കേരളത്തിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം മുറുകുമ്പോൾ, വിദേശ രാജ്യങ്ങളിലെ പ്രവാസി സംഘടനകളിലും ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവരുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇയിലും ബഹ്‌റൈനിലും കോൺഗ്രസ് അനുകൂല സംഘടനകൾ പരസ്യമായി രംഗത്തെത്തിയതോടെ പോര് രാജ്യാന്തര തലത്തിലേക്ക് വ്യാപിച്ചു. 

തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച വി.ഡി. സതീശൻ തന്നെയാണ് മുഖ്യമന്ത്രി പദത്തിന് ഏറ്റവും അർഹനെന്ന്,കോൺഗ്രസ് അനുകൂല സംഘടനയായ ഇൻകാസിന്റെ ഒരു വിഭാഗം ദുബായിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവരെ 'നൂലിൽ കെട്ടി' മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇറക്കുന്നത് ജനം അംഗീകരിക്കില്ലെന്ന്, കെ.സി. വേണുഗോപാലിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് സതീശൻ അനുകൂലികൾ തുറന്നടിച്ചു. 

സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്‌റൈനിൽ യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തിയത് നേതൃത്വത്തിന് കടുത്ത സമ്മർദ്ദമായിട്ടുണ്ട്.വിജയാഘോഷങ്ങൾക്ക് പിന്നാലെ നേതൃനിരയിലുണ്ടായ പടലപ്പിണക്കം പ്രവാസികൾക്കിടയിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വേണ്ടി സമൂഹമാധ്യമങ്ങളിൽ മറുഭാഗവും പോസ്റ്റർ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ സ്ഥാനമോഹങ്ങൾ മാറ്റിനിർത്തി ഹൈക്കമാൻഡ് എത്രയും വേഗം അന്തിമ തീരുമാനമെടുക്കണമെന്നാണ് പ്രവാസ ലോകത്തെ സാധാരണ പ്രവർത്തകരുടെ ആവശ്യം.

ENGLISH SUMMARY:

The Chief Minister of Kerala position is causing political unrest, with disagreements spilling over into expatriate organizations abroad. Groups supporting VD Satheesan have publicly voiced their demands in the UAE and Bahrain, escalating the internal conflict.