കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിര്‍ണായക കൂടിക്കാഴ്ച തുടങ്ങി. കെ.സി.വേണുഗോപാല്‍, വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുമായി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കൂടിക്കാഴ്ച നടത്തുകയാണ്. രാഹുല്‍ ഗാന്ധിയും ചര്‍ച്ചയ്ക്കായി ഖര്‍ഗെയുടെ വസതിയില്‍ എത്തി. ദീപാ ദാസ്മുന്‍ഷിയും ഖര്‍ഗെയുടെ വസതിയില്‍.
കേരളത്തിലേക്ക് നിയോഗിച്ച എഐസിസി നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും ഖര്‍ഗെ ചര്‍ച്ച നടത്തുക. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിക്കുന്ന മൂന്നു പേരെയും വിശ്വാസത്തിലെടുത്തുള്ള തീരുമാനമേ ഉണ്ടാകാവൂ എന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണിയുടെ അഭിപ്രായവും ഹൈക്കമാന്‍ഡ് ആരായും.
Also Read: ആവേശത്തിനിടയില്‍ ചെയ്തതാകാം; ഉമ്മന്‍ ചാണ്ടിയുടെ ഫ്ലക്സ് കോണ്‍ഗ്രസുകാര്‍ കീറില്ല: ചാണ്ടി ഉമ്മന്‍
അതേസമയം കേരളത്തില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പ്രകടനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഖര്‍ഗെ, സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിക്കുന്ന കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. നാല് നേതാക്കളെയും ഒരുമിച്ചാണ് ദേശീയ അധ്യക്ഷന്‍ കാണുകയെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹി കേരള ഹൗസിൽ വി ഡി സതീശന് നൽകിയ പിന്തുണയിലും സണ്ണി ജോസഫിനെതിരെ ഉയർന്ന എംഎസ്എഫ് മുദ്രാവാക്യത്തിലും കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് നേതൃത്വം. എന്‍എസ്‌യുവിന്റേയും ടീം ജെൻസിയുടെയും പേര് ഉപയോഗിച്ചാണ് പരിപാടി നടത്തിയതെന്നും അപലപനീയം എന്നും എന്‍എസ്‌യു ദേശീയ അധ്യക്ഷൻ വിനോദ് ജാഖർ പ്രതികരിച്ചു. സാഹചര്യം വഷളാക്കേണ്ടെന്നാണ് കെപിസിസി അധ്യക്ഷന്റെ നിലപാട്. പരിപാടിയുമായി ബന്ധമില്ലെന്നും ടീം ജെൻസിയാണ് നടത്തിയതെന്നും സണ്ണി ജോസഫിനെ നേരിട്ട് കണ്ട് എംഎസ്എഫ് നേതൃത്വം അറിയിച്ചു.
മുഖ്യമന്ത്രി ചർച്ചയ്ക്കായി വി ഡി സതീശനും സണ്ണി ജോസഫും ഇന്നലെ അർധരാത്രി കേരള ഹൗസിൽ എത്തിയപ്പോഴായിരുന്നു പിന്തുണച്ചുള്ള പ്രകടനവും പ്രതിഷേധവും. ടീം ജെൻസിയുടെയും എൻഎസ്‌യുവിന്റേയും പേരിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നതെങ്കിലും ലീഗ് നേതാക്കളുടെയും എംഎസ്എഫിന്റേയും വലിയ പങ്കാളിത്തത്തിലേക്ക് മാറി. വി ഡി സതീശൻ എത്തിയപ്പോൾ നൽകിയ സ്വീകരണം തൊട്ടു പിന്നാലെ എത്തിയ സണ്ണി ജോസഫിന് നേരെയുള്ള പ്രതിഷേധമായി. ഘടകകക്ഷി വിദ്യാർത്ഥി സംഘടനയുടെ നടപടി അസ്വീകാര്യവും അപലപനീയവുമെന്ന് കോൺഗ്രസ് നേതൃത്വം. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി എന്‍എസ്‌യു ദേശീയ അധ്യക്ഷൻ വിനോദ് ജാഖർ. പരിപാടിയുമായി ബന്ധമില്ലെന്ന് എംഎസ്എഫ് നേതൃത്വം വ്യക്തമാക്കി. പരിപാടി സംഘടിപ്പിച്ച് ഡൽഹിയിലെ ജെൻസി കൂട്ടായ്മയാണെന്നും പ്രതികരണം.
