കോഴിക്കോട് നഗരത്തിലെ ഗതാഗതകുരുക്ക് അഴിക്കാന്‍ ഇനി മുതല്‍ ട്രാഫിക് വാര്‍ഡന്‍മാരും. ആദ്യഘട്ടത്തില്‍ 75 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി ഗതാഗത നിയന്ത്രണത്തിനിറങ്ങി. കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന രാവിലെയും വൈകിട്ടുമാകും ട്രാഫിക് വാര്‍ഡന്മാരുടെ സേവനം പ്രയോജനപ്പെടുത്തുക.
കോഴിക്കോട് നഗരത്തില്‍ തിരക്കുള്ള എല്ലാ ജംഗ്ഷനുകളിലും ഇനി ഇവരെ കാണാം. കാക്കി പാന്‍റസും നീല ഷര്‍ട്ടും തൊപ്പിയും ബൂട്ടുമണിഞ്ഞ 75 ട്രാഫിക് വാര്‍ഡന്മാര്‍. നഗരത്തില്‍ സ്ഥിരമായി ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന ജംഗ്ഷനുകളിലും ആശുപത്രി, സ്കൂള്‍, മാള്‍, ബീച്ച് എന്നിവിടങ്ങളിലും വാര്‍ഡന്മാരുടെ സേവനം പ്രയോജനപ്പെടുത്തും.
ഗതാഗത നിയന്ത്രണത്തിനൊപ്പം വാഹനങ്ങളുടെ നിയമ ലംഘനങ്ങള്‍ ഡിജിറ്റല്‍ തെളിവുകളോടെ ഇവര്‍ക്ക് ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റിന് കൈമാറാം. ആദ്യഘട്ടത്തില്‍ 100 ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്തതില്‍ 75 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളവരുടെ പരിശീലനവും ഉടന്‍ പൂര്‍ത്തിയാക്കും. റോട്ടറി കാലിക്കറ്റ് ഈസ്റ്റും സിറ്റി ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റും സഹകരിച്ച് നടപ്പാക്കുന്ന 'എന്‍റെ നഗരം, അപകടരഹിത നഗരം' പദ്ധതിയുടെ ഭാഗമായാണ് ട്രാഫിക് വാര്‍ഡന്മാരെ നിയോഗിച്ചത്.