ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ഹൈക്കമാൻഡ് ചർച്ചകൾക്കും ഒടുവില്‍ വിഡി സതീശനെ തേടി കേരളത്തിന്റെ ഭരണത്തലവൻ എന്ന പദവി എത്തിയിരിക്കുകയാണ്. എന്നാല്‍ 10 ദിവസങ്ങള്‍ പിന്നിട്ട  കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ, കെ.സി വേണുഗോപാലിനുവേണ്ടി രംഗത്തെത്തിയ നേതാക്കന്‍മാരും പിന്തുണച്ച എം.എല്‍.എമാരും സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത് കടുത്ത സൈബര്‍ അറ്റാക്കാണ്. അക്കൂട്ടത്തില്‍ ഏറ്റവും ആക്രമണം നേരിടുന്നത് ഷാഫി പറമ്പില്‍ എംപി തന്നെയാണ്. മുഖ്യമന്ത്രി പ്രഖ്യാപനം കഴിഞ്ഞിട്ടും, ഷാഫിക്കെതിരായ സൈബര്‍ അറ്റാക്ക് അവസാനിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. 

ക്രൗഡ് പുള്ളറില്‍ നിന്ന് ഗ്രൂപ്പ് വക്താവിലേക്ക്...

ഇന്നലെ വരെ തോളിലേറ്റി നടന്ന ലീഗ് ,ആര്‍.എം.പി. അണികളും ഷാഫിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തുണ്ട്. ജനഹിതം മനസിലാക്കാതെ പ്രവര്‍ത്തിച്ചാല്‍, ഗ്രൂപ്പ് വക്താവായി മാറിയാല്‍ ദു:ഖിക്കേണ്ടിവരുമെന്നാണു മുന്നറിയിപ്പ്. വിഡിയെ ഒറ്റിയാല്‍ ഷാഫിയാണേലും തോല്‍പ്പിക്കും, ഇപ്പോള്‍ വി.ഡിയെ ക്രൂശിക്കാന്‍ മുന്നിട്ടിറങ്ങിയാല്‍ താങ്കളെയും ജനം ശിക്ഷിക്കും എന്നിങ്ങനെയാണ് കമന്റുകള്‍. പാര്‍ട്ടി ചിഹ്നങ്ങളും നേതാക്കന്‍മരുടെ ചിത്രങ്ങളും ഡി.പിയാക്കിയ മുഖമുള്ള അക്കൗണ്ടുകളില്‍ നിന്നുതന്നെയാണ് ഭീഷണിയും സ്നേഹോപദേശങ്ങളുമെല്ലാം.

വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചാരണം

ഫെയ്സ് ബുക്ക്, ഇന്‍സ്റ്റാ പേജുകളിലെ സൈബറാക്രമണത്തിനു പുറമെ അല്‍പംനേരിട്ടുള്ള ആക്രമണത്തിലേക്കു കൂടി കടന്നിരിക്കുകയാണു കാര്യങ്ങള്‍ വടകരയില്‍.  നേരത്തെ വടകരയില്‍ ഷാഫി മത്സരിക്കാനെത്തുമ്പോള്‍ ഗ്രൗണ്ട് ഒരുക്കാന്‍ മുന്നില്‍ നിന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകരെല്ലാം ഈ സൈബര്‍ ആക്രണത്തിലും മുന്നിലുണ്ടെന്നതാണ് വസ്തുത. പാര്‍ട്ടി വ്യത്യാസം മറന്നുപോലും തോളിലേറ്റിയ  ലീഗ് അണികളെയും മാര്‍ച്ചിലെ പൊരിവെയിലത്തും അക്ഷീണം പണിയെടുത്ത പ്രവര്‍ത്തകരെയും കെ.സിക്കുവേണ്ടി ലോബിയിങിനിറങ്ങി ഷാഫി പറമ്പില്‍ പിന്നില്‍ നിന്നു കുത്തിയെന്നും അധിക്ഷേപങ്ങളില്‍ ചിലര്‍ എടുത്തുപറയുന്നു. 

