മീനിന് പിന്നാലെ ബീഫിനും വിലക്കയറ്റം. കോഴിക്കോട് ജില്ലയിൽ ഈ മാസം 15 മുതൽ ബീഫിന് കിലോയ്ക്ക് 60 മുതൽ 100 രൂപ വരെ വർധിപ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കന്നുകാലികളുടെ വരവ് കുറഞ്ഞതും വാങ്ങൽച്ചെലവ് ഉയർന്നതുമാണ് വില വർധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
ബീഫ് സ്പെഷ്യൽ വിഭവങ്ങൾക്കായി പേരുകേട്ട കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളിലും ഈ വിലവർധനയുടെ പ്രതിഫലനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അസംസ്കൃത ബീഫിന്റെ വില കൂടുന്നതോടെ ബീഫ് വിഭവങ്ങൾക്കും വില വർധിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.
പുതിയ നിരക്ക് പ്രകാരം, നിലവിൽ കിലോയ്ക്ക് 340 രൂപയ്ക്ക് വിൽക്കുന്ന എല്ലോടുകൂടിയ ബീഫിന് 400 രൂപ നൽകേണ്ടിവരും. 360 രൂപയുള്ള എല്ലില്ലാത്ത ബീഫിന്റെ വില 460 രൂപയായും ഉയരും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതും, ലഭ്യമായ കന്നുകാലികൾക്ക് ഉയർന്ന വില നൽകേണ്ടിവരുന്നതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണമെന്ന് ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
അതേസമയം, ബീഫ് വില വർധിപ്പിക്കാനുള്ള തീരുമാനം ഹോട്ടൽ മേഖലയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇന്ധനവില വർധന, പാചകവാതക വിലയും ലഭ്യതാ പ്രശ്നങ്ങളും മൂലം നേരത്തേ തന്നെ ചെലവുകൾ ഉയർന്ന സാഹചര്യത്തിൽ, ബീഫിന്റെ വിലയും വർധിച്ചാൽ വിഭവങ്ങളുടെ വില കൂട്ടേണ്ടി വരുമെന്നാണ് ഹോട്ടൽ ഉടമകളുടെ വിലയിരുത്തൽ.
ഭക്ഷണത്തിന്റെ വില വീണ്ടും ഉയർന്നാൽ സാധാരണക്കാരെ അത് പ്രതികൂലമായി ബാധിക്കുമെന്നും, ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവരുടെ ചെലവുഭാരം വർധിക്കുമെന്നും മേഖലയിലെ പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.