അതൃപ്തി തുടരുന്ന ചെന്നിത്തല അനുനയിപ്പിക്കാനുള്ള ശ്രമവുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. വഴുതക്കാട്ടെ ചെന്നിത്തലയുടെ വീട്ടിലാണ് കൂടിക്കാഴ്ച. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ രമേശ് ചെന്നിത്തല മന്ത്രിസഭ പ്രവേശനത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഒപ്പമുള്ളവരെ മന്ത്രിയാക്കണമെന്ന ആവശ്യമാണ് നിലവില്‍ ചെന്നിത്തല മുന്നോട്ട് വയ്ക്കുന്നത്. നാലുതവണ ജയിച്ച അന്‍വര്‍ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരെ മന്ത്രിയാക്കണമെന്നാണ് ആവശ്യം.
അതേസമയം ആഭ്യന്തരത്തിനായി വിലപേശുന്നുവെന്ന റിപ്പോര്‍ട്ടിലും ചെന്നിത്തലയ്ക്ക് അമര്‍ഷമുണ്ട്. വഴുതക്കാട്ടെ വസതിയില്‍ തുടരുന്ന ചെന്നിത്തലയെ ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, ടി.കെ ഗോവിന്ദന്‍ ഉള്‍പ്പടെയുളള എംഎല്‍എമാര്‍ വീട്ടിലെത്തി കണ്ടു.
അതിനിടെ, മന്ത്രിസ്ഥാനങ്ങള്‍ക്കായി സമ്മര്‍ദം ചെലുത്തേണ്ടെന്നാണ് കെ.സി.പക്ഷത്തിന്റെ തീരുമാനം. കെസിയെ കാണാന്‍ രാവിലെ മുതല്‍ കൂട്ടത്തോടെ നേതാക്കള്‍ എത്തുകയാണ്. ചെന്നിത്തലയുടെ പരിഭവം പരിഹരിക്കുമെന്നും നല്ലൊരു മന്ത്രിസഭ ഉണ്ടാകുമെന്നും കെ.സിയെ വീട്ടിലെത്തി കണ്ട ശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
ഒറ്റ എംഎല്‍എയുളള പാര്‍ട്ടികള്‍ക്ക് മന്ത്രി സ്ഥാനത്തിനായി രണ്ടരവര്‍ഷ ഫോര്‍മുല പരിഗണനയില്‍. സി.പി.ജോണും മാണി സി.കാപ്പനും മന്ത്രിപദം പങ്കിട്ടേക്കും. പങ്കിട്ടാല്‍ ആദ്യ ഊഴം സി.പി.ജോണിനായിരിക്കും. ഫോര്‍മുല ഉഭയകക്ഷി ചര്‍ച്ചയില്‍ വരും.
വകുപ്പ് ചര്‍ച്ചകളിലേക്ക് ഇതുവരെ കടന്നിട്ടില്ലെന്ന് അനൂപ് ജേക്കബ്. രണ്ടരവര്‍ഷം കാലയളവെന്ന ചര്‍ച്ചയും നടന്നിട്ടില്ല. എതെങ്കിലും ഒരു വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഉഭയകക്ഷി ചര്‍ച്ചയിലാണ് അവയെല്ലാം ഭാഗമാകുകയെന്നും അനൂപ് ജേക്കബ് പറഞ്ഞു.
അതേസമയം, കെ.സി. വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് ആന്റോ ആന്റണി. കെ.സിയെ പിച്ചിച്ചീന്തിയത് മാധ്യമങ്ങൾ ആണ്. കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് കെസി. പാർലമെന്ററി പാർട്ടിയിൽ ചരിത്രത്തിൽ ആർക്കും കിട്ടാത്ത പിന്തുണയാണ് എംഎൽഎമാരിൽ നിന്ന് കിട്ടിയത്. എന്നിട്ടും ഹൈക്കമാൻഡ് തീരുമാനത്തിനൊപ്പം അദ്ദേഹം നിന്നു. ഇന്ത്യയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കും മാതൃകയാണ് കെ.സി. വേണുഗോപാൽ എന്നും ആന്റോ ആന്റണി പറഞ്ഞു.