കോഴിക്കോടിന് മന്ത്രിയില്ലാത്തതില്‍ യുഡിഎഫ് നേതൃത്വത്തിനെതിരെ അമര്‍ഷം പുകയുന്നു. 13 സീറ്റില്‍ 12ഉം വിജയിച്ചിട്ടും ഒരു മന്ത്രിസ്ഥാനം പോലും നല്‍കാത്തത് എന്തുകൊണ്ടാണെന്നാണ് പ്രവര്‍ത്തകരുടെ ചോദ്യം. ജില്ലയിലെ മികച്ച വിജയത്തിനെ കോണ്‍ഗ്രസ്, ലീഗ് നേതൃത്വം വിലകുറച്ചുകണ്ടുവെന്നും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു.

ജില്ലയ്ക്ക് മന്ത്രിയില്ലാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കഴിഞ്ഞ ദിവസം പുറമേരിയില്‍ നടത്തിയ പരസ്യ പ്രതിഷേധം ‌നേതൃത്വം ഇടപെട്ട് അവസാനിപ്പിച്ചെങ്കിലും മന്ത്രിയില്ലാത്തതിനെ ചൊല്ലിയുള്ള അമര്‍ഷവും മുറുമുറുപ്പും ഇപ്പോഴും തുടരുകയാണ്. ലീഗ് ഹൗസിന് മുന്നില്‍ പ്രതിഷേധ പോസ്റ്ററും കരിങ്കൊടിയും വച്ചതിന് പിന്നാലെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങളുടേയും പി.കെ.കുഞ്ഞാലിക്കുട്ടിയുടേയും ഫെയ്സ്ബുക്ക് പോസ്റ്റുകളിലെ കമന്‍റുകളിലേയ്ക്ക് നീങ്ങി. സാദ്ദിഖലി തങ്ങള്‍ പങ്കുവെച്ച സത്യപ്രതിജ്ഞ വീഡിയോക്ക് താഴെ കമന്‍റുകളുടെ ബഹളം.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും വിമര്‍ശനം ശക്തമാണ്. കോഴിക്കോടിനേക്കാള്‍ മോശം പ്രകടനം കാഴ്ച്ച വച്ച മറ്റു ജില്ലകള്‍ക്കെല്ലാം മന്ത്രിയെ നല്‍കിയപ്പോള്‍ കോഴിക്കോടിനെ മാത്രം അവഗണിച്ചുവെന്നാണ് ആക്ഷേപം. വിമര്‍ശനം പ്രതിപക്ഷവും ഏറ്റെടുത്തു.

എന്നാല്‍ പ്രതിഷേധങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ വാദം. പ്രതീക്ഷിച്ചത് കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണിതെല്ലാം. എങ്കിലും പരിധി ലംഘിച്ചാല്‍ നടപടിയിലേയ്ക്ക് നീങ്ങേണ്ടി വരുമെന്നും നേതൃത്വം മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY:

Kozhikode ministerial snub has led to growing discontent within the UDF leadership, with party workers questioning the lack of a ministerial position despite a significant electoral victory. This sentiment is amplified by criticisms on social media and public protests, indicating a strong demand for representation.