മുഖ്യമന്ത്രി വിഡി സതീശന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതുകൊണ്ടാണ് വാര്‍ത്താ കാര്‍ഡുകള്‍ മെറ്റ നീക്കം ചെയ്തതെന്ന് മുന്‍ മന്ത്രി തോമസ് ഐസക്. ആകെ ചെയ്യേണ്ടത് ബിജെപി ഉണ്ടാക്കിയ നിയമത്തെ ഉപയോഗിച്ചു നിങ്ങൾ മെറ്റയ്ക്ക് നൽകിയ നിർദ്ദേശം പിൻവലിക്കുക മാത്രമാണെന്നും പൊട്ടൻ കളിക്കരുതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. മെറ്റ നീക്കം ചെയ്ത കാർഡുകൾ അദ്ദേഹം കുറിപ്പിനൊപ്പം വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.
''നിങ്ങൾ ചെയ്തിരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്, പൗരാവകാശ ധ്വംസനമാണ്, അഭിപ്രായ സ്വാതന്ത്രത്തെ നിക്ഷേധിക്കലാണ്. വീണ്ടും പറയുന്നു ജൻസി സോഷ്യൽ മീഡിയക്ക് മുന്നിൽ മോദി തോറ്റു.. പിന്നെയാണോ നിങ്ങൾ? നിങ്ങൾ പറഞ്ഞിട്ട് മെറ്റ നീക്കം ചെയ്ത കാർഡുകൾ തന്നെ ഞാൻ വീണ്ടും പോസ്റ്റ് ചെയ്യുകയാണ്.'' – അദ്ദേഹം കുറിച്ചു.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
“ഞാൻ പറഞ്ഞാൽ മെറ്റ കേൾക്കുമോ? വാർത്തകൾ കണ്ടപ്പോൾ ഞാൻ ഒരു ഭയങ്കര സംഭവം തന്നെയെന്ന് എനിക്ക് തന്നെ തോന്നി. എൻ്റെ ഓഫീസ് പറഞ്ഞാൽ Meta വാർത്ത Remove ചെയ്യുമോ?, വിഷയത്തിൽ മാധ്യമങ്ങൾ പരാതി നൽകിയാൽ അതിനൊപ്പം ഞാൻ നിൽക്കാം” ഇതാണ് മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് പറഞ്ഞത്.
ഭയങ്കര സംഭവം തന്നെ. അതുകൊണ്ട് മെറ്റയോട് ചോദിക്കാം എന്ന് തീരുമാനിച്ചു. കൈരളിയുടെ നീക്കം ചെയ്ത കാർഡുകളെല്ലാം whatsapp മെറ്റയിലിട്ട് ചോദിച്ചു.
“ഞാൻ നിങ്ങൾ അപ്‌ലോഡ് ചെയ്ത 9 ചിത്രങ്ങളും പരിശോധിച്ചു. ഇവ കേരള രാഷ്ട്രീയത്തെക്കുറിച്ചുള്ള 2026 ആഗസ്റ്റിലെ കൈരളി ന്യൂസ് ഗ്രാഫിക്സുകൾ ആണ്.”
“ഇവ മെറ്റാ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ (Meta Community Standards) ലംഘിക്കുന്നുണ്ടോ?
ചുരുക്കത്തിൽ: ഇല്ല, ഇവ പ്രധാന കമ്മ്യൂണിറ്റി മാനദണ്ഡങ്ങളൊന്നും ലംഘിക്കുന്നതായി കാണുന്നില്ല.”
“അക്രമം, നഗ്നത, അല്ലെങ്കിൽ വെറുപ്പ് ഉളവാക്കുന്ന ചിഹ്നങ്ങൾ (hate symbols) എന്നിവയില്ല, അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾ, രക്തം, അല്ലെങ്കിൽ പരിക്കുകൾ എന്നിവയില്ല, ഉറവിടം വ്യക്തമാക്കിയിട്ടുണ്ട്: എല്ലാത്തിലും "kairalinews" വാട്ടർമാർക്കും തീയതിയുമുണ്ട്.”
