File photo
കരൂര്‍ ദുരന്തത്തില്‍ ആശ്രിത നിയമനം നല്‍കിയതില്‍ വിജയ് സര്‍ക്കാരിന് കനത്ത തിരിച്ചടി. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാര്‍ നിയമന ഉത്തരവ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് റദ്ദാക്കി. 31 പേര്‍ക്കാണ് ടിവികെ സര്‍ക്കാര്‍ ആശ്രിത നിയമനം നല്‍കിയത്. ഇതില്‍ 29 പേര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. വെറുതെ ആര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാനാകില്ലെന്നും അത് നേടിയെടുക്കേണ്ടതാണെന്നും അതിന്റെ മൂല്യം മനസിലാക്കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ ജോലി നല്‍കുന്നതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വിധി വരുംവരെ നിയമനം താല്‍ക്കാലികമായി കണക്കാക്കാമെന്ന് മധുരബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈമാസം 10നാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കരൂരിലെത്തി മരിച്ചവരുടെ ആശ്രിതര്‍ക്ക് നിയമന ഉത്തരവ് കൈമാറിയത്.
തന്നെ സ്നേഹിച്ചവരാണു കരൂരിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ മരിച്ചതെന്നു പറഞ്ഞായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി മരിച്ചവരുടെ ആശ്രിതരായ 31 പേർക്കു സർക്കാർ ജോലിക്കുള്ള നിയമന ഉത്തരവ് നൽകിയത്. കരൂർ കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ദുരന്തത്തിന്റെ ഇരകളോടു മുഖ്യമന്ത്രി നേരിട്ടു സംസാരിച്ചു. 32 പേരെ തിരഞ്ഞെടുത്തെങ്കിലും ഒരാൾ ജോലി വേണ്ടെന്നു പറഞ്ഞതോടെ 10 ലക്ഷം രൂപ നൽകി. അതിനിടെ, നിയമന ഉത്തരവ് കോടതിയുടെ അന്തിമ തീരുമാനത്തിനു വിധേയമായിരിക്കുമെന്നു മദ്രാസ് ഹൈക്കോടതി അന്നേ വ്യക്തമാക്കിയിരുന്നു