rajeev-chandrasekhar-to-attend-vd-satheesan-oath-taking

യുഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ താനും പങ്കെടുക്കുമെന്ന് നേമത്തെ നിയുക്ത എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍. നിയുക്ത മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ട് തന്നെ ക്ഷണിച്ചുവെന്നും താന്‍ നന്ദിയും ആശംസകളും അറിയിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. തനിക്കൊപ്പം എന്‍ഡിഎ മുന്നണിയിലെ സഹ എംഎല്‍എമാരും സഹപ്രവര്‍ത്തകരും മേയ് 18 ലെ ചടങ്ങില്‍ പങ്കെടുക്കുമെന്നും കുറിപ്പില്‍ പറയുന്നു. 

തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. ചടങ്ങില്‍ കാല്‍ ലക്ഷം പേര്‍ നേരിട്ട് പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട് മുഖ്യമന്ത്രി വിജയ്, കര്‍ണാടകയില്‍ നിന്നും സിദ്ധരാമയ്യ, തെലങ്കാനയില്‍ നിന്നും രേവന്ത് റെഡ്ഡി, ആന്ധ്ര പ്രദേശില്‍ നിന്നും ചന്ദ്രബാബു നായിഡു എന്നിവര്‍ക്ക് പുറമെ ഹിമാചല്‍ മുഖ്യമന്ത്രി സുഖ്​വിന്ദര്‍ സുഖുവും ചടങ്ങില്‍ പങ്കെടുക്കും. 

നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍102 സീറ്റുകളാണ് യുഡിഎഫ് നേടിയത്. യുഡിഎഫ് തരംഗത്തില്‍ ഇടതുകോട്ടകള്‍ പലതും തകര്‍ന്നടിഞ്ഞു. നേമത്തും കഴക്കൂട്ടത്തും ചാത്തന്നൂരിലും എന്‍ഡിഎ സ്ഥാനാര്‍ഥികളും ജയിച്ചു. തിളക്കമാര്‍ന്ന ജയം നേടിയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ 10 ദിവസം വൈകിയത് സംസ്ഥാനത്തിനകത്തും പുറത്തും വലിയ ചര്‍ച്ചയായി. തിരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിച്ച വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ജനവികാരം ഉയര്‍ന്നപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരിലേറെയും പിന്തുണച്ചത് കെ.സി.വേണുഗോപാലിനെയായിരുന്നു. സീനിയോറിറ്റി കണക്കിലെടുത്ത് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്നും ആവശ്യമുയര്‍ന്നു. ഒടുവില്‍ പത്താം ദിനം വി.ഡി.സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു. 

ENGLISH SUMMARY:

BJP State President and newly elected Nemom MLA Rajeev Chandrasekhar confirmed that he will attend the swearing-in ceremony of the new UDF government on May 18. Chandrasekhar shared on Facebook that Chief Minister-elect VD Satheesan personally invited him over the phone, to which he extended his gratitude and well wishes. He noted that fellow NDA MLAs elected from Kazhakuttam and Chathannur would also join the event, showcasing a healthy democratic tradition. The grand ceremony, expected to host 25,000 attendees, will be graced by newly elected Tamil Nadu CM Vijay alongside Chief Ministers from Karnataka, Telangana, Andhra Pradesh, and Himachal Pradesh. This official transition follows a historic election where the UDF won 102 seats, culminating in Satheesan's appointment as CM by the high command after ten days of internal deliberations.