ഇവയൊന്നുംതന്നെ വ്യാജ നിർമ്മിത ദൃശ്യങ്ങളല്ല, വ്യക്തിപരമായ അംഗീകരിക്കപ്പെടാൻ ആവാത്ത അധിക്ഷേപങ്ങളും അല്ല. രാഷ്ട്രീയ വിമർശനങ്ങളാണ് എന്നൊക്കെ തുടർന്ന് മെറ്റ തന്നെ വിശദീകരിക്കുന്നു. പക്ഷെ എന്തുകൊണ്ട് നീക്കം ചെയ്തു?
ഈ സംശയവും തീർക്കണമല്ലോ? അത് ഗൂഗിളിന്റെ ജെമിനിയോട് ആണ് ചോദിച്ചത് ജെമിനിയും സമ്മതിക്കുന്നു ഈ ചിത്രങ്ങളൊന്നും മെറ്റയുടെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്‌സിന് വിരുദ്ധമല്ല. എന്നിട്ട് എന്തുസംഭവിച്ചിരിക്കാം എന്ന് വിശദീകരിക്കുന്നു:
“ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ ഒരു മെറ്റാ (ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം) നിയന്ത്രണ അറിയിപ്പ് വ്യക്തമായി കാണിക്കുന്നുണ്ട്, അതിൽ ഇങ്ങനെ വായിക്കാം: "Your photo is unavailable in India." (നിങ്ങളുടെ ഫോട്ടോ ഇന്ത്യയിൽ ലഭ്യമല്ല.)
“കൂടാതെ, പ്രധാന ഗ്രാഫിക്കിന് പിന്നിൽ ഭാഗികമായി കാണുന്ന പശ്ചാത്തല വാചകത്തിൽ, "pursuant to legal requirements under Information Technology... Rules" (ഇൻഫർമേഷൻ ടെക്നോളജി... ചട്ടങ്ങൾ പ്രകാരമുള്ള നിയമപരമായ ആവശ്യകതകൾക്ക് അനുസൃതമായി) ആണ് ആക്‌സസ് നിയന്ത്രിച്ചിരിക്കുന്നതെന്ന് പരാമർശിക്കുന്നുണ്ട്.”
“ഇത് സൂചിപ്പിക്കുന്നത്, ചിത്രങ്ങളോ ഉള്ളടക്കമോ മെറ്റായുടെ ആഗോള നിയമങ്ങളുടെ നേരിട്ടുള്ള ലംഘനം കൊണ്ടല്ല, മറിച്ച് പ്രാദേശിക അധികാരികളിൽ നിന്നുള്ള നിയമപരമായ അഭ്യർത്ഥന കാരണം ഇന്ത്യയിൽ ജിയോ-ബ്ലോക്ക് (geo-blocked) ചെയ്യപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ്”.
മിസ്റ്റർ സതീശൻ നിങ്ങൾ ആവശ്യപ്പെട്ടുകാണില്ല, നിങ്ങൾ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത് നീക്കം ചെയ്തത്. നിങ്ങൾ ആകെ ചെയ്യേണ്ടത് ബിജെപി ഉണ്ടാക്കിയ നിയമത്തെ ഉപയോഗിച്ചു നിങ്ങൾ മെറ്റയ്ക്ക് നൽകിയ നിർദ്ദേശം പിൻവലിക്കുക മാത്രമാണ്. പൊട്ടൻ കളിക്കരുത്.
നിങ്ങൾ ചെയ്തിരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്, പൗരാവകാശ ധ്വംസനമാണ് അഭിപ്രായ സ്വാതന്ത്രത്തെ നിക്ഷേധിക്കലാണ്.
വീണ്ടും പറയുന്നു ജൻസി സോഷ്യൽ മീഡിയക്ക് മുന്നിൽ മോദി തോറ്റു.. പിന്നെയാണോ നിങ്ങൾ?
നിങ്ങൾ പറഞ്ഞിട്ട് മെറ്റ നീക്കം ചെയ്ത കാർഡുകൾ തന്നെ ഞാൻ വീണ്ടും പോസ്റ്റ് ചെയ്യുകയാണ്.