ഷാഫി പതറുമോ സൈബറാക്രമണത്തില്‍

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ ഏറ്റവും ശക്തമായ സൈബര്‍ സേനയുള്ളത് ഷാഫി പറമ്പിലിനാണ്. ഷാഫി പാലക്കാട് എം.എല്‍.എയായതു മുതല്‍ ഓരോ പ്രവര്‍ത്തനങ്ങളും റീലുകളായും പോസ്റ്റുകളായും സൈബര്‍ ഇടങ്ങളില്‍ നിറഞ്ഞിരുന്നു. കൂടാതെ സിപിഎമ്മിനെതിരെയുള്ള ഷാഫിയുടെ കുറിക്കൊള്ളുന്ന പോസ്റ്റുകളും പ്രസംഗങ്ങളും കൃത്യസമയത്ത് റീലുകളാക്കി വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കാനും സുസംഘടിതമായ സംവിധാനമുണ്ട്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ മാങ്കൂത്തിലിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്തും ഷാഫിയുടെ സൈബര്‍ ടീമിന്റെ ശക്തി കോണ്‍ഗ്രസ് നേരിട്ടറിഞ്ഞതായിരുന്നു. ലൈംഗിക ചൂഷണ  ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞു രംഗത്തെത്തിയ സമയത്ത് വി.ഡി സതീശനെതിരെ സൈബറാക്രമണം ഉണ്ടായപ്പോഴും അതിനു പിന്നിലും ഷാഫി–രാഹുല്‍ മാങ്കൂട്ടത്തില്‍ ടീമാണന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത്രയും സംഘടിതമായ സൈബര്‍ ടീമുള്ള ഷാഫി പറമ്പിലാണ് ഇപ്പോള്‍ സൈബര്‍ ആക്രണത്തിന് ഇരയാകുന്നത് എന്നതാണ് കൗതുകരം. ഈ സൈബര്‍ ആക്രണത്തെ എങ്ങിനെ ഷാഫി കൈകാര്യം ചെയ്യുമെന്നതും പ്രധാനപെട്ടതാണ്. 

മലയോരത്ത ഉണര്‍വിനെ കെടുത്തുമോ?

20 വര്‍ഷത്തിനുശേഷമാണ് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിനു ജനപ്രതിനിധിയുണ്ടാവുന്നത്. എലത്തൂരും ബാലുശേരിയിലും പ്രചാരണത്തില്‍ പിന്നില്‍ നിന്നിട്ടും സ്ഥാനാര്‍ഥികള്‍ ജയിച്ചു കയറി. 69 വര്‍ഷത്തെ ഇടതു പാരമ്പര്യം വിട്ടെറിഞ്ഞു നാദാപുരത്ത് ഇത്തവണ ത്രിവര്‍ണ പതാക പാറി. മുഖ്യമന്ത്രി തര്‍ക്കം മുറുകിയതോടെ ഇവിടങ്ങളിലൊന്നും നിയുക്ത എം.എല്‍.എമാര്‍ക്ക് വിജയാഹ്ലാദ പ്രകടനമോ നന്ദിപറച്ചിലിനുള്ള പൊതുസമ്മേളനമോ നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇവിടങ്ങളിലെല്ലാം സ്റ്റാര്‍ കാമ്പയിനര്‍ ഷാഫി പറമ്പിലായിരുന്നു. ഷാഫിയുടെ യോഗങ്ങളില്‍ സ്ത്രീകളും കുട്ടികളും വലിയ തോതില്‍ എത്തിയതെല്ലാം വോട്ടായി മാറിയെന്നു പാര്‍ട്ടി വിലയിരുത്തുകയും ചെയ്യുന്നുണ്ട്. അപ്പോഴാണ് അണികള്‍ എതിര്‍ സൈബറാക്രമണവുമായി രംഗത്തെത്തുന്നത്. 

ENGLISH SUMMARY:

VD Satheesan has been appointed as the leader of the Kerala government after prolonged uncertainty and high command discussions. Despite the announcement of the Chief Minister, leaders who supported K.C. Venugopal and their supporting MLAs are facing severe cyberattacks on social media, with MP Shafi Parambil being the most targeted.