ശബരിമല സ്വർണ്ണകൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനും ബോർഡ് അംഗം അജികുമാറിനും എതിരെ ഗുരുതര ആരോപണങ്ങളുമായി എസ്ഐടി. 2025ലെ സ്വർണ്ണം പൂശലിന്റെ മറവിലും സ്വർണ്ണകൊള്ള നടന്നു. ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങുപീഠങ്ങളിൽ നിന്നാണ് സ്വർണ്ണം അപഹരിച്ചെടുത്തതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്.
ഇത്തരത്തിൽ സ്വർണം വീണ്ടും തട്ടിയെടുക്കാനും 2019ലെ സ്വർണ്ണക്കൊള്ള മറയ്ക്കാനുമാണ് 2025ൽ വീണ്ടും സ്വർണ്ണപ്പാളികൾ സ്വർണം പൂശാൻ കൊണ്ടുപോയത്. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, മുരാരി ബാബു എന്നിവരുമായി പി.എസ്.പ്രശാന്തും അജികുമാറും നേരിട്ട് ഗൂഢാലോചന നടത്തിയാണ് വീണ്ടും സ്വർണം പൂശാൻ തീരുമാനിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
സ്വർണ്ണപ്പാളികൾ സന്നിധാനത്തുനിന്ന് കൊണ്ടുപോയത് വ്യാജ കരാർ ഉണ്ടാക്കിയാണ്. ഇതിനുള്ള എല്ലാ ഒത്താശയും ദേവസ്വം ബോർഡ് ചെയ്തെന്നുമാണ് എസ്ഐടിയുടെ ആരോപണം. പ്രശാന്തിനെയും അജികുമാറിനെയും റിമാന്‍ഡ് ചെയ്യാനായി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.