K C Venugopal..Member of the Lok Sabha..Thiruvananthapuram 2026 : Photo by : J Suresh

ഇന്ത്യ സഖ്യയോഗത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംവുമായി ബന്ധപ്പെട്ട സിപിഎം വിമര്‍ശനത്തിനെതിരെ കെ.സി.വേണുഗോപാല്‍. രാഹുലിനെ അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്നും മുഖം മോശമായതിന് കണ്ണാടി പൊട്ടിക്കുന്നതിന് തുല്യമെന്ന് കെ.സി.വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കേരളത്തിന് പുറത്ത് സിപിഎമ്മിന്റെ ആശ്രയം കോണ്‍ഗ്രസ് മാത്രമാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

പിണറായി വിജയനെ ആലിംഗനം ചെയ്യാനാവില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ഇന്ത്യ സഖ്യയോഗത്തിലെ പരാമര്‍ശത്തിനെതിരെയായിരുന്നു സി.പി.എമ്മും സി.പി.ഐയും രംഗത്തെത്തിയത്. തിങ്കളാഴ്ച ചേര്‍ന്ന ഇന്ത്യ സഖ്യയോഗത്തിലാണ്, പിണറായി വിജയനെ തനിക്ക് ആലിംഗനം ചെയ്യാനാവില്ലെന്നും കേരളത്തില്‍ അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞത്. പിന്നാലെ താനും രാഹുലും പരസ്പരം വണങ്ങുകയാണ് ചെയ്യാറ്, രാഹുൽ മോദിയെ കെട്ടിപിടിക്കുന്നത് കണ്ടു, രാഹുലും കോൺഗ്രസും ബി.ജെ.പിയെ സഹായിക്കുന്ന നിലപാടില്‍, ഇത് ഇന്ത്യ മുന്നണിയെ സഹായിക്കുന്നതല്ലെന്നും പിണറായി വിജയനും പ്രതികരിച്ചിരുന്നു.

എന്നാല്‍ കേരളം വിട്ടാൽ കോൺഗ്രസിൻെറയും സഖ്യകക്ഷികളുടെയും പിന്തുണ കൊണ്ട് മാത്രം പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിയായി മാറിയ സി.പി.എം രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് തികഞ്ഞ പരിഹാസ്യമാണെന്നായിരുന്നു കെ.സി.വേണുഗോപാലിന്‍റെ പ്രതികരണം. ‘രാജസ്ഥാനിലായാലും തമിഴ്നാട്ടിലായാലും രാഹുൽ ഗാന്ധിയുടെ ചിത്രം വെച്ച് വോട്ട് വാങ്ങി ജയിച്ചവരാണ് അദ്ദേഹത്തെ ഇ.ഡി ഏജന്റ് എന്ന് വിളിച്ച് അധിക്ഷേപിക്കാൻ ശ്രമിക്കുന്നത്. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവാണ് രാജ്യത്തെ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്നത് എന്നത് ജനാധിപത്യത്തിലെ അടിസ്ഥാന കാര്യമാണ്. ഈ വസ്തുത ഉൾക്കൊള്ളാൻ തയ്യാറാകാതെ, സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെടുത്തുന്ന സി.പി.എം നേതൃത്വം രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ പോലും പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന അവരുടെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നത്. കേരളത്തിലെ ദയനീയ പരാജയമാണ് സിപിഎമ്മിനെ കൊണ്ട് ഇതൊക്കെ പറയിക്കുന്നതെന്ന് രാഷ്ട്രീയം മനസിലാക്കുന്ന ആർക്കും മനസിലാകും. പരാജയത്തിൻെറ കാരണങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് പകരം രാഹുൽ ഗാന്ധിക്ക് മേൽ കുതിരകയറാൻ നിന്നാൽ ഇതിലും വലിയ പരാജയങ്ങളായിരിക്കും സിപിഎമ്മിനെ കാത്തിരിക്കുന്നത്’ എന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘ഇന്ത്യ മുന്നണി എന്നത് ബിജെപിയുടെ ഏകാധിപത്യത്തിൽ നിന്നും രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിച്ചെടുക്കാൻ കോൺഗ്രസ് മുൻകൈയ്യിൽ രൂപീകരിച്ച വിശാലമായ വേദിയാണ്. ബിജെപിയെ അധികാര ഭ്രഷ്ടരാക്കുക എന്ന ലക്ഷ്യത്തിലാണ് സഖ്യം രൂപപ്പെട്ടത്. സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിക്ക് സഖ്യ രൂപീകരണ ലക്ഷ്യങ്ങളെ കുറിച്ച് വ്യക്തമായി ബോധ്യമുണ്ടായിരുന്നു. അധികാരത്തോടുള്ള ആർത്തി കൊണ്ടല്ല, മറിച്ച് തമിഴ്നാട്ടിൽ ബിജെപി നടപ്പിലാക്കാൻ ശ്രമിച്ച രാഷ്ട്രപതി ഭരണം ഒഴിവാക്കാനും മതേതര സർക്കാർ രൂപീകരിക്കാനും വേണ്ടിയാണ് കോൺഗ്രസ് അവിടെ ടിവികെയുമായി തിരഞ്ഞെടുപ്പിന് ശേഷം സഹകരിച്ചത്. കോൺഗ്രസ് മുന്നോട്ടുവെച്ച ഇതേ രാഷ്ട്രീയ നിലപാട് തന്നെയാണ് പിന്നീട് അവിടെ സിപിഎമ്മും പിന്തുടർന്നതെന്ന കാര്യം അവർ സൗകര്യപൂർവ്വം മറക്കുകയാണ്. കോൺഗ്രസ് എക്കാലത്തും രാജ്യത്തിന്റെ പൊതുവായ വിശാല താല്പര്യങ്ങൾ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെങ്കിൽ, സങ്കുചിതമായ കാഴ്ചപ്പാടുകളാണ് സി.പി.എമ്മിനെ നയിക്കുന്നത്’

