മുഖ്യമന്ത്രിപദം ദൈവീകമായ നിയോഗമെന്ന് നിയുക്തമുഖ്യമന്ത്രി വി.ഡി.സതീശന്‍. വ്യക്തിപരമായ നേട്ടമായിട്ടല്ല ഇതിനെ കാണുന്നത്. വളരെ വലിയ ഉത്തരവാദിത്തമാണ്. ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കേരളത്തെ രക്ഷിച്ചെടുക്കാന്‍ എല്ലാവരും ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ സാധിക്കൂ. അത്തരമൊരു ടീമിന് രൂപം നല്‍കാനുള്ള ഉത്തരവാദിത്തംകൂടി താന്‍ ഏറ്റെടുക്കുന്നുവെന്നും എഐസിസി പ്രഖ്യാപനത്തിനുശേഷം നടത്തിയ ആദ്യവാര്‍ത്താസമ്മേളനത്തില്‍ വി.ഡി പറഞ്ഞു.

‘കേരളം ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്നുപോകുകയാണ്. ഞങ്ങള്‍ തന്നെ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ച ഒരു ചിത്രമുണ്ട്. ആ വെല്ലുവിളികളെ നേരിടാന്‍ കേരളം ഒരുമിച്ച് നില്‍ക്കണം. പ്രതിപക്ഷമടക്കം കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും പൂര്‍ണമായ പിന്തുണ ഞാന്‍ അഭ്യര്‍ഥിക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെയും പൊതുപ്രവര്‍ത്തനത്തിന്‍റെയും നിര്‍വചനം തന്നെ ഞങ്ങള്‍ മാറ്റിയെഴുതും. ജനങ്ങള്‍ക്കുവേണ്ടി നടത്തുന്ന കഠിനാധ്വാനവും അവര്‍ക്കുവേണ്ടി അര്‍പ്പണബോധത്തോടെ ചെയ്യുന്ന പ്രവര്‍ത്തിയുമാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെയും പൊതുപ്രവര്‍ത്തനത്തിന്‍റെയും നിര്‍വചനം എന്ന് തെളിയിക്കും.’ – സതീശന്‍ പറഞ്ഞു.

ഇത്രവലിയ ഉത്തരവാദിത്തം തന്നെ ഏല്‍പ്പിച്ചതില്‍ എഐസിസിയോടും കോണ്‍ഗ്രസ് അധ്യക്ഷനോടും രാഹുല്‍ ഗാന്ധിയോടും നന്ദിയും കടപ്പാടുമുണ്ടെന്ന് സതീശന്‍ പറഞ്ഞു. ‘കേരളത്തിലെ ജനങ്ങള്‍ ഞങ്ങളെ വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പത്തുവര്‍ഷം നീണ്ട ഇടതുഭരണം അവസാനിപ്പിച്ച് 102 സീറ്റോടുകൂടിയാണ് ജനങ്ങള്‍ യുഡിഎഫിനെ അധികാരത്തിലേറ്റിയത്. ആ ജനങ്ങളോട് ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തുതീര്‍ക്കും. കഠിനാധ്വാനം ചെയ്ത്, പൂര്‍ണമായ അര്‍പ്പണബോധത്തോടെ, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍, കേരളത്തെ മാറ്റിയെടുക്കാന്‍, ഒരു പുതിയ  കേരളം സൃഷ്ടിക്കാന്‍, ഒരു പുതുയുഗത്തിന് തുടക്കമിടാന്‍ ഞങ്ങളെല്ലാവരും ചേര്‍ന്ന് കഠിനാധ്വാനം ചെയ്യും.’ വി ഡി പറഞ്ഞു.

സത്യപ്രതിജ്ഞാതീയതി പാര്‍ട്ടിയുമായും ഘടകകക്ഷികളുമായും ആലോചിച്ച്, ഗവര്‍ണറെ കണ്ടശേഷം തീരുമാനിക്കും. നിയമസഭാകക്ഷിയോഗം ചേരുന്നുണ്ട്. അതെല്ലാം ഉള്‍പ്പെട്ട നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കും തുടര്‍നീക്കങ്ങള്‍. ഇതൊന്നും ഒറ്റയ്ക്കല്ല, കൂട്ടായാണ് തീരുമാനിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. മന്ത്രിസഭയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ‘പാര്‍ട്ടിയാണ് മന്ത്രിമാരെ തീരുമാനിക്കുന്നത്’ എന്നായിരുന്നു മറുപടി. ‘പാര്‍ട്ടിയാണ് നിര്‍ദേശിക്കുന്നത്. എന്നോട് അഭിപ്രായം ചോദിക്കും. മറ്റ് നേതാക്കളോടും അഭിപ്രായം ചോദിക്കും. എന്നിട്ട് പാര്‍ട്ടിയാണ് അന്തിമതീരുമാനം എടുക്കുക.’