ഇതിനിടെ കെ.സി.വേണുഗോപാലിന് പരസ്യമായി പിന്തുണ നല്‍കി കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യനും റാന്നി എംഎല്‍എ പഴകുളം മധുവും രംഗത്തെത്തി. കെ.സിയെ ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും അക്രമികളെ സതീശന്‍ നിയന്ത്രിക്കണമെന്നും പഴകുളം മധു. പാരമ്പര്യവും കഴിവുമുള്ള നേതാവാണ് വേണുഗോപാലെന്നും, തെരുവില്‍ ആക്രമിക്കുമ്പോള്‍ കൈകെട്ടി ഇരിക്കാനാവില്ലെന്നും മധു പറഞ്ഞു. രണ്ടല്ല, എത്ര ഉപതിരഞ്ഞെടുപ്പ് നേരിടാനും ശക്തിയുണ്ടെന്നായിരുന്നു പി.ജെ.കുര്യന്‍റെ പ്രതികരണം. ഫ്ലക്സ് കീറലും കരി ഓയിലും ഒക്കെ സമ്മര്‍ദതന്ത്രമെന്നും കുര്യന്‍ പറഞ്ഞു.
വി.ഡി സതീശൻ അനുകൂല പ്രകടനത്തിനിടെ ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലെക്സ് കീറിയെറിഞ്ഞതിൽ വിമർശനം പുകയുന്നു. ഫ്ലെക്സ് കീറിയതിനെ രൂക്ഷമായി വിമർശിച്ച രാജ്മോഹൻ ഉണ്ണിത്താൻ, കല്ലറയിൽ പോയ എംഎൽഎമാർ ഒന്നും പ്രതികരിക്കാത്തത് എന്താണെന്ന് ചോദിച്ചു. മദ്യപിച്ചെത്തിയവരാകും അത്തരം പ്രവൃത്തികൾ ചെയ്തതെന്നും കോൺഗ്രസുകാർ ചെയ്യില്ലെന്നും ചാണ്ടി ഉമ്മൻ മനോരമന്യൂസിനോട് പറഞ്ഞു.
തലസ്ഥാനത്ത് വെള്ളിയാഴ്ച നടന്ന വിഡി സതീശൻ അനുകൂല പ്രകടനത്തിനിടെയാണ് ഉമ്മൻചാണ്ടിയുടെ ചിത്രമുള്ള ഫ്ലെക്സും കീറിയത്. കെ സി വേണുഗോപാലിന്റെ ചിത്രമുള്ള ഫ്ലക്സ് കീറാനുള്ള ശ്രമത്തിനിടെയാണ് ഉമ്മൻചാണ്ടിയുടെ ചിത്രവും വികലമാക്കിയത്. ഇതാണ് കോൺഗ്രസിനകത്ത് പുതിയ ചേരിത്തിരിവിന് കാരണമായിരിക്കുന്നത്. ഫ്ലക്സ് കീറിയതിൽ രൂക്ഷ വിമർശനവുമായി രാജുമോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. ആവേശത്തിനിടയില്‍ സംഭവിച്ചതാകാമെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ, ചെയ്തവർ മദ്യപിച്ചിട്ടുണ്ടാകാമെന്നും കൂട്ടിച്ചേർത്തു.
പ്രകടനത്തിലെ നടപടി വേദനാജനകമാണെന്ന് ടി സിദ്ദീഖും പ്രതികരിച്ചു.
പേരിന് വേണ്ടിയൊരു മന്ത്രിയായി വനിതകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന ശൈലി പാടില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ ഹലോ കേരളത്തില്‍. ഒന്നിലധികം വനിതകളെ മന്ത്രിസഭയിലേക്ക് പരിഗണിക്കണം. സിപിഎമ്മുമായി നേരിട്ട് പോരാടി നേടിയ വിജയമാണ് ഓരോ വനിതയുടേതെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ സന്ദീപ് വാര്യർക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. കെ.സി. വേണുഗോപാലിനെ പിന്തുണച്ച കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനം. പ്രവർത്തകരുടെ വികാരം മാനിച്ചില്ലെന്ന് അണികൾ പരാതിപ്പെടുന്നു. കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയായി വന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ തോല്‍പിക്കുമെന്ന് ഡല്‍ഹിയിലെത്തിയ മലയാളികള്‍ മുന്നറിയിപ്പ് നല്‍കുന്നു . കാസര്‍കോടുനിന്നും ഡല്‍ഹി കാണാനെത്തിയവരാണ് വി.ഡി.സതീശന് പിന്തുണ അറിയിച്ചത്.