മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിലുള്ള കടുത്ത അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചെങ്കിലും നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് പിന്തുണ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല. വി.ഡി.സതീശനെ മുഖ്യമന്ത്രിക്കാന്‍ തീരുമാനിച്ചത് അറിയിക്കാന്‍ വിളിച്ച രാഹുല്‍ ഗാന്ധിയെ രമേശ് ചെന്നിത്തല അതൃപ്തി അറിയിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെ നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് വിട്ടു നിന്ന് ചെന്നിത്തല അമര്‍ഷം പരസ്യമാക്കി. അതേസമയം, സതീശനെ പിന്‍തുണയ്ക്കുന്നതായുള്ള കത്ത് കെപിസിസി അധ്യക്ഷന് രമേശ് ചെന്നിത്തല ഔദ്യോഗികമായി  കൈമാറി.  ചെന്നിത്തലക്ക്  അതൃപ്തിയെന്നത് തെറ്റാണെന്നും ഗുരുവായൂരില്‍ പോയതിനാലാണ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതെന്നും ജ്യോതികുമാര്‍ ചാമക്കാല പ്രതികരിച്ചു. 

മുഖ്യമന്ത്രി കസേരക്ക് വേണ്ടിയുള്ള ഓട്ടത്തില്‍ ജനവികാരം ഹൈക്കമാന്‍ഡ് പരിഗണിച്ചപ്പോള്‍ രമേശ് ചെന്നിത്തലയുടെ സീനിയോറി അപ്രസക്തമാവുകായിരുന്നു. വി.‍ഡി.സതീശന്‍ – കെ.സി.വേണുഗോപാല്‍ തര്‍ക്കത്തിനൊടുവില്‍ ഒരു സമവായെന്ന നിലയില്‍  മുഖ്യമന്ത്രിസ്ഥാനം ചെന്നിത്തലയിലേക്ക് എത്തുമെന്നായിരുന്നു ചെന്നിത്തല ക്യാംപിന്‍റെ പ്രതീക്ഷ. രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ വീട്ടിലേക്കെത്തിയെങ്കിലും ആരോടും മിണ്ടാതെ ഗ്രൂപ്പ് മാനേജര്‍മാരായ ജോതികുമാര്‍ ചാമക്കാലക്കും അന്‍വര്‍ സാദത്തിനൊപ്പം കൂടിയാലോചനിയിലായിരുന്നു ചെന്നിത്തല. അനുകൂല തീരുമാനം വരുമെന്ന പ്രതീക്ഷയില്‍ അണികളും നിലകൊണ്ടു.

പതിനൊന്നേകാലോടെ രാഹുല്‍ ഗാന്ധിയില്‍ നിന്നും യാഥാര്‍ഥ്യം അറിയിക്കാനുള്ള ആ നിര്‍ണായക ഫോണ്‍ കോള്‍ എത്തി. പത്തുദിവസത്തെ കൂടിയാലോചനകള്‍ക്കൊടുവില്‍ വി.ഡി.സതീശനാണ് മുഖ്യമന്ത്രിയെന്ന തീരുമാനം ചെന്നിത്തലയെ ബോധ്യപ്പെടുത്താന്‍ അരമണിക്കൂറാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. സീനിയോറിറ്റി പരിഗണിക്കാതെ തന്നെ ഒഴിവാക്കിയതിലുള്ള അതൃപ്തി ചെന്നിത്തല രാഹുലിനോട് പരസ്യമാക്കി. 2021 ല്‍  പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും ഒഴിവാക്കിയതിലും മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിലുള്ള അതൃപ്തി ചെന്നിത്തല മറച്ചുവെച്ചില്ല. പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ പിന്‍വാതിലിലൂടെ തിരുവനന്തപുരത്തെ വസതിയില്‍ നിന്നും പുറത്തേക്ക് പോയി. നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചെന്നിത്തല പാര്‍ട്ടിയെ അറിയിച്ചു. എന്നാല്‍ ചെന്നിത്തല പിണങ്ങി പോയി എന്ന വാര്‍ത്ത നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ ഔദ്യോഗക വസതിയിലെത്തിയ ജ്യോതികുമാര്‍ ചാമക്കാല നിഷേധിച്ചു.

നിയമസഭാ കക്ഷി യോഗത്തില്‍ നിന്നും വിട്ടുനിന്നുകൊണ്ട് ചെന്നിത്തല ഗുരുവായൂര്‍ക്കാണ് പോയതെന്നാണ് ജോതി കുമാര്‍ പറഞ്ഞത്. അതേസമയം നിയമസഭാ കക്ഷി നേതാവായി വി.ഡി.സതീശനെ പിന്‍തുണച്ചുകൊണ്ടുള്ള കത്ത് ചെന്നിത്തല കെപിസിസി അധ്യക്ഷന് കൈമാറി. അമര്‍ഷവും അതൃപ്തിയും പാര്‍ട്ടി നേതാക്കളെ അറിയിക്കുമ്പോഴും അതെല്ലാം മറന്ന് അച്ചടക്കമുള്ള പാ‍ര്‍ട്ടി പ്രവര്‍ത്തകനായി ചെന്നിത്തല വൈകാതെ പ്രതികരിച്ചേക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.   

ENGLISH SUMMARY:

Ramesh Chennithala expressed strong dissatisfaction with not being selected for the Chief Minister position, but still pledged support for the designated Chief Minister, VD Satheesan. Despite his discontent, Chennithala formally submitted a letter to the KPCC President supporting Satheesan's leadership.