ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന ഫ്ലാറ്റിനുള്ളില്‍ ജീവന്‍ പണയം വച്ച് 24 കുടുംബങ്ങള്‍. നാല് പതിറ്റാണ്ട് മുമ്പ് കോഴിക്കോട് കോര്‍പറേഷന്‍ ചേരി നിര്‍മാര്‍ജന പദ്ധതിയില്‍ നിര്‍മിച്ച വെള്ളയിലെ ഫ്ലാറ്റിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ നരക ജീവിതം നയിക്കുന്നത്. ഫ്ലാറ്റ് പൊളിക്കാന്‍ ടെന്‍ഡറായെങ്കിലും ഇവിടെയുള്ളവര്‍ക്ക് അവകാശ രേഖ നല്‍കാതെ വിവിധ ന്യായീകരണങ്ങള്‍ നിരത്തുകയാണ് കോര്‍പറേഷന്‍. 

ഏത് നിമിഷവും തകര്‍ന്നു വീഴുമെന്ന് അറിയുമ്പോള്‍ പോലും ഇറങ്ങിപ്പോകാന്‍ മറ്റൊരു വഴിയുമില്ലാത്ത നിസഹായരായ ഒരു കൂട്ടം മനുഷ്യരുടെ  അഭയകേന്ദ്രമാണ് ഇന്ന് ഈ ഫ്ലാറ്റ്.  പ്രായമായവരും കുട്ടികളും രോഗികളും ഉള്‍പ്പെടുന്നവര്‍ ജീവന്‍ കയ്യില്‍പ്പിടിച്ചാണ് ഫ്ലാറ്റിനുള്ളില്‍ കഴിയുന്നത്.

1983ല്‍ വലിയ പ്രതീക്ഷകളോടെ താമസം തുടങ്ങിയ ഫ്ലാറ്റാണ് ഇന്ന് കാലപ്പഴക്കത്തിന്‍റെ മുറിവുകളുമായി നിലനില്‍ക്കുന്നത്.  ഫ്ലാറ്റ് പൊളിച്ച് പുതിയത് പണിയാമെന്നാണ്  വാഗ്ദാനം. പക്ഷെ നിലവില്‍ താമസിക്കുന്നവര്‍ക്ക് അവകാശ രേഖ നല്‍കാന്‍ കോര്‍പറേഷന്‍ തയാറാകാത്തത് കാരണം പലരും ഫ്ലാറ്റ് വിട്ടുപോകാന്‍ മടിക്കുകയാണ്. 

ENGLISH SUMMARY:

Malayala Manorama Online News reports on 24 families living in fear within a collapsing flat in Kozhikode, built decades ago under a slum clearance project. Despite the urgent need for demolition and reconstruction, families are reluctant to leave without proper ownership documents, highlighting a critical housing and safety issue in Kerala.