അവസാനനിമിഷം വരെ കിട്ടുമെന്നുകരുതിയ മുഖ്യമന്ത്രിപദം വഴുതിപ്പോയെങ്കിലും സമചിത്തതയോടെ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. മുഖ്യമന്ത്രിപദവിക്കായി ശ്രമിച്ചില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടില്ല. ഹൈക്കമാന്‍ഡ് തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശിരസാവഹിക്കുമെന്ന് കെ.സി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘പുതിയ സര്‍ക്കാരിനും മുഖ്യമന്ത്രി വിഡി സതീശനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. വി.ഡി.സതീശനെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു.’ ഹൈക്കമാന്‍ഡ് എടുത്ത തീരുമാനം നടപ്പാക്കാനുള്ള ഉത്തരവാദിത്തത്തിന്‍റെ ഭാഗമായി നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇനി പ്രസക്തിയില്ലെന്ന് കെ.സി. നിലപാടെടുത്തു. ‘എല്ലാ വശങ്ങളും പരിശോധിച്ച് എല്ലാവരോടും സംസാരിച്ച് ഏറ്റവും ജനാധിപത്യപരമായാണ് പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തത്. ഈ തീരുമാനത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമെന്ന് കരുതുന്നില്ല. പല സംസ്ഥാനങ്ങളിലും ഇത്തരം തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്ന ആളാണ് ഞാന്‍. കേരളം ആയതുകൊണ്ടാണ് ഇത്തവണ പ്രഖ്യാപിക്കുന്ന ചുമതലയില്‍ നിന്ന് മാറിയത്.’ – കെ.സി. പറഞ്ഞു.

അതേസമയം ആരാകും മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ക്കിടെ തനിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ കെ.സി ശക്തമായി വിമര്‍ശിച്ചു. ‘ഞാന്‍ പാര്‍ട്ടിക്കുപരിയായി ഒരു ഇമേജും ഉണ്ടാക്കാറില്ല. പാര്‍ട്ടിയാണ് എനിക്കെല്ലാം. പാര്‍ട്ടി പ്രവര്‍ത്തകന്‍റെ മനസിന് വേദനയുണ്ടായാല്‍ എന്‍റെ മനസും വേദനിക്കും. പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ എനിക്കും ബുദ്ധിമുട്ടുണ്ടാകും. എന്നും ജനങ്ങളോടും പാര്‍ട്ടിയോടുമൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ച പ്രവര്‍ത്തകനാണ് ഞാന്‍. അതുകൊണ്ട് സൈബര്‍ ഇടങ്ങളിലൊക്കെ ആക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് ഞാന്‍ സഹിച്ചുകൊള്ളാം.’ – എഐസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു.

‘ഞാന്‍ ഇന്നുതുടങ്ങിയതാണോ രാഷ്ട്രീയം?  പത്തുനാല്‍പ്പത്തഞ്ചുവര്‍ഷമായില്ലേ? ഒരു സുപ്രഭാതത്തില്‍ മുളച്ചുവീണതല്ലല്ലോ... എത്രയോ വര്‍ഷങ്ങളായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. അതുകൊണ്ട് എവിടെയെങ്കിലും ആരെങ്കിലും കടന്നാക്രമണം നടത്തിയാല്‍ അതിനെ ഭയന്നോടുന്നവരാണോ നമ്മളെല്ലാം? ആക്രമിക്കട്ടെ ഇനിയും ആക്രമിക്കട്ടെ. ആക്രമിക്കേണ്ടവര്‍ക്ക് അത് സധൈര്യം തുടരാം. പക്ഷേ എന്‍റെ തീരുമാനം വളരെ ക്ലിയറാണ്. പാര്‍ട്ടിയാണ് വലുത്. ജനങ്ങളാണ് വലുത്. ആ നിലപാടിനനുസരിച്ച് ഞാന്‍ മുന്നോട്ടുപോകും. എന്‍റെ പാര്‍ട്ടി നേതൃത്വത്തെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്.’ കെ.സി പറഞ്ഞു.

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാന്‍ ലീഗ് സമ്മര്‍ദം ചെലുത്തിയോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്ന് ഉത്തരം പറയാന്‍ കെ സി കൂട്ടാക്കിയില്ല. ‘കോണ്‍ഗ്രസ് നേതൃത്വമാണ് സതീശന്‍റെ കാര്യത്തില്‍ തീരുമാനമെടുത്തത്. ബിജെപിയുടെ ആക്ഷേപമൊക്കെ വെറുതെയാണ്, അവര്‍ക്ക് എല്ലാക്കാലത്തും കോണ്‍ഗ്രസിനെ ആക്ഷേപിക്കലാണല്ലോ ജോലി.’ – കെ.സി പറഞ്ഞു. തനിക്കുവേണ്ടി രംഗത്തിറങ്ങിയ പ്രവര്‍ത്തകരെല്ലാം പാര്‍ട്ടി നേതൃത്വത്തിന്‍റെ തീരുമാനം അംഗീകരിക്കുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനും കൂടെയുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

ENGLISH SUMMARY:

AICC General Secretary KC Venugopal responded with poise and discipline after the party chose VD Satheesan over him for the Kerala Chief Minister post. While acknowledging the High Command's democratic decision-making process, Venugopal pledged his full support to the new administration and warmly congratulated Satheesan. He strongly condemned the targeted cyber-attacks against him, asserting that his 45-year political journey was built on hard work and loyalty to the party rather than personal image-building. Addressing rumors of external pressure, he clarified that the leadership's choice was internal, while largely ignoring provocations regarding the Muslim League's influence. He urged his supporters to accept the leadership's verdict and work unitedly for the state's progress.