vd-satheesan
  • ‘അധികാരത്തിന്‍റെ പത്രാസ് എനിക്കുവേണ്ട’
  • വി.ഡി.സതീശന്‍റെ ആദ്യ അഭിമുഖം മനോരമന്യൂസിന്
  • ‘പൊലീസ് അകമ്പടി കുറയ്ക്കും’
  • ‘പുതിയ കാര്‍ വാങ്ങില്ല, ഉള്ളതുമതി’

അധികാരത്തിന്‍റെ പത്രാസില്‍ മയങ്ങില്ലെന്ന് നിയുക്തമുഖ്യമന്ത്രി വി.ഡി.സതീശന്‍. പൊലീസ് സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ നിലപാട് പാലിക്കുമെന്ന് സതീശന്‍ മനോരമന്യൂസിനോട് പറഞ്ഞു. ‘അധികാരത്തിന്‍റെ പത്രാസ് കൂടുന്തോറും നമ്മള്‍ ജനങ്ങളില്‍ നിന്ന് അകലും. പത്രാസ് കുറയ്ക്കുന്തോറും ജനങ്ങളുമായി കൂടുതല്‍ അടുക്കും. ഞാന്‍ പത്തുമുപ്പത് പൊലീസ് വണ്ടികളുടെ അകമ്പടിയില്‍ നടന്നാല്‍ ജനം പരിഹസിക്കും.’ – വി.ഡി പറഞ്ഞു. മതനിരപേക്ഷ കേരളത്തിനുവേണ്ടിയാണ് ജനങ്ങള്‍ വോട്ടുചെയ്തത്. അതിന് പോറലേല്‍പ്പിക്കുന്ന ഒരു കാര്യവും അനുവദിക്കില്ലെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു. അഭിമുഖത്തിന്‍റെ പൂര്‍ണരൂപം...

അഞ്ചുവര്‍ഷം മുന്‍പ് കന്‍റോണ്‍മെന്‍റ് ഹൗസിലെ (പ്രതിപക്ഷനേതാവിന്‍റെ ഔദ്യോഗികവസതി) ഗൃഹനാഥനായി വരുമ്പോള്‍ അടുത്ത പ്രതിപക്ഷനേതാവ് ആരായിരിക്കും എന്ന് ചോദിച്ച ട്രോളുകള്‍ ഉണ്ടായിരുന്നു. ഓര്‍മയില്ലേ?: തീര്‍ച്ചയായും. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ നമുക്കൊപ്പമുള്ള നിരാശരാക്കുകയും പ്രയാസപ്പെടുത്തുകയും തോല്‍വികള്‍ എങ്ങനെ അതിജീവിക്കുമെന്ന് ഉത്കണ്ഠപ്പെടുത്തുകയും ചെയ്തു. മറുവശത്ത് എല്ലാക്കാലത്തേക്കും കിട്ടിയ അധികാരമാണെന്ന് എല്‍ഡിഫും കരുതി. അതുകൊണ്ടാണ് ട്രോളുകള്‍ ഉണ്ടായത്. അടുത്ത പ്രതിപക്ഷനേതാവ് എന്ന രീതിയിലുള്ള ട്രോളുകളൊക്കെ ഉണ്ടായി. നമ്മള്‍ അതൊക്കെ ശ്രദ്ധിച്ചു. പക്ഷേ നമ്മള്‍ നമ്മുടെ ജോലി ചെയ്തു.

