ജെന്‍സികളും വണ്ടി പ്രേമികളും കാത്തിരിക്കുന്നതാണ് വാഹന മോഡിഫിക്കേഷനിലെ ഇളവ്. തിരഞ്ഞെടുപ്പിന് മുന്‍പ്, പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി.സതീശന്‍ വാഗ്ദാനം നല്‍കിയതോടെയാണ് ഈ മോഹം ഇവരുടെ മനസില്‍ ഉണര്‍ന്നത്. മോഡിഫിക്കേഷന്‍ എന്ന് നടത്താം എന്ന കാത്തിരിപ്പിലാണ് അന്ന് മുതല്‍ വണ്ടി പ്രേമികളും ജെന്‍സികളും. അവരുടെ കാത്തിരിപ്പിന് ഇപ്പോള്‍ ഏകദേശം ഒരു തീരുമാനമായിരിക്കുകയാണ്.
വാഹന മോഡിഫിക്കേഷനില്‍ ഇളവ് എന്ന വാഗ്ദാനം സര്‍ക്കാരിന്‍റെ നൂറ് ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. അത് അനുസരിച്ചാണങ്കില്‍ ജൂലായ് 1 മുതല്‍ നൂറ് ദിവസത്തിനുള്ളില്‍ വാഗ്ദാനം നടപ്പായേക്കും. ഗതാഗത വകുപ്പിന്‍റെ നൂറ് ദിന പദ്ധതികളിലാണ് മോഡിഫിക്കേഷനും ഉള്‍പ്പെടുത്തുന്നത്. ഇന്നലെ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കുകയും തുടര്‍ നടപടിക്ക് ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്തത്.
സീറ്റ് കവറും വിന്‍ഡോ ഗ്ളാസും മാത്രമല്ല
ഇളവ് അനുവദിക്കാവുന്ന മോഡിഫിക്കേഷന്‍ പട്ടിക ആദ്യം മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയിരുന്നു. 18 ഇനങ്ങളാണ് അതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ അതില്‍ ഭൂരിഭാഗവും നിലവിലുള്ളതാണ്. അതുകൊണ്ട് തന്നെ നിസാര ഇളവുകള്‍ പറഞ്ഞ് മുഖ്യമന്ത്രി ജെന്‍സികളെ പറ്റിച്ചെന്ന ആക്ഷേപവും ട്രോളും സോഷ്യല്‍ മീഡിയായില്‍ സജീവമായിരുന്നു. എന്തായാലും ആ വിമര്‍ശനം ഗതാഗത വകുപ്പ് ഉള്‍ക്കൊണ്ടിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാകുമോയെന്ന് പഠിക്കാന്‍ തീരുമാനിച്ചു. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കും. അപകടകരമല്ലാത്ത എന്തെല്ലാം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്നാണ് പഠിക്കുന്നത്. വിദഗ്ധ സമിതി പഠിച്ച് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാവും അന്തിമ തീരുമാനം.
മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും
മോഡിഫിക്കേഷന്‍ വെറുതേ അനുവദിക്കാനല്ല ആലോചിക്കുന്നത്. ഓരോ മോഡിഫിക്കേഷനും നിശ്ചിത ഫീസ് ഏര്‍പ്പാടാക്കും. മോട്ടോര്‍ വാഹനവകുപ്പില്‍ അപേക്ഷ നല്‍കി, ഫീസ് അടച്ച് അനുവാദം വാങ്ങി വേണം മോഡിഫിക്കേഷന്‍ നടത്താന്‍. ഇതോടെ വണ്ടി പ്രേമികള്‍ക്ക് മോഡിഫിക്കേഷനുമാവും, സര്‍ക്കാരിന് വരുമാനവുമാവും എന്നതാണ് ആലോചന...