പത്തുദിവസംനീണ്ട അതിനാടകീയ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. തീരുമാനം അടങ്ങിയ സീൽ വച്ച കവർ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ കൈവശം കോണ്‍ഗ്രസ് ഹൈക്കമാൻഡ് കൊടുത്തയക്കും. പ്രഖ്യാപനത്തിനു മുൻപായി കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, ഘടകകക്ഷികൾ എന്നിവരോട് രാഹുൽ ഗാന്ധി സംസാരിക്കും.
എല്ലാവരെയും കേട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം പ്രഖ്യാപനത്തിലേക്ക് കടക്കുന്നതിനാൽ പൊട്ടിത്തെറികൾ ഉണ്ടാകില്ലെന്നാണ് ഹൈക്കമാൻഡ് പ്രതീക്ഷ. അതേസമയം അവസാന മണിക്കൂറുകളിലും അവകാശവാദങ്ങളിൽ ഉറച്ചു നിൽക്കുകയാണ് മൂന്നുപക്ഷവും. യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് നടക്കും. പിന്തുണ നല്‍കുന്ന കത്ത് ഒപ്പിട്ടുവാങ്ങും. പിന്നാലെ ഗവര്‍ണറെ കാണും.
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം ഇന്നലെ വൈകിട്ടോടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കളും പ്രവർത്തകരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷവും തീരുമാനം പ്രഖ്യാപിച്ചില്ല. അതേസമയം ഹൈക്കമാന്‍ഡ് പിന്തുണ വി.ഡി.സതീശനാണെന്നാണ് സൂചന. പൊട്ടിത്തെറി ഒഴിവാക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം.
കെ.സി, വി.ഡി, ആർ.സി പക്ഷങ്ങളുടെ അവകാശവാദങ്ങളും മുതിര്‍ന്ന നേതാക്കൾ ഉന്നയിച്ച വിഷയങ്ങളും എഐസിസി നിരീക്ഷകരുടെ റിപ്പോർട്ടും ഖർഗെ–രാഹുൽ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. എല്ലാവർക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തില്‍ നിന്നെത്തിയ നേതാക്കളുടെ അഭിപ്രായം ഹൈക്കമാന്‍ഡ് കേട്ടു. പാര്‍ലമെന്‍ററി പാര്‍ട്ടിയിലെ ഭൂരിപക്ഷം കണക്കിലെടുക്കണം എന്നാണ് കൂടുതല്‍ നേതാക്കളും അഭിപ്രായപ്പെട്ടത്.
അതേസമയം കേരള കോൺഗ്രസ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമാണ് യോഗം ചേരുക. എല്ലാ എം.എൽ.എമാരും പാർട്ടി ചെയർമാൻ പി.ജെ.ജോസഫും യോഗത്തിൽ പങ്കെടുക്കും. തൊടുപുഴയിൽ യോഗം ചേരാമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഘടകകക്ഷി എംഎൽഎമാർ തിരുവനന്തപുരത്ത് എത്തണമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. മുന്നണി ധാരണപ്രകാരം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് കേരള കോൺഗ്രസിന്റെ തീരുമാനം.