ഇപ്പോഴുള്ളത് കപ്പിനും ചുണ്ടിനുമിടയിലുള്ള വിജയമല്ല, മഹാവിജയമാണ്. ഇത് പ്രതീക്ഷിച്ചിരുന്നു, പ്രവചിച്ചിരുന്നു, ഉറപ്പിക്കുകയും ചെയ്തിരുന്ന ആളാണ്. വലിയ ഉത്തരവാദിത്തമല്ലേ വന്നുചേര്‍ന്നിരിക്കുന്നത്? : തീര്‍ച്ചയായും. ജനങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. ഇത്രയും വലിയ വിജയം നല്‍കിയതിന്‍റെ അര്‍ഥം നമ്മുടെ ചുമലുകളിലെ ഭാരം വര്‍ധിക്കുന്നു എന്നാണ.് ജനങ്ങളുടെ പ്രതീക്ഷ വളരെ ഉയരത്തിലാണ്. ഒന്ന്, പരിതാപകരമായ ഈ അവസ്ഥയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കണം. ഒരു പുതിയ കേരളം ഉണ്ടാക്കണം. അതാണ് അവര്‍ക്ക് കൊടുത്തിരിക്കുന്ന വാക്ക്. പുതുയുഗ കേരളമാണ്, ഒരു പുതിയ era ആണ് കേരളത്തില്‍ വരാന്‍ പോകുന്നത്. നമ്മുടെ കുഞ്ഞുങ്ങള്‍ക്കും അവരുടെ മക്കള്‍ക്കും വേണ്ടി ആ പുതിയ കാലത്തെ കേരളം കെട്ടിപ്പടുക്കുക എന്നതുതന്നെയാണ് നമ്മുടെ ലക്ഷ്യം. 

vd-interview

നമ്മള്‍ അധികാരത്തിന്‍റെ പത്രാസിലൊന്നും മയങ്ങാതെ ജീവിക്കണം. അധികാരത്തിന്‍റെ പത്രാസിലൊക്കെ മയങ്ങിപ്പോയാല്‍ തീര്‍ന്നു. അതിലൊന്നും മയങ്ങാതെ, ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍, കേരളത്തെ മാറ്റിയെടുക്കാന്‍, ഒരു പുതിയ കേരളമുണ്ടാക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്നാണ് തീരുമാനം. അതിന് ഒരു ടീം ബില്‍ഡ് ചെയ്യണം. ഒറ്റയ്ക്ക് ആര്‍ക്കും ഒന്നും കഴിയില്ല. അതില്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും എക്സ്പര്‍ട്ടുകളുടെയും ഒക്കെ ടീമുണ്ടാകണം. പല കാര്യങ്ങള്‍ ചെയ്യാന്‍ പല ടീമുകള്‍ ഉണ്ടാകണം. ആ ടീം ബില്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ സമയബന്ധിതമായി, ടൈം ഫ്രെയിം വച്ച് ഓരോ കാര്യങ്ങളും ഒന്നൊന്നായി പൂര്‍ത്തിയാക്കണം. അതിനുള്ള പരിപാടിയാണ് അടുത്തദിവസം മുതല്‍ തുടങ്ങേണ്ടത്.

അതിനൊരു ബ്ലുപ്രിന്‍റ് ഉണ്ടല്ലോ കയ്യില്‍?

തീര്‍ച്ചയായും ഉണ്ട്. ഞങ്ങള്‍ ഒരുപക്ഷേ, ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷമായിരിക്കും – അധികാരത്തില്‍ വരുന്നതിന് മുന്‍പുള്ള രണ്ടുവര്‍ഷക്കാലം, അധികാരത്തില്‍ വന്നാല്‍ എന്തുചെയ്യണം എന്ന് ആലോചിച്ച് തീരുമാനിച്ച പ്രതിപക്ഷം. എന്താണ് ബദല്‍ എന്ന് കൃത്യമായി ചര്‍ച്ചചെയ്തിരുന്നു. വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് നിരവധി വിഷയങ്ങളില്‍ ഞങ്ങള്‍ ആ തീരുമാനം എടുത്തിട്ടുണ്ട്.

പൂച്ച പെറ്റുകിടക്കുന്ന ഖ‍‍ജനാവില്‍ ആദ്യം ഒന്നെത്തിനോക്കേണ്ടി വരുമോ?

ഉറപ്പായും വേണ്ടിവരും. നമ്മള്‍ നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയാണ്. അത് പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാകും. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തണം. നല്ല നികുതിഭരണം ഉണ്ടാകണം. ഖജനാവിലെ ചോര്‍ച്ച തടയണം. പിന്നെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കണം. അതിനെല്ലാം നിരവധി പദ്ധതികള്‍ ഞങ്ങളുടെ കയ്യിലുണ്ട്. ആറുമാസത്തിനും ഒരുവര്‍ഷത്തിനുമിടയില്‍ കേരളത്തിലെ സമ്പദ് വ്യവസ്ഥയെ ട്രാക്കിലാക്കാന്‍ പറ്റുമെന്നാണ് എന്‍റെ പ്രതീക്ഷ.

