sashi-tharoor

കോണ്‍ഗ്രസിന്‍റെ ശക്തമായ വിജയത്തിനുശേഷം വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് കഴിയാത്തതിലുള്ള വിഷമം പങ്കുവെച്ച് ശശി തരൂര്‍. വ്യക്തിപരമായ ആവശ്യങ്ങളെത്തുടര്‍ന്ന് ബോസ്റ്റണില്‍ ആയതിനാലാണ് തരൂരിന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍‌ സാധിക്കാത്തത്.

‘എന്‍റെ സഹപ്രവർത്തകനും കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയുമായ വി. ഡി. സതീശന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ എനിക്ക് വിഷമമുണ്ട്. എന്‍റെ പഴയ കലാലയമായ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിലെ ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനും, ഒപ്പം ഞാൻ പഠിച്ചിറങ്ങിയ ബാച്ചിന്‍റെ അമ്പതാം വാർഷിക റീ–യൂണിയനിൽ പങ്കെടുക്കുന്നതിനുമായി ഈ വാരാന്ത്യത്തിൽ ഞാൻ ബോസ്റ്റണിലാണുള്ളത്. കേരളത്തിലെ ഭാവിയെ പ്രതീക്ഷയോടെ നോക്കിക്കാണുന്നതോടൊപ്പം തന്നെ യു.എസിലെ എന്‍റെ ഭൂതകാലത്തെ ആഘോഷമാക്കാനുള്ള ഒരു അവസരമാണിത്’  –  എന്നാണ് ശശി തരൂര്‍ തന്‍റെ അസാന്നിധ്യത്തിന്‍റെ കാരണം വ്യക്തമാക്കി ഫെയ്സ്ബുക്കില്‍ കുറിച്ചത്.

യുഡിഎഫിന്‍റെ വന്‍ വിജയത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിന്‍റെ  പേരും ചർച്ചകളിൽ വന്നിരുന്നെങ്കിലും  വി. ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിനെ പൂര്‍ണമായും സ്വാഗതം ചെയ്ത നിലപാടായിരുന്നു ശശി തരൂരിന്‍റേത്. പാർട്ടിയോടും ജനങ്ങളോടുമുള്ള വർഷങ്ങളായുള്ള സമർപ്പണത്തിന് ലഭിച്ച അർഹമായ അംഗീകാരമാണിതെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

‌‌അതേസമയം തരൂരിന്‍റെ പോസ്റ്റ് അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തെക്കുറിച്ചുള്ള പുതിയ കഥകള്‍ മെനയാനുള്ള അവസരമാണ്  നഷ്ടമാക്കിയത് എന്നായിരുന്നു ചിലരുടെ പ്രതികരണം. എന്നാല്‍ മാധ്യമങ്ങൾ നല്ല ചില കഥകൾ മെനഞ്ഞെടുക്കുക തന്നെ ചെയ്യും എന്നും പ്രതികരിച്ചവരുണ്ട്. ‘50-ാം വാർഷിക റീയൂണിയൻ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്. രാഷ്ട്രീയത്തിന് ഒരു വാരാന്ത്യം കാത്തിരിക്കാം; ഓർമകൾക്ക് അതിനാവില്ല’ എന്നായിരുന്നു മറ്റൊരു പ്രതികരണം. തരൂരിനോട് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചവരും കുറവല്ല.

ENGLISH SUMMARY:

Shashi Tharoor expressed his regret for being unable to attend the oath-taking ceremony of Kerala's new Chief Minister, VD Satheesan. He was in Boston for a graduation ceremony and a 50th-anniversary reunion at Tufts University's Fletcher School of Law and Diplomacy