will-rewrite-political-definitions-vd-satheesan

മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് വി.ഡി.സതീശന്‍. വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നും  ഇതിന് പ്രാപ്തരാക്കിയത് ലക്ഷക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരും ടീം യുഡിഎഫുമാണെന്നും അവരോട് തനിക്ക് കടപ്പാടുണ്ടെന്നും വി.ഡി.സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പത്തുവര്‍ഷം നീണ്ട ഒരു ഭരണം അവസാനിപ്പിച്ച് 102 സീറ്റോടെയാണ് ജനങ്ങള്‍ അധികാരത്തിലേറ്റിയത്. അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി കഠിനാധ്വാനം ചെയ്ത് പൂര്‍ണമായ അര്‍പ്പണബോധത്തോടെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിയെടുക്കാന്‍ പ്രയത്നിക്കും. കേരളത്തെ മാറ്റിയെടുക്കാന്‍,പുതിയ കേരളത്തെ സൃഷ്ടിക്കാന്‍, ഒരു പുതുയുഗത്തിന് തുടക്കമിടാന്‍ കഠിനാധ്വാനം ചെയ്യും. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ നിര്‍വചനം മാറ്റിയെഴുതുമെന്നും സതീശന്‍ വ്യക്തമാക്കി. 

കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും തന്‍റെ നേതാക്കന്‍മാരാണെന്നും ടീം യുഡിഎഫ് എന്ന നിലയിലാണ് എല്ലാവരും പ്രവര്‍ത്തിച്ചതെന്നും അവര്‍ ഉപദേശവും അനുഗ്രഹങ്ങളും തന്നിട്ടുണ്ടെന്നും തെറ്റുകള്‍ തിരുത്തിയിട്ടുണ്ടെന്നും അതുപോലെ ഇനിയും മുന്നോട്ട് പോകുമെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു. 'സത്യപ്രതിജ്ഞ തീയതി പാര്‍ട്ടിയുമായും നേതാക്കളുമായും ആലോചിച്ച് ഗവര്‍ണറുമായി ആലോചിച്ച് നടപടിക്രമങ്ങള്‍ കൂട്ടായി തീരുമാനിക്കും.  ഞാനല്ല മന്ത്രിയെ തീരുമാനിക്കുന്നത്. പാര്‍ട്ടിയാണ്, പാര്‍ട്ടി നിര്‍ദേശിക്കും എന്നോടും മറ്റുനേതാക്കളോടും അഭിപ്രായം ചോദിക്കു'മെന്നും വി.ഡി. വിശദീകരിച്ചു.കേരളത്തിന്‍റെ മുന്നോട്ട് പോക്കിന്  പ്രതിപക്ഷത്തിന്‍റെയും പിന്തുണ വേണമെന്നും സതീശന്‍ പറഞ്ഞു.

ENGLISH SUMMARY:

Following his election as the Chief Minister of Kerala, VD Satheesan expressed his heartfelt gratitude to the public and the millions of UDF workers who led the front to a historic victory with 102 seats. He emphasized that the mandate is a great responsibility and pledged to fulfill every promise made during the elections with total dedication. Satheesan stated his vision is to usher in a new era for Kerala and redefine the existing norms of political activity. He acknowledged the mentorship of senior leaders KC Venugopal and Ramesh Chennithala, stressing that the administration would function as a collective "Team UDF." Regarding the cabinet and swearing-in ceremony, he mentioned that the party would finalize the names and the date in consultation with the Governor.