ഷം വേണമല്ലോ? വിശ്രമിക്കു പ്രിയ സഖാവേ,' ഗോപകുമാര്‍ കുറിച്ചു.
പ്രസംഗപീഠത്തിന്‍റെ വീതിക്കുറവിനെക്കുറിച്ചായിരുന്നു പിണറായി വിജയന്‍ ചടങ്ങിനിടെ ചൂണ്ടിക്കാട്ടിയത്. തനിക്ക് സംസാരിക്കാന്‍ തന്നിരിക്കുന്ന പ്രസംഗപീഠത്തിന് വീതി വളരെ കുറവാണെന്നും, സംസാരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ഒരു ചുവട് പിന്നോട്ട് വെച്ചാല്‍ താഴേക്ക് മറിഞ്ഞു വീണുപോകുന്ന അവസ്ഥയാണുള്ളതെന്നുമാണ് അദ്ദേഹം സരസമായി പറഞ്ഞത്.