ടീം യുഡിഎഫിനെക്കുറിച്ചാണ് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. കാബിനറ്റ് എങ്ങനെയായിരിക്കും. ടീം യുഡിഎഫിന്‍റെ ഒരു മിനി ടീമാണോ അതോ വേറൊരു ടീമാണോ? 

തീര്‍ച്ചയായും, കാബിനറ്റില്‍ വരുന്നത് യുഡിഎഫിലെ ഘടകകക്ഷികളെ പ്രതിനിധാനം ചെയ്തുകൊണ്ടുള്ള മന്ത്രിമാരായിരിക്കുമല്ലോ. ആ ടീം യുഡിഎഫിന്‍റെ പ്രതിനിധികളാണ് ഈ കാബിനറ്റില്‍ വരുന്നത്. കാബിനറ്റും ഒരു ടീം കാബിനറ്റായിരിക്കും. അസംബ്ലിയില്‍ ഒറ്റക്കക്ഷിയെപ്പോലെയല്ലേ ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. അസംബ്ലിക്ക് പുറത്തും ഒറ്റക്കക്ഷിയായിരുന്നു. കാബിനറ്റിലും ഒരു ടീമായിട്ട് പ്രവര്‍ത്തിക്കും. പരസ്പരം കൂടിയാലോചനകള്‍ നടത്തും. അതിലൊക്കെ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട്.

മല്‍സരത്തില്‍ ഒപ്പം ഓടുന്ന എല്ലാവര്‍ക്കും കപ്പ് കിട്ടണമെന്നില്ല. ഒപ്പം മല്‍സരിച്ചവരൊക്കെ ഇഷ്ടക്കാരാണ്, ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ് രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാല്‍ ഒക്കെ. അവരെയൊക്കെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടായിരിക്കുമോ മുന്നോട്ട് പോവുക?

അവര്‍ സഹപ്രവര്‍ത്തകര്‍ മാത്രമല്ല, എന്‍റെ നേതാക്കള്‍ കൂടിയാണ്. രമേശ് ചെന്നിത്തല എന്‍റെ നേതാവായിരുന്നു. വേണുഗോപാല്‍ എന്‍റെ സമകാലികനായിരുന്നെങ്കിലും അദ്ദേഹം ഒരുപാട് ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ച് എന്‍റെ കൂടി നേതാവായി മാറി. തീര്‍ച്ചയായും അവരെയെല്ലാം ചേര്‍ത്തുപിടിച്ച് ഒരുമിച്ചേ പോകുള്ളു. ഞങ്ങളൊക്കെ തമ്മില്‍ അതിനുള്ള സൗഹൃദവും സ്നേഹബന്ധവും ഹൃദയബന്ധവും ഉണ്ട്. ഉറപ്പായും ഒരുമിച്ചേ പോകുള്ളു. അവര്‍ക്കെല്ലാം അവരുടേതായ കാര്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളുണ്ടാകും. 

vd-chennithala-home

എല്ലാവരും ഇപ്പോള്‍ പ്രതീക്ഷിക്കുന്നത് എന്തായിരിക്കും ആദ്യ കാബിനറ്റില്‍ വരിക എന്നുള്ളതാണ്. സര്‍പ്രൈസ് ഉണ്ടാകുമോ?

പറഞ്ഞ വാക്കുപാലിക്കുക. ഇനി അല്‍ഭുതങ്ങളല്ലല്ലോ, വാക്കുപാലിക്കുക. അതിനുള്ള കാര്യങ്ങളൊക്കെ ഉണ്ടാകും. നമുക്ക് നോക്കാം.

കെഎസ്ആര്‍ടിസി ബസിലൊക്കെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പായില്ലെന്നുപറഞ്ഞ് ബിജെപിയുടെ പ്രതിഷേധം തുടങ്ങി. കണ്ടിരുന്നോ?

