അനിശ്ചിതത്വങ്ങള്‍ക്കും കൊടുമ്പിരി കൊണ്ട ചര്‍ച്ചകള്‍ക്കുമൊടുവില്‍ വി.ഡി.സതീശനെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.സുധാകരന്‍. ഹൈക്കമാന്‍ഡിന്‍റെ തീരുമാനം അംഗീകരിക്കുന്നു. ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതെങ്ങനെ എന്നതിന്‍റെ ഉത്തമ ഉദാഹരണമാണിതെന്നും ഹൈക്കമാന്‍ഡിന് വഴങ്ങാത്തവര്‍ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ യോഗ്യരല്ലെന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി.വേണുഗോപാലിനെയാണല്ലോ പിന്താങ്ങിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരം സംസാരങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും എല്ലാവരും കോണ്‍ഗ്രസിന് ഒരുപോലെയാണെന്നും വി.ഡിയും, കെ.സിയും കോണ്‍ഗ്രസിന്‍റെ രണ്ട് തൂണുകളാണെന്നും സുധാകരന്‍ പ്രതികരിച്ചു. രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുള്ളതായി തനിക്ക് അറിയില്ലെന്നും ചെന്നിത്തല മടങ്ങുമെന്ന് കരുതുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. ചെന്നിത്തലയുടെ രാഷ്ട്രീയ പാരമ്പര്യം കോണ്‍ഗ്രസ് ഏറെ പ്രയോജനപ്പെടുത്തിയിട്ടുള്ളതാണെന്നും വിട്ടുനില്‍ക്കുമെന്ന് വിചാരിക്കുന്നില്ല. 'ഞങ്ങളുമൊക്കെ ഇവിടെയില്ലേ? ഞങ്ങളാരെങ്കിലും ബഹളമാക്കിയോ?' എന്ന മറുചോദ്യവും സുധാകരന്‍ ഉയര്‍ത്തി. കോണ്‍ഗ്രസ് പാര്‍ട്ടി കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനുമൊപ്പം ശക്തനായ വക്താവായി താന്‍ നിലകൊള്ളുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചു.
അതേസമയം, തിങ്കളാഴ്ചയാകും യുഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണറെ നേരില്‍ കാണാന്‍ യുഡിഎഫ് നേതൃത്വം സമയം തേടിയിട്ടുണ്ട്. 102 സീറ്റുമായി തിളക്കമാര്‍ന്ന ജയം നേടിയ യുഡിഎഫിനെ ആരുനയിക്കുമെന്ന ചോദ്യത്തിന് എഐസസി മറുപടി നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികളും വേഗത്തിലായത്. കെ.സി.വേണുഗോപാലിനെ വീട്ടിലേക്ക് വിളിപ്പിച്ച് രണ്ടുമണിക്കൂറോളം ചര്‍ച്ച നടത്തിയ രാഹുല്‍ ഗാന്ധി, രമേശ് ചെന്നിത്തലയോടും വിവരം അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തൊട്ടുപിന്നാലെ മുസ്‍ലിം ലീഗ് നേതൃത്വത്തെ വിളിച്ചു. പിന്നാലെയായിരുന്നു എഐസിസി വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിച്ചത്. കെപിസിസി ആസ്ഥാനത്ത് എത്തിയ വി.ഡി.സതീശന് വന്‍ വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മധുരം നല്‍കി വി.ഡി.സതീശനെ സ്വീകരിച്ചു.
ജനങ്ങളോട് കടപ്പാടുള്ളവനാണെന്നും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പദവി വലിയ ഉത്തരവാദിത്തമാണെന്നും ടീം യുഡിഎഫിന്‍റെ കരുത്തിലാണ് ഇതുവരെ എത്തിയതെന്നും സതീശന്‍ വ്യക്തമാക്കി. കെ.സി.വേണുഗോപാല്‍ നല്‍കിയത് വലിയ പിന്തുണയാണെന്നും രമേശ് ചെന്നിത്തല തന്‍റെ നേതാവാണെന്നും സതീശന്‍ പറഞ്ഞു.