കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം ഇന്നുമുണ്ടാകില്ല. ഇന്ന് വൈകിട്ടോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കളും പ്രവർത്തകരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷവും തീരുമാനം പ്രഖ്യാപിച്ചില്ല. അതേസമയം ഹൈക്കമാന്‍ഡ് പിന്തുണ വി.ഡി.സതീശനാണെന്നാണ് സൂചന. പൊട്ടിത്തെറി ഒഴിവാക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം. 

കെ.സി, വി.ഡി, ആർ.സി പക്ഷങ്ങളുടെ അവകാശവാദങ്ങളും മുതിര്‍ന്ന നേതാക്കൾ ഉന്നയിച്ച വിഷയങ്ങളും എഐസിസി നിരീക്ഷകരുടെ റിപ്പോർട്ടും ഖർഗെ–രാഹുൽ കീടിക്കാഴ്ചയില്‍ ചര്‍ച്ചയായി. എല്ലാവർക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തില്‍ നിന്നെത്തിയ നേതാക്കളുടെ അഭിപ്രായം ഹൈക്കമാന്‍ഡ് കേട്ടു. പാര്‍ലമെന്‍ററി പാര്‍ട്ടിയിലെ ഭൂരിപക്ഷം കണക്കിലെടുക്കണം എന്നാണ് കൂടുതല്‍ നേതാക്കളും അഭിപ്രായപ്പെട്ടത്. 

സമൂഹമാധ്യമങ്ങളല്ലല്ലോ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കേണ്ടത് എന്നാണ് തലമുതിര്‍ന്ന നേതാക്കളുടെ നിലപാട്. നിരത്തിലെ പ്രതിഷേധങ്ങള്‍ ചില തല്‍പരകക്ഷികള്‍ സൃഷ്ടിച്ചതാണ്. ഇത്തരംപ്രവണതകള്‍ വച്ചുപൊറുപ്പിക്കരുത്. എന്നാല്‍ സംസ്ഥാനത്ത് കാണുന്ന പ്രതിഷേധങ്ങള്‍ ജനവികാരമാണ് പ്രതിഫലിപ്പിക്കുന്നത് എന്നായിരുന്നു കെ.മുരളീധരന്‍റെ പക്ഷം. ഇത് അവഗണിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വി.എം.സുധീരനും സമാനമായ അഭിപ്രായം രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.  

ജനവികാരം അവഗണിക്കരുത് എന്ന് ഇന്നലെ പ്രിയങ്ക ഗാന്ധി രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. എ.കെ.ആന്‍റണിയും മുല്ലപ്പള്ളി രാമചന്ദ്രനും ഫോണിലൂടെ തങ്ങളുടെ നിലപാട് വ്യക്തമാക്കി. പിടിവലി ശക്തമായതിനാല്‍ പ്രതിഷേധത്തിന്‍റെ ശക്തി കുറയ്ക്കാന്‍ പറ്റുന്ന തീരുമാനമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്.

ENGLISH SUMMARY:

The Congress high command has not yet announced its decision on Kerala's next Chief Minister, despite expectations for an evening declaration. This crucial decision followed a meeting between Congress President Mallikarjun Kharge and Rahul Gandhi, with sources indicating V.D. Satheesan has the high command's support.