അവര്‍ സ്വയം പരിഹാസ്യരാകുന്നതിന് നമ്മള്‍ എന്തുചെയ്യാന്‍ പറ്റും. ജനങ്ങള്‍ ചിരിക്കില്ലേ. ഗവണ്‍മെന്‍റ് സത്യപ്രതിജ്ഞ ചെയ്ത് ഒരു മന്ത്രിസഭായോഗം പോലും കൂടിയിട്ടില്ല. അതിനുമുന്‍പ് അത് എങ്ങനെയാണ് പ്രഖ്യാപിക്കുന്നത്? ആര്‍ക്കാണ് പ്രഖ്യാപിക്കാന്‍ പറ്റുന്നത്? ചീഫ് സെക്രട്ടറിക്ക് പ്രഖ്യാപിക്കാന്‍ പറ്റുമോ? എന്തിനാണ് സ്വയം പരിഹാസ്യരാകുന്നത്? രാഷ്ട്രീയ പ്രവര്‍ത്തകരും രാഷ്ട്രീയനേതൃത്വവും ആളുകളുടെ മുന്‍പില്‍ പരിഹാസ്യരാകരുത് എന്നാണ് എന്‍റെ വിനയപൂര്‍വമുള്ള അഭ്യര്‍ഥന. ഒന്നുമനസുവച്ച് ആലോചിച്ച് നോക്കൂ, ആളുകള്‍ ചിരിക്കില്ലേ? അങ്ങനെ ഒരു മോശം അഭിപ്രായം ഉണ്ടാകുന്നത് രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് മൊത്തം ദോഷമാണ്.

ആശാപ്രവര്‍ത്തകരുടെ പ്രശ്നമുണ്ട്, കെ.എസ്.ആര്‍ടിസി ഉണ്ട്, പെന്‍ഷന്‍ ഉണ്ട്, ഇതിലൊക്കെ ഖജനാവിന്‍റെ സ്ഥിതി പരിശോധിച്ചായിരിക്കുമോ മുന്നോട്ടുപോവുക?

തീരുമാനങ്ങള്‍ അതിന്റേതായ ഓര്‍ഡറില്‍, മുന്‍ഗണനാക്രമത്തില്‍ ഉണ്ടാകും. അതിന്‍റെ ഇക്കണോമിക് ഇംപാക്ട് ഞങ്ങള്‍ നേരത്തേ ഗവണ്‍മെന്‍റിന് പുറത്തുനിന്നുകൊണ്ടുതന്നെ സ്റ്റഡി ചെയ്തിട്ടുണ്ട്. ഇനി ഗവണ്‍മെന്‍റിന്‍റെ ഭാഗമായി നിന്നുകൊണ്ട് ഒന്നുകൂടി ക്ലോസ് ആയി അത് വാച്ച് ചെയ്ത് കറസ്പോണ്ടിങ് ആയിട്ടുള്ള തീരുമാനങ്ങള്‍ ഉണ്ടാകും.

ഇനി ഒരു പൈലറ്റും ഒരു എസ്കോര്‍ട്ടും മാത്രം മതി എന്ന് തീരുമാനിച്ചിട്ടുണ്ടല്ലോ. അതുതന്ന വേണ്ടെന്ന് പറഞ്ഞെന്നാണ് അറിയാന്‍ കഴിഞ്ഞത്. കറുത്ത കാറുംകൂടി ഉപേക്ഷിക്കുമോ?