ചെന്നിത്തല എന്‍റെ നേതാവ്; വിജയത്തില്‍ വലിയ പങ്ക് കെസിക്ക്

മുഖ്യമന്ത്രി പദവിക്കായുള്ള പോരാട്ടത്തില്‍ എതിര്‍പക്ഷത്തായിരുന്നെങ്കിലും കെ.സി.വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പൂര്‍ണമായും വിശ്വാസത്തിലെടുത്തുതന്നെ മുന്നോട്ടുപോകുമെന്ന് വി.ഡി.സതീശന്‍ വ്യക്തമാക്കി. ‘തിരഞ്ഞെടുപ്പുവിജയത്തിന് ഞങ്ങളെ ഏറ്റവുംകൂടുതല്‍ സഹായിച്ചത് എഐസിസിയാണ്. ആ എഐസിസിയുടെ പ്രവര്‍ത്തനങ്ങളെല്ലാം കേരളത്തില്‍ ഏകോപിപ്പിച്ചത് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ്. ദൈനംദിന കാര്യങ്ങളിലടക്കം എല്ലാറ്റിനും അദ്ദേഹത്തിന്‍റെ പിന്തുണ കിട്ടി. പ്രചാരണകമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തലയ്ക്കും വിജയത്തില്‍ പങ്കുണ്ട്. എന്‍റെ നേതാവ് കൂടിയാണ് അദ്ദേഹം. കെ.സിയും അങ്ങനെ തന്നെ.’ – സതീശന്‍ പറഞ്ഞു.

പ്രഖ്യാപനം വൈകിയത് നാണക്കേടായില്ലേ? 

‘ഒരു നാണക്കേടുമില്ല. ഇതിനൊക്കെ കൃത്യമായ നടപടിക്രമങ്ങള്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ വിവിധ പാര്‍ട്ടികള്‍ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാന്‍ എത്രയോ സമയം എടുത്തിട്ടുണ്ട്. ചരിത്രം അറിയാതെ അങ്ങനെ കുറ്റപ്പെടുത്തരുത്. നേതൃത്വത്തിനുമുന്നില്‍ ഒരുപാട് കാര്യങ്ങള്‍ വരുമ്പോള്‍ അവര്‍ അതിന്‍റെ എല്ലാ വശവും പരിശോധിച്ചാണ് നിലപാടെടുക്കുന്നത്. ഒരുകാലത്തും നടക്കാത്ത തരത്തില്‍ എംഎല്‍എമാരുമായും എംപിമാരുമായും സീനിയര്‍ നേതാക്കളുമായുമെല്ലാം ആശയവിനിമയം നടത്തിയാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. കോണ്‍ഗ്രസ് സാധാരണ പാര്‍ട്ടിയല്ല. ‘ഗാലക്സി ഓഫ് ലീഡേഴ്സ്’ ഉള്ള പാര്‍ട്ടിയാണ്. ഒരുപാട് കഴിവുള്ള, മികച്ച നേതാക്കള്‍ തിരഞ്ഞെടുപ്പ് ജയിച്ചുവന്നവരിലുമുണ്ട്. അതില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു ജോലിയാണ്. അത് നേതൃത്വം ഭംഗിയായി നിര്‍വഹിച്ചു.’ – വി ഡി പറഞ്ഞു.

പോരാട്ടത്തില്‍ വിഎസിന് സമാനമായ പൊതുപിന്തുണ

‘തീര്‍ച്ചയായും ജനങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. അവര്‍ യുഡിഎഫിനെ വലിയ പ്രതീക്ഷയോടെ കാണുകയാണ്. ജനങ്ങള്‍ യുഡിഎഫിന് വന്‍ വിജയം നല്‍കി. അത് അവര്‍ക്ക് വലിയ പ്രതീക്ഷയുള്ളതുകൊണ്ടാണ്. ഞങ്ങള്‍ ടീം യുഡിഎഫ് ആയിട്ടാണ് നിന്നത്. ഒരു പാര്‍ട്ടി പോലെയാണ് പ്രവര്‍ത്തിച്ചത്. സാദിഖ് അലി തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, ഏറ്റവും സീനിയറായ പി.ജെ.ജോസഫ്, എന്‍.കെ.പ്രേമചന്ദ്രനും ഷിബു ബേബി ജോണും നയിക്കുന്ന ആര്‍എസ്പി, സിപി ജോണ്‍, രാജന്‍ ബാബു, മാണി സി കാപ്പന്‍, അനൂപ് ജേക്കബ് ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളും ഒറ്റ പാര്‍ട്ടി പോലെയാണ് നിലകൊണ്ടത്. അവര്‍ എനിക്ക് ഉപദേശങ്ങള്‍ തന്നിട്ടുണ്ട്, അനുഗ്രഹങ്ങള്‍ തന്നിട്ടുണ്ട്. തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്, കറക്ട് ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ഞങ്ങള്‍ പോകും. ഇനിയും പോകും.’ – നിയുക്തമുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY:

Following his election as the Chief Minister of Kerala, VD Satheesan expressed his heartfelt gratitude to the public and the millions of UDF workers who led the front to a historic victory with 102 seats. He emphasized that the mandate is a great responsibility and pledged to fulfill every promise made during the elections with total dedication. Satheesan stated his vision is to usher in a new era for Kerala and redefine the existing norms of political activity. He acknowledged the mentorship of senior leaders KC Venugopal and Ramesh Chennithala, stressing that the administration would function as a collective "Team UDF." Regarding the cabinet and swearing-in ceremony, he mentioned that the party would finalize the names and the date in consultation with the Governor.