നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ കെപിസിസി ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് മന്ത്രിമാരുടെ ചര്‍ച്ചയിലേക്ക് കടന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായും മറ്റ് പ്രധാന നേതാക്കളുമായാണ് സതീശന്‍റെ കൂടിക്കാഴ്ച്ച. മുഖ്യമന്ത്രി സ്ഥാനത്തില്‍ ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ചതോടെ, കാര്യങ്ങള്‍ എളുപ്പമായെന്നാണ് വിവരം.
യുഡിഎഫ് മന്ത്രിസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിന് 12 സ്ഥാനങ്ങളായിരിക്കും ലഭിക്കുക. കെ. മുരളീധരന്‍, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, എം. ലിജു, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മന്ത്രിയാകുമെന്നാണ് വിവരം. വനിതാ മന്ത്രിമാരുടെ കാര്യത്തില്‍ ബിന്ദു കൃഷ്ണയുടെയും ഷാനിമോള്‍ ഉസ്മാന്‍റെയും പേരുകള്‍ പരിഗണനയിലുണ്ട്.
നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ ധനകാര്യവും, രമേശ് ചെന്നിത്തല ആഭ്യന്തരവും കൈകാര്യം ചെയ്തേക്കുമെന്നാണ് സൂചന. ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകാമെന്ന് നിയുക്ത മുഖ്യമന്ത്രി ഉറപ്പ് നൽകിയതായാണ് വിവരം. ആഭ്യന്തര വകുപ്പ് തനിക്ക് ലഭിക്കുന്നതിന് പുറമേ, അൻവർ സാദത്തിനെക്കൂടി മന്ത്രിയാക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം.
കെസി വേണുഗോപാലും ദീപാ ദാസ്മുൻഷിയും സതീശനും ഇന്നലെ നടത്തിയ ചർച്ചയിൽ ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് നൽകാൻ ധാരണയുണ്ടാക്കിയിരുന്നു. രണ്ടു മന്ത്രിമാരെന്ന കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം തള്ളിയേക്കും. ഒരു മന്ത്രിക്ക് പുറമെ ഡെപ്യൂട്ടി സ്പീക്കര്‍ അല്ലെങ്കില്‍ ചീഫ് വിപ്പ് നല്‍കാമെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. ഘടകകക്ഷികളില്‍ ഒറ്റ എംഎല്‍എമാരുള്ള മാണി സി. കാപ്പനും അനൂപ് ജേക്കബും രണ്ടര വര്‍ഷമെന്ന ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം പങ്കിടണമെന്നാണ് നിര്‍ദ്ദേശം.
സി.പി.ജോണിന് മുഴുവന്‍ ടേം നല്‍കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. ജലം അല്ലെങ്കിൽ വനം വകുപ്പ് ആവശ്യപ്പെട്ട ആർഎസ്പിയും സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. സണ്ണി ജോസഫ്, പി.സി.വിഷ്ണുനാഥ്, ടി.സിദ്ദീഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി അനിൽകുമാർ, എൻ.ശക്തൻ, ഓ.ജെ ജനിഷ് എന്നിവരുടെ പേരുകളാണ് കെ.സി പക്ഷം മുന്നോട്ടുവച്ചിരിക്കുന്നത്. കെ മുരളീധരൻ, ചാണ്ടി ഉമ്മൻ എന്നിവർ അടക്കം നാലുപേരെ വി.ഡി സതീശനും മന്ത്രിസഭയിലേക്ക് നിർദേശിച്ചിട്ടുണ്ട്.