VD SATHEESHAN - ( PIC BY SPL ARRANGEMENT)

നിലപാടുകളിലെ വ്യക്തതയാണ് വി.ഡി.സതീശന്റെ ഡിഎന്‍എ. തുടര്‍ച്ചയായി പരാജയങ്ങളോടെ ആശയറ്റ യുഡിഎഫിന് ജീവവായു കൊടുത്ത് അധികാരത്തിലെത്തിച്ചത് സതീശന്റെ വിട്ടുവീഴ്ചയില്ലാത്ത നേതൃപാടവം. നൂതന ആശയങ്ങളും പുത്തന്‍കാഴ്ചപ്പാടുകളും നിറഞ്ഞ് തുളമ്പി നില്‍ക്കുന്ന സതീശന്റെ ഒന്നാം നമ്പര്‍ കസേരയിലേക്കുള്ള വരവ് ഭാവി കേരളം പ്രതീക്ഷയോടെയാണ് കാണുന്നത്. ഒരുമിച്ചില്ലെങ്കില്‍ നിലനില്‍പ്പില്ലെന്ന ബോധ്യം കോണ്‍ഗ്രസുകാരില്‍ വടശേരി ദാമോദരന്‍ സതീശന്‍ എന്ന വി.ഡി. സതീശന്‍ പകര്‍ന്നത് ഒത്തുതീര്‍പ്പുകളിലൂടെയായിരുന്നില്ല. സംഘടനയ്ക്കു അകത്തും പുറത്തും കൈകൊണ്ട ഈ നോ കോംപ്രമൈസ് നിലപാട് ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല. സതീശന്റെ രാഷ്ട്രീയ ജീവിതത്തോളം പഴക്കമുണ്ട്. ജനം നെഞ്ചേറ്റിയതും  കൃത്യതയും സ്ഥിരതയുള്ള ആ നിലപാടുകളെ തലയെടുപ്പിനെയാണ്.

കോണ്‍ഗ്രസിന്റെ പരമ്പരാഗത ശൈലി വിട്ടായിരുന്നു പലപ്പോഴും സതീശന്റെ യാത്ര. അതിനെ ധാര്‍ഷ്ട്യമെന്നും അഹങ്കാരമെന്നും പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള എതിരാളികള്‍ ഓമനപ്പേരിട്ടപ്പോള്‍, അതെ നിലപാടുകളെ ആര്‍ജ്ജവമായി കണ്ടവരാണ് അധികം. സതീശ ശൈലി പതിയെ പതിയെ കോണ്‍ഗ്രസിന്റെതായി. 1964 മേയ് 31 എറണാകുളം നെട്ടൂരില്‍ ദാമോദര മേനോന്റെയും വിലാസിനി അമ്മയുടെയും മകനായി ജനിച്ച സതീശന്‍, പഠനത്തില്‍ എന്നും മുന്നേ നടന്നു. സാമൂഹ്യപ്രവര്‍ത്തനത്തിലും നിയമത്തിലും ബിരുദാനന്തര ബിരുദങ്ങള്‍ നേടി. പ്രസംഗങ്ങളിലൂടെയും ഡിബേറ്റുകളിലൂടെയും സതീശന്‍ കെ.എസ്.യുവിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്ത് സജീവമായി. എം.ജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായി. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനങ്ങള്‍ വഴുതിപ്പോയി. പിന്നീട് മന്ത്രി സ്ഥാനവും കെ.പി.സി.സി അധ്യക്ഷ സ്ഥാനവും ഇതേ പോലെ വഴുതിപ്പോയ സതീശന്‍, എന്‍.എസ്.യു ദേശീയ സെക്രട്ടറിയും കെ.പി.സി.സി വൈസ് പ്രസിഡന്‌റും എ.ഐ.സി.സി സെക്രട്ടറിയുമായി.

2001ലെ കന്നി വിജയത്തേക്കാള്‍ 1996ല്‍ പറവൂറില്‍ നേരിട്ട കന്നി തോല്‍വിയാണ് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. തോല്‍വിക്ക് ശേഷം അവിടെ തന്നെ തുടര്‍ന്ന് നെട്ടൂര്‍കാരന്‍ സതീശന്‍, 2001ല്‍ ഇടതുകോട്ട തകര്‍ത്താണ് നിയമസഭ കയറിയത്. പിന്നീട് ഇങ്ങോട്ട്  പറവൂരിന്‍റെ തുടിപ്പില്‍ സതീശനും സതീശന്റെ ഹൃദയത്തില്‍ പറവൂരുമാണ്. 

ഹോംവര്‍ക്കിന്‍റെ കാര്യത്തില്‍ കണിശതയാണ് സതീശന്. വി.എസ്. സര്‍ക്കാരിന്‍റെ കാലത്ത് ലോട്ടറി വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ സംവാദത്തില്‍ മലര്‍ത്തിയടിച്ചതോടെ് വെറുമൊരു എംഎല്‍.എയില്‍ നിന്ന് കേരള എംഎല്‍.എയായി സതീശന്‍ വളര്‍ന്നു. പത്തുവര്‍ഷക്കാലം ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നത് സംവാദങ്ങളില്‍ സതീശന് എന്നും തുണയായി. എന്നാല്‍, 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സതീശനെ പോലെ കഴിവുതെളിയിച്ച പാര്‍ലമെന്റേറിയനെ ഗ്രൂപ്പ് താല്‍പര്യങ്ങളുടെ പേരില്‍ മാറ്റിനിര്‍ത്തി. സ്പീക്കര്‍ സ്ഥാനം നല്‍കി ഇരുത്താനുള്ള ശ്രമത്തില്‍ വീണില്ല സതീശന്‍.