‘രാഷ്ട്രീയമായി എതിർക്കുന്നവരെ ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് രാഹുൽ ഗാന്ധി നയിക്കുന്നത്. വ്യക്തിപരമായി രാഹുൽ ഗാന്ധിതന്നെ അതിന്‍റെ ഇരയാണ്. എന്നാൽ ദേശീയതലത്തിൽ ഒരു പൊതുനിലപാടില്ലാതെ, തങ്ങളുടെ സംസ്ഥാനങ്ങളിലെ പ്രാദേശിക അജണ്ടകൾ മാത്രം നോക്കുന്ന സങ്കുചിത രാഷ്ട്രീയമാണ് സി.പി.എം ഇന്ന് പയറ്റുന്നത്. ഈ ഇടുങ്ങിയ കാഴ്ചപ്പാട് കൊണ്ടാണ് ബംഗാളിലുൾപ്പെടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് കാണുന്ന രൂപത്തിൽ തകർന്നടിഞ്ഞത്. രാഹുൽ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം പാർട്ടിയുടെ ഈ തകർച്ചയെക്കുറിച്ച് ആത്മപരിശോധന നടത്താനാണ് സി.പി.എം നേതാക്കൾ തയ്യാറാകേണ്ടത്’– കെ.സി.വേണുഗോപാലിന്‍റെ കുറിപ്പില്‍ പറയുന്നു.

ENGLISH SUMMARY:

Senior Congress leader KC Venugopal hit back sharply at the CPM through a scathing Facebook post following their heavy criticism of Rahul Gandhi's remarks at the INDIA alliance meeting. Venugopal likened the Left party's aggressive political attacks to someone breaking a mirror simply because they do not like their own reflection. He firmly pointed out that outside the borders of Kerala, the CPM has practically reduced its existence to relying heavily on Congress support to even maintain its minimal parliamentary presence. The massive political row originally erupted after Rahul Gandhi openly stated at the alliance meeting that he could not hug Chief Minister Pinarayi Vijayan due to their direct ideological warfare in Kerala. In response, Pinarayi Vijayan had recalled seeing Rahul Gandhi hug Prime Minister Narendra Modi, accusing the Congress party of subtly helping the BJP and damaging the larger fabric of the opposition alliance. Venugopal strongly concluded that instead of blaming the national leadership for their continuous regional failures, the CPM leadership should look inward and self-reflect on their devastating decline in historical strongholds like West Bengal.