ഞാന്‍ അങ്ങനെ വലിയ ആര്‍ഭാടത്തില്‍ പോകേണ്ട ഒരാളല്ല. ഞാന്‍ കരുതുന്നത്, മുപ്പതും നാല്‍പതും വണ്ടികളടങ്ങിയ കോണ്‍വോയിയുമായി ഞാന്‍ യാത്ര ചെയ്താല്‍ വഴിയില്‍ നില്‍ക്കുന്ന ആളുകള്‍ എന്നെ നോക്കി ചിരിക്കും. ഉള്ളിലെങ്കിലും ചിരിക്കും. പരിഹസിക്കും. ഇതാരാണ്, അല്‍പന് ഐശ്വര്യം വന്നപ്പോള്‍ അര്‍ധരാത്രിക്ക് കുടപിടിക്കുന്നവനാണോ എന്ന് തോന്നും. അതുകൊണ്ട് നാണക്കേട് ഒഴിവാകാന്‍ വേണ്ടിയിട്ടാണ്. മാത്രമല്ല, ഇതൊക്കെ ഒരു മെസേജാണ്.

vd-satheesan-visits-pinarayi-vijayan

നമ്മള്‍ക്ക് അധികാരത്തിന്‍റെ പത്രാസ് എത്ര കൂടുന്നോ അത്രയും നമ്മള്‍ ജനങ്ങളില്‍ നിന്ന് അകലും. അപ്പോ എത്രത്തോളം പത്രാസ് കുറയ്ക്കുന്നോ അത്രത്തോളം ജനങ്ങളുമായി കൂടുതല്‍ അടുക്കും. കൂടുതല്‍ ആളുകളുടെ കയ്യില്‍ നിന്ന് വിവരങ്ങള്‍ കിട്ടും. ഞാന്‍ ജനങ്ങള്‍ക്ക് കൊടുക്കുന്ന വാക്ക് അധികാരത്തിന്‍റെ പത്രാസില്‍ മയങ്ങില്ല എന്നാണ്. അതില്‍ മയങ്ങിപ്പോയാല്‍ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് ഞാന്‍ മനപൂര്‍വം നിര്‍ബന്ധിച്ച് പറഞ്ഞ് അതെല്ലാം ഒഴിവാക്കാന്‍ നോക്കുകയാണ്. പൊലീസ് നേരിടുന്നത് വലിയ പ്രശ്നമാണ്. കാരണം മുഖ്യമന്ത്രിക്ക് സെഡ് പ്ലസ് കാറ്റഗറിയാണ്. വലിയ സെക്യൂരിറ്റി സംവിധാനം ആവശ്യമുള്ളതാണ്. പക്ഷേ ഞാന്‍ അത് അനുവദിക്കില്ല.

കാറിന്‍റെ കാര്യമോ? 

ഏയ്, ഞാന്‍ പുതിയ കാറൊന്നും മേടിക്കില്ല. ഖജനാവില്‍ പൂച്ചപെറ്റ് കിടക്കുകയാണെന്നുപറഞ്ഞ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയാകുമ്പോള്‍ പുതിയ കാറുമേടിച്ചാല്‍ അത് കൊടുക്കുന്ന ഒരു മെസേജ് ഉണ്ട്. ഒരു കാറ് മേടിച്ചാല്‍ ഖജനാവിന് ഒന്നും സംഭവിക്കില്ല. പക്ഷേ താഴേത്തട്ടിലുള്ള നമ്മുടെ ഭരണസംവിധാനത്തിന് അത് കൊടുക്കുന്ന ഒരു മെസേജുണ്ട്. ഒരു റോങ് മെസേജ്. ഞാന്‍ ഉള്ളതുവച്ച് അങ്ങ് പോകും. ഏതുവണ്ടിയാണ് അവെയിലബിള്‍ എന്നുവച്ചാല്‍ ആ വണ്ടിയില്‍ പോകും. പുതിയ വണ്ടിയൊന്നും മേടിക്കില്ല. തല്‍ക്കാലം കേരളത്തിലെ ഖജനാവിന്‍റെ ഈ അവസ്ഥ മാറ്റിയെടുത്തിട്ടേ ഉണ്ടാവുള്ളു അത്തരം കാര്യങ്ങളെല്ലാം. അല്ലാതെ ഒന്നും ചെയ്യില്ല. ഉള്ള സംവിധാനം വച്ചങ്ങ് പോകും. അതുമതിയെന്നേ. 