കോണ്‍ഗ്രസും യുഡിഎഫും അതിന്റെ ഏറ്റവും കെട്ട കാലത്താണ് സതീശനെ കണ്ടെടുത്തുന്നത്. 2021ല്‍ . തുടര്‍ച്ചയായി പ്രതിപക്ഷത്തിരിക്കേണ്ടി വന്ന ദുര്യോഗത്തില്‍ തകര്‍ന്നിരുന്ന യുഡിഎഫിന് ആത്മവിശ്വാസം നല്‍കാന്‍ ക്രിയാത്മ പ്രതിപക്ഷ ലൈനായിരുന്നു ആദ്യം. പിണറായി മന്ത്രിസഭയാകെ ഇറങ്ങിക്കളിച്ച തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മലര്‍ത്തിയടിച്ചതോടെ പ്രതിരോധ വിട്ട് ആക്രമണശൈലി പിടിച്ചു റണ്‍റേറ്റ് കൂട്ടി. വര്‍ഗീയ നിലപാടുകള്‍ക്കെതിരായ ഉറച്ച നിലപാടുകള്‍ക്ക് മതേതര കേരളം എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുന്നതാണ് കണ്ടത്.

പ്രളയവും നിപ്പയും കോവിഡും രക്ഷക വേഷത്തില്‍ ഇറങ്ങിയ പിണറായി വിജയനോട് കൂട്ടുകൂടിയ ജെന്‍ സി തലമുറ തിരിച്ചുപിടിക്കാനും നിലപാടികളിലെ കണിശത തന്നെ വജ്രായുധമാക്കി സതീശന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം മുതല്‍ വാഹനങ്ങളിലെ മോഡിഫിക്കേഷന്‍ വരെ. രാഹുല്‍ വിഷയത്തില്‍ സ്വന്തം പാളയത്തിലെ ഫാന്‍സുകാരുടെ അസഭ്യവര്‍ഷങ്ങളിലും തളര്‍ന്നില്ല വി.ഡി.

ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും അജന്‍ഡയും നറേറ്റീവും നിശ്ചയിച്ച് മുന്നേറിയ സതീശന്‍, തന്ത്രങ്ങള്‍ കൃത്യമായി പയറ്റി. മനസിന്റെ ഏതെങ്കിലുമൊരു കോണില്‍ ഇടതുപക്ഷം കൊണ്ടുനടക്കുന്നവരെ യഥാര്‍ഥ ഇടതുപക്ഷമെന്ന് പറഞ്ഞ് നെഹ്‌റൂവിയന്‍ ശൈല പിടിച്ചതിലും തന്ത്രമുണ്ടായിരുന്നു. ആവര്‍ത്തിച്ചു പറഞ്ഞ ഈ വാക്കിന്റെ മൂര്‍ച്ചയിലാണ് കണ്ണൂരിലെ കോട്ടക്കൊത്തങ്ങളുടെ അടിത്തറ ഇളക്കിയത്. അസാമാന്യ ധൈര്യത്തോടെ തോല്‍വിയെങ്കില്‍ രാഷ്ട്രീയ വനവാസമെന്ന് കാലേക്കൂട്ടി പ്രഖ്യാപിച്ച് ഗോദയിലിറങ്ങിയത് പ്രവര്‍ത്തകര്‍ക്ക് ആകെ എന്തെന്നില്ലാത്ത ആവേശമാണ് പകര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പോടെ സൂപ്പര്‍ഓവറുകളില്‍ മികച്ച ഫിനിഷറുമാണെന്ന്‌ സതീശന്‍ തെളിയിച്ചു. 

മിന്നും വിജയത്തിന് ശേഷം നായക സ്ഥാനത്തേക്ക് അവകാശികള്‍ ഏറിയപ്പോള്‍ കോണ്‍ഗ്രസ് ചരിത്രം കാണാത്ത പ്രതിഷേധവും ജനവികാരവുമാണ് ഒരു കോണ്‍ഗ്രസുകാരന് വേണ്ടി കേരളക്കര കണ്ടത്. പ്രലോഭനങ്ങളിലൂടെ അല്ല, പ്രവര്‍ത്തനങ്ങളിലൂടെയാണ് അണികളുടെ മാസ് ലീഡറായി സതീശന്‍ വളര്‍ന്നത്. തലമുറ വ്യത്യാസമില്ലാതെ മനസുകളിലേക്ക് കഠിനാധ്വാനത്തിലൂടെ തന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത്. ഇനി അത് ഉടയാതെ ഉലയാതെ നോക്കുകയാണ് അദ്ദേഹത്തിന്റെ മുന്‍പിലുള്ള ഭാരിച്ച ദൗത്യം.

ENGLISH SUMMARY:

VD Satheesan’s elevation to the Chief Minister's post is a testament to his unwavering commitment to his political convictions and clear vision for Kerala's future. After taking over as the Opposition Leader in 2021, he revived the demoralized UDF by shifting from a reactive to a proactive and aggressive political style, notably seen in the Thrikkakara by-election. His journey, marked by initial setbacks like the 1996 defeat and groupism-induced exclusions, eventually saw him becoming a mass leader through rigorous homework and intellectual depth. By appealing to both the youth and disillusioned left-leaning voters with a "Nehruvian" approach, he managed to dismantle long-standing political strongholds. As he takes the helm of the state, his greatest challenge will be to maintain the immense trust and popular image he has painstakingly built over the years.