സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതിലും വലിയ ജയമാണ് യുഡിഎഫിനുണ്ടായതെന്ന് മന്ത്രി കെ.മുരളീധരന്‍. 80 സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. 100 സീറ്റ് ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മുരളീധരന്‍ മനോരമന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. 'ഇലക്ഷനിലെ മല്‍സരം തോറ്റിട്ട് അവസാനിപ്പിക്കരുതെന്ന് ഒരു വാശിയുണ്ടായിരുന്നു. അത് നടന്നു. ജയിച്ചല്ലോ, എംഎല്‍എയായല്ലോ, മന്ത്രിയാക്കുവാണേല്‍ ആക്കട്ടെ, ടെന്‍ഷന്‍ ഇല്ല എന്നായിരുന്നു നിലപാട്'- മുരളീധരന്‍ മനസ് തുറന്നു. മണ്ഡലത്തെ കളഞ്ഞിട്ടു പോയി എന്നൊരു ആക്ഷേപം നേരത്തെ ഞാന്‍ കേട്ടു. അത് പാര്‍ട്ടി പറഞ്ഞിട്ട് ചെയ്തതാണെങ്കിലും കളഞ്ഞിട്ടു പോയെന്നതിനാണ് പ്രചാരണം കിട്ടിയത്. വടകരയിലേക്ക് പോകേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. ഇനി ഒരു കാരണവശാലും വട്ടിയൂര്‍ക്കാവ് വിട്ടുപോകില്ല. ഒരു പരീക്ഷണത്തിനും ഇനി തയാറല്ല'- മുരളീധരന്‍ വിശദീകരിച്ചു.
ആരോഗ്യവകുപ്പിലെ സിസ്റ്റം ശരിയാക്കുമെന്നും ജീവനക്കാരെയും ഉദ്യോഗസ്ഥരെയും വിശ്വാസത്തിലെടുക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ട്രാന്‍സ്ഫറിലും പോസ്റ്റിങിലും ചട്ടം പാലിക്കുമെന്നും മന്ത്രി പറഞ്ഞു. ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയാക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
ദേവസ്വം വകുപ്പിന്‍റെ കാര്യത്തില്‍ ഔദ്യോഗികമായി തീരുമാനമായിട്ടില്ലെന്നും ചില അഡ്ജസ്റ്റ്മെന്‍റുകള്‍ വേണ്ടിവരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വര്‍ണക്കൊള്ളയിലടക്കം വിശദമായ അന്വേഷണം വരുമെന്നും ദേവസ്വം ബോര്‍ഡുകള്‍ അഴിമതി വിമുക്തമാക്കുകയെന്നതാണ് യുഡിഎഫ് സര്‍ക്കാരിന്‍റെ നയമെന്നും മന്ത്രി പറഞ്ഞു. 'സ്വര്‍ണക്കൊള്ള മറക്കാൻ സാധ്യമല്ല. കാരണം ഭക്തർ കാണിക്കയായിരുന്ന സ്വർണവും വെള്ളിയും ഒക്കെ കൊള്ളയടിക്കുക എന്ന് പറഞ്ഞാൽ അത് വിശ്വാസികളെ ഏറ്റവും വേദനിപ്പിക്കുന്ന ഒരു കാര്യമാണ് . ഏത് പാർട്ടി ആണെങ്കിലും വിശ്വാസികളെ സംബന്ധിച്ച് അത് വല്ലാത്തൊരു വേദന ഉണ്ടാക്കിയിട്ടുണ്ട്. അതിന് സര്‍ക്കാര്‍ പരിഹാരം കാണും'- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചകളെ കുറിച്ചും അഭിമുഖത്തില്‍ മുരളീധരന്‍ മനസ് തുറന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരില്‍ മാനസികമായി ഏറ്റവും അടുപ്പമുണ്ടായിരുന്നത് കെ.സി.വേണുഗോപാലിനോടായിരുന്നുവെന്നും പക്ഷേ ജനപിന്തുണ വി.ഡി.സതീശനായിരുന്നുവെന്നും അക്കാര്യം താന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു. 'കെസിയെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റാക്കാനൊക്കെ മുന്‍കൈയെടുത്തത് ഞാനായിരുന്നു. അന്ന് കെ.കരുണാകരന് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന സ്വാധീനം അതിനായി പ്രയോജനപ്പെടുത്തിയിരുന്നു. പിന്നെ ഡല്‍ഹിയിലുണ്ടായിരുന്നപ്പോഴും അവിടെ നല്ല സൗഹൃദത്തിലായിരുന്നു. പക്ഷേ കേരളത്തില്‍ ഇങ്ങനെയൊരു യാഥാര്‍ഥ്യം വന്നപ്പോള്‍ അത് ഞാന്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. ജനവികാരം സതീശന് അനുകൂലമാണ്. പക്ഷേ ആരെയാണോ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്നത് , അത് അംഗീകരിക്കുമെന്നും രാഹുലിനോട് പറഞ്ഞു. അതല്ലാതെ വേണുഗോപാലിനോട് യാതൊരു വിരോധവുമില്ല'- മുരളീധരന്‍ പറഞ്ഞു.