ആലപ്പുഴ രക്ഷാപ്രവര്‍ത്തന മര്‍ദനക്കേസ് ഫയല്‍ തിരുത്തിയതിന് എ.ഡി.ജി.പി: എം.ആര്‍ അജിത് കുമാറിന് സസ്പെന്‍ഷന്‍. നിരപരാധിയെന്ന വിശദീകരണം തള്ളിക്കൊണ്ടാണ് സര്‍ക്കാരിന്‍റെ നടപടി. ഇതോടെ ഏഴ് ദിവസം കഴിഞ്ഞാല്‍ ലഭിക്കേണ്ടിയിരുന്ന ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റവും നഷ്ടമായി. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന മൂന്ന് ഡിവൈ.എസ്.പിമാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ചു.

രണ്ടാം പിണറായി സര്‍ക്കാരിലെ ഏറ്റവും കരുത്തനായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സേനക്ക് പുറത്തായിരിക്കുന്നത്. അതും ഡി.ജി.പിയായി സ്ഥാനക്കയറ്റമെന്ന കരിയറിലെ ഏറ്റവും പ്രധാന നേട്ടത്തിന് വെറും 7 ദിവസം മാത്രം ശേഷിക്കേ. 

2023 ഡിസംബര്‍ 15നാണ് പിണറായി വിജയന്‍റെ നവകേരള യാത്രക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ചത്. ആ കേസ് വീണ്ടും അന്വേഷിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ അതില്‍ കുടുങ്ങാന്‍ പോകുന്നത് എ.ഡി.ജി.പിയാണെന്ന് ആരും കരുതിയിരുന്നില്ല. എസ്.ഐ.ടി അന്വേഷണത്തിനിടെയാണ് ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത് കുമാര്‍ പ്രതികളെ രക്ഷിക്കാനായി കേസ് ഫയല്‍ തിരുത്തിയെന്ന് കണ്ടെത്തുന്നത്. എസ്.ഐ.ടി റിപ്പോര്‍ട്ടിനൊപ്പം നിരപരാധിയെന്ന അജിത് കുമാറിന്‍റെ വിശദീകരണവും ചേര്‍ത്ത് ഇന്നലെ വൈകിട്ട് ഡി.ജി.പി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. 

കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്നു പറയുന്ന സമയത്ത് താൻ മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്ന് ഡിജിപിക്കു നൽകിയ വിശദീകരണത്തിൽ അജിത്കുമാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുസംബന്ധിച്ച യാത്രാരേഖകളും കൈമാറി. കേസ് ഡയറി തിരുത്താൻ ഓഫിസിലെ ഗ്രേഡ് എസ്ഐമാർക്കു നിർദേശം നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട് ഇന്ന് പരിശോധിച്ച ആഭ്യന്തരമന്ത്രി വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തി. കേസ് അന്വേഷണത്തില്‍ വഴിവിട്ട് ഇടപെട്ടെന്നതും കേസ് എഴുതിതള്ളാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കിയത് ഗുരുതര കുറ്റമെന്ന് കണ്ടാണ് സസ്പെന്‍ഷന് ശുപാര്‍ശ ചെയ്തത്. മുഖ്യമന്ത്രിയും ഇതേ നിലപാടെടുത്തതോടെ നിലവില്‍ ബെവ്കോ എം.ഡിയായ അജിത്കുമാറിന്‍റെ കസേര തെറിച്ചു. മര്‍ദനമേറ്റ എ.ഡി.തോമസ് എം.എല്‍.എ ഉള്‍പ്പടെയുള്ളവരുടെ പോരാട്ടത്തിന് ശുഭപര്യവസാനം.

ENGLISH SUMMARY: