മന്ത്രിമാരെ നാളെ പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. സത്യപ്രതിജ്ഞയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. നാളെ വീണ്ടും യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടക്കും. മുന്നണിയിലെ മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും യുഡിഎഫ് യോഗശേഷം യു.ഡി.എഫ് കണ്‍വീനര്‍ വിശദീകരിച്ചു. മന്ത്രിമാരുടെ കാര്യത്തില്‍ നാളത്തെ ചര്‍ച്ചയില്‍ തീരുമാനമെന്ന് പി.കെ.കുഞ്ഞാലികുട്ടി പ്രതികരിച്ചു. അതേസമയം, മന്ത്രി സ്ഥാനം ഉറപ്പെന്ന് സി.പി.ജോണ്‍ പറഞ്ഞു. 

 

Also Read: 'ഓരോ വർഷവും 10000 കോടി ഖജനാവിൽ അധികമായെത്തും, അതിന്റെ ഗുണം കിട്ടുക യുഡിഎഫ് സർക്കാരിന്'

 

മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളും വ്യവസായം വിദ്യാഭ്യാസം ഉൾപ്പെടെ മുൻകാലത്തെ വകുപ്പുകളും ലഭിക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ആർഎസ്പിയും വകുപ്പുമാറ്റം ആഗ്രഹിക്കുമ്പോൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹാരം കാണാൻ യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. നാളെ രാവിലെ 11 മുതൽ ഓരോ കക്ഷിയും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുമായി വെവ്വേറെ ചർച്ച നടത്തും.

 

തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം യുഡിഎഫ് നേതൃയോഗം ചേരുന്നത് ആദ്യമായിട്ടാണ്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗികവസതിയായ കന്റോൺമെൻറ് ഹൗസിൽ ചേർന്ന അവസാനത്തെ യോഗത്തില്‍ നേതാക്കൾ പരസ്പരം അഭിനന്ദിച്ചു പിരിഞ്ഞു. കഴിഞ്ഞതവണത്തെ പോലെ മുസ്ലിംലീഗിന് 5 മന്ത്രിമാരുണ്ടാകും. മുൻകാലത്ത് കൈകാര്യം ചെയ്ത വ്യവസായം, വിദ്യാഭ്യാസം, തദ്ദേശം, ന്യൂനപക്ഷം, പൊതുമരാമത്ത് വകുപ്പുകളിൽ മാറ്റവും ഉണ്ടാകില്ലെന്നാണ് വിവരം. അതേസമയം 7 എംഎൽഎമാർ ഉള്ള കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഒരു മന്ത്രിസ്ഥാനവും ക്യാബിനറ്റ് റാങ്കോടെ ചീഫ് പ്രസ്ഥാനവും നൽകി തൃപ്തിപ്പെടുത്താനാണ് കോൺഗ്രസിന്റെ ശ്രമം. 

 

ഉമ്മൻചാണ്ടി സർക്കാർ കാലത്ത് കൈകാര്യം ചെയ്ത തൊഴിൽ വകുപ്പ് വേണ്ടെന്ന നിലപാടിലാണ് ആർഎസ്പി. ഫിഷറീസ് ടൂറിസം വകുപ്പുകളിൽ ആണ് ഷിബു ബേബി ജോണിന്റെ നോട്ടം. ചെറിയ കക്ഷികളെ രണ്ടരവർഷം വീതം നൽകി ഒപ്പം നിൽക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും മുഴുവൻ ടെം നൽകേണ്ടി വന്നേക്കാം.. ഘടകകക്ഷികൾക്കുള്ള മന്ത്രിസ്ഥാനങ്ങളും വകുപ്പുകളും തീരുമാനിച്ചാലുടൻ കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലേക്ക് നേതൃത്വം കടക്കും.

 

വി.ഡി. സതീശന്റെ നേതൃത്വത്തിൽ അധികാരം ഏൽക്കാനിരിക്കുന്ന യുഡിഎഫ് മന്ത്രിസഭയിൽ ഫ്രഷ്‌നെസ് കൊണ്ടുവരാനാണ് നേതൃത്വത്തിന്റെ ശ്രമം. കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകും. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ അനുരഞ്ജന ഫോർമുലയുടെ ഭാഗമായി രമേശ് ചെന്നിത്തലയ്ക്കു ധനകാര്യം ലഭിക്കും. മന്ത്രിസഭയെ കുറിച്ചുള്ള ചോദ്യത്തിന് നല്ല ടീം വരുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു

 

മന്ത്രിസഭയ്ക്ക് ചെറുപ്പവും ഊർജ്ജസ്വലതയും കൊണ്ടുവരാനുള്ള ചർച്ചകളാണ് സജീവമായി നടക്കുന്നത്. മുഖ്യമന്ത്രിയെ കൂടാതെ കോൺഗ്രസിന് 10 മന്ത്രിസ്ഥാനങ്ങൾ ലഭിക്കും. കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞ് സണ്ണി ജോസഫും കെ മുരളീധരനും മന്ത്രിസ്ഥാനങ്ങൾ ഉറപ്പായിട്ടുണ്ട്. മുൻപ് യുഡിഎഫ് സർക്കാർകാലത്ത് മുഴുവൻ ടേം മന്ത്രിയായിരുന്നവരെ ഒഴിവാക്കാൻ തീരുമാനിച്ചാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ ആകും.എപി അനിൽകുമാറിനും ഇതേ തടസ്സമുണ്ടെങ്കിലും കെസിപക്ഷം ശക്തമായി പ്രതിരോധിക്കും. അതേസമയം, മന്ത്രിസഭയിൽ ഫ്രഷ്നസ് ഉണ്ടാകുമോ എന്ന ചോദ്യത്തെ സതീശൻ പൂർണമായി തള്ളിക്കളയാത്തത് ചില മാനദണ്ഡങ്ങളിലേക്കുള്ള സൂചനയാണ്.

 

പി സി വിഷ്ണുനാഥ് മന്ത്രിയാകുമെന്ന് ഏതാണ്ട് സൂചന ലഭിക്കുമ്പോൾ, ഈഴവ വിഭാഗത്തിന്റെ പ്രാതിനിത്യം ഉയർത്തണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. ആ നിലയ്ക്ക് എം ലിജു, ബിന്ദു കൃഷ്ണ, കെ ജയന്ത എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. വനിതാ പ്രാതിനിധ്യം  ഉയർത്തിയാൽ ഷാനിമോൾ ഉസ്മാൻ കെ.എ തുളസി എന്നിവർക്ക് നറുക്ക് വീഴും. പുതുമുഖങ്ങൾ ആയി ചാണ്ടി ഉമ്മൻ, ടി. സിദ്ദീഖ് , റോജി എം ജോൺ, വി.ടി ബൽറാം, വി.പി. സജീന്ദ്രൻ , ഐ.സി ബാലകൃഷ്ണൻ തുടങ്ങിയ പേരുകളും ശക്തമായി കേൾക്കുന്നുണ്ട്.

 

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ 11 ദിവസം എടുത്തെന്ന ചീത്തപ്പേര് മന്ത്രിമാരുടെ കാര്യത്തിൽ ഉണ്ടാകാതിരിക്കാൻ നയതന്ത്രപരമായായിരിക്കും നേതൃത്വത്തിന്റെ നീക്കങ്ങള്‍

ENGLISH SUMMARY:

Kerala cabinet formation is underway with UDF leaders discussing ministerial berths and portfolios. The new Kerala ministry is expected to be announced soon, with significant discussions happening regarding coalition partners and new faces.