വര്‍ഗീയശക്തികള്‍ വലിയ രീതിയില്‍ ഈയൊരു വിജയത്തിനെതിരെ പറയുന്നുണ്ട്. വര്‍ഗീയശക്തികളുടെ തിണ്ണ നിരങ്ങില്ലെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് താങ്കള്‍ പലവട്ടം പ്രതികരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ കാണുമ്പോള്‍ എന്താണ് തോന്നുന്നത്? 

ആ പ്രതികരണങ്ങള്‍ ആണല്ലോ നമ്മുടെ എതിരാളികള്‍ – എല്‍ഡിഎഫ് ആയാലും ബിജെപി ആയാലും – എനിക്കെതിരെയും യുഡിഎഫിനെതിരെയും കോണ്‍ഗ്രസിനെതിരെയും ആരോപണങ്ങളായി ഉയര്‍ത്തിയത്. അതെല്ലാം കാറ്റില്‍പ്പറത്തിയല്ലേ കേരളം ഈ രാജ്യത്തോട് മുഴുവന്‍ പ്രഖ്യാപിച്ചത്, ഞങ്ങളുടെ കേരളം മതേതര കേരളമാണ് എന്ന്. അങ്ങനെയുള്ള മലയാളിയുടെ സുദൃഢമായ പ്രഖ്യാപനമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. അതില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ സമ്മതിക്കില്ല. ഒരു വിദ്വേഷപ്രസംഗവും അനുവദിക്കില്ല.

നമ്മള്‍ മാത്രമല്ല, നമ്മുടെ മക്കളും അവരുടെ മക്കളുമൊക്കെ സൗഹാര്‍ദമായി ജീവിക്കുന്ന ഒരു കേരളം നമ്മള്‍ നിലനിര്‍ത്തും. ആര് എതിരെ വന്നാലും... ഇലക്ഷന്‍ കാലത്ത് എതിര്‍ത്തു, പിന്നെയാണ് ഇപ്പോള്‍. വോട്ടുകിട്ടാന്‍ വേണ്ടിയല്ലേ, ഇതിലൊക്കെ കോംപ്രമൈസ് ചെയ്യുന്നത്. ആ സമയത്ത് കോംപ്രമൈസ് ചെയ്തിട്ടില്ലല്ലോ. ഇലക്ഷന്‍ കാലത്ത് അതിന്‍റെ പീക്കില്‍ നിന്ന് എല്ലാവരും സര്‍വേ നടത്തിയിട്ട് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ് എന്നുപറഞ്ഞില്ലേ. ആ സമയത്ത് കോംപ്രമൈസ് ചെയ്തോ? അപ്പോഴും കോംപ്രമൈസ് ചെയ്തില്ല. കാരണം, ഞങ്ങളുടെ ഉള്ളിലുണ്ടായിരുന്നു, ഇത് മതേതര കേരളമാണെന്ന്. അങ്ങനെയൊരു നിലപാട് നമ്മള്‍ എടുത്തുകഴിഞ്ഞപ്പോള്‍ കിട്ടിയ ഒരു അക്സപ്റ്റന്‍സ് ഉണ്ട്. ചെറുപ്പക്കാരുടെ പ്രതീക്ഷയുണ്ട്. കുഞ്ഞുങ്ങള്‍ ജീവിക്കാന്‍ പോകുന്ന ഭാവിയെക്കുറിച്ചുള്ള മാതാപിതാക്കളുടെ സ്വപ്നമുണ്ട്. ഞങ്ങള്‍ക്ക് ജനമനസറിയാം. അത് ഞങ്ങള്‍ പ്രൂവ് ചെയ്തില്ലേ. താങ്ക് യൂ.

No Pomp, No Power: V.D. Satheesan Vows People-Centric Governance for a New Kerala:

Designated Chief Minister V.D. Satheesan, following a significant UDF victory, emphasizes a governance style free from the "pomp and power" that distances leaders from the public. In an interview with Manorama News, he pledged to reject excessive police escorts and luxury cars, citing the state’s precarious financial health as a reason for austerity. He highlighted a transition toward a "New Era Kerala" focused on economic recovery and team-based leadership involving experts and allies. Satheesan also reaffirmed his zero-tolerance policy toward communalism, asserting that the mandate was a clear call for a secular Kerala.