സസ്പെൻഷനിലായ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന് തീരുമാനം. റോഡ് സുരക്ഷാ കമ്മീഷണറായ യോഗേഷ് ഗുപ്തയെ ചുമതലപ്പെടുത്തിയേക്കും . ഈ അന്വേഷണ റിപ്പോർട്ട് അനുസരിച്ചായിരിക്കും സസ്പെൻഷൻ പിൻവലിക്കുന്നതിൽ ഉൾപ്പെടെ തീരുമാനമെടുക്കുക.
അന്വേഷണം തീരും വരെ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകില്ല. ഇതോടെ 31ന് ഒഴിവുവരുന്ന ഡിജിപി സ്ഥാനത്തേക്ക് മറ്റാരെയും പരിഗണിക്കേണ്ടന്നും തീരുമാനം. നിതിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിലാണ് പുതിയൊരാൾക്ക് സ്ഥാനക്കയറ്റം ലഭിക്കാനിരുന്നത്. അജിത് കുമാർ കഴിഞ്ഞാൽ ജയിൽ മേധാവിയായ എസ് ശ്രീജിത്തിനാണ് സ്ഥാനക്കയറ്റം ലഭിക്കേണ്ടത്.
അജിത് കുമാർ നിയമ പോരാട്ടത്തിന് പോയാൽ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് തൽക്കാലം ശ്രീജിത്ത് ഉൾപ്പെടെ ആർക്കും ഇപ്പോൾ പ്രമോഷൻ നൽകേണ്ട എന്ന് ആലോചിക്കുന്നത്. നിയമപദേശത്തിനു ശേഷം ആയിരിക്കും അന്തിമ തീരുമാനം.
അതേസമയം, എംആര്‍അജിത് കുമാറിന്‍റെ സസ്പെന്‍ഷന്‍ ഉത്തരവ് പുറത്ത്. രക്ഷാപ്രവർത്തന മര്‍ദനക്കേസ് അട്ടിമറിയുമായി ബന്ധപ്പെട്ടാണ് നടപടി. ഗൺമാൻമാർക്കെതിരായ കേസ് എഴുതിത്തള്ളാൻ അജിത് കുമാർ നിരന്തരം ആവശ്യപ്പെട്ടതായും സുരക്ഷാ ഉദ്യോഗസ്ഥരെ കേസിൽ പ്രതിയാക്കുന്നതിനെ എതിർത്തതായും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. അജിത് കുമാർ നീതിനിർവഹണം അട്ടിമറിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.