എൽഡിഎഫ് പിന്തുണയോടെ കോട്ടയം പാലാ നഗരസഭയുടെ ഭരണം കോൺഗ്രസ് വിമതർ നേതൃത്വം നൽകുന്ന നഗരവികസന മുന്നണിക്ക്. സ്വതന്ത്ര അംഗം മായാ രാഹുൽ നഗരസഭാധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. പാലാ നഗരസഭയുടെ ഇരുപത്തിമൂന്നാമത്തെ നഗരസഭാധ്യക്ഷയാണ് മായ. 26 അംഗ കൗൺസിലിൽ മായ രാഹുലിന് മൂന്ന് കോൺഗ്രസ് വിമതരുടെയും പന്ത്രണ്ട് എൽഡിഎഫ് അംഗങ്ങളുടെയും വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ റിയ ചീരാംകുഴിക്ക് പത്ത് വോട്ടാണ് ലഭിച്ചത്.
കോൺഗ്രസ് കൗൺസിലർമാർ കുറുമാറിയതിനെ തുടർന്നായിരുന്നു യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടത്. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാധ്യക്ഷ ആയിരുന്ന ദിയ ബിനുവിനെതിരെ കഴിഞ്ഞ ജൂലൈ 21 ന് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ നാലു കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടത്. കൂറുമാറിയവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.
1988 ന് ശേഷം ആദ്യമായി കെഎം മാണിയുടെ തട്ടകത്തിൽ കോൺഗ്രസ് എം ഇല്ലാത്ത നഗരസഭാ ഭരണം എന്ന ചരിത്രം രേഖപ്പെടുത്തി കൊണ്ടാണ് കഴിഞ്ഞ ഡിസംബറിൽ യുഡിഎഫ് ഭരണം പിടിച്ചത്. എട്ടു മാസം പിന്നിട്ടപ്പോൾ കോൺഗ്രസ് കൗൺസിലർമാർ നടത്തിയ വിമത നീക്കത്തിലൂടെ ഭരണം ഇപ്പോൾ കേരള കോൺഗ്രസ് എമ്മിന്റെ നിയന്ത്രണത്തിലായി. പാലായിൽ ഇനിയും രാഷ്ട്രീയ കളികൾ തുടരുമെന്നാണ് ഇത് നല്‍കുന്ന സൂചന.