Manorama

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ‘തമിഴക വെട്രി കഴകം’ പാര്‍ട്ടിഘടകം കേരളത്തിലും ആരംഭിക്കുന്നു. വയനാട് ജില്ലയിലാണ് ആദ്യത്തെ ടിവികെ കേരളഘടകം സാന്നിധ്യമറിയിക്കുന്നത്. തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന വെങ്ങപ്പള്ളിയിലാണ് പാർട്ടിയുടെ ആദ്യ യൂണിറ്റ് രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

‘മൈ ടിവികെ’ എന്ന ആപ്പ് വഴി വെങ്ങപ്പള്ളിയിലെ ഒരു കൂട്ടം യുവാക്കളാണ് ഘടകം രൂപീകരിക്കാനുള്ള റജിസ്ട്രേഷനായി അപേക്ഷ സമര്‍പ്പിച്ചത്. സഫ്‌വാൻ ഖലീലിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ യുവാക്കളുടെ സംഘമാണ് വിജ‌യ്‌യുടെ പാര്‍ട്ടിഘടകം ഒരുക്കുന്നത്. ടിവികെയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിവാദ്യം അർപ്പിച്ചു വെങ്ങപ്പള്ളി ടൗണിൽ ഇവർ വലിയ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.

തമിഴ് ടിവികെയ്ക്ക് സമാനമായി ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരായ യുവാക്കളുമാണ് യൂണിറ്റിനായി പ്രവര്‍ത്തിക്കുന്നത്. ഐടി പ്രഫഷനലുകളും കൊമേഴ്‌സ് ബിരുദധാരികളുമടങ്ങുന്നവരാണ് ഈ കൂട്ടായ്മയില്‍ ഇപ്പോള്‍ സജീവമായിരിക്കുന്നത്. ടിവികെ ആപ്പിലെ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഔദ്യോഗികമായി യോഗം ചേർന്ന് ഭാരവാഹികളെ പ്രഖ്യാപിക്കും. 

വയനാട് ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വിജയ് ആരാധകരും ടിവികെ യൂണിറ്റുകളുമായി സഹകരിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നുവെന്നും ഇവർ അവകാശപ്പെടുന്നുണ്ട്. അധികം താമസിയാതെ കേരളത്തിന്റെ മറ്റു മേഖലകളില്‍ നിന്നും ആളുകളെത്തുമെന്നാണ് പ്രതീക്ഷ. 

TVK Kerala Unit Launched in Wayanad:

Thalapathy Vijay's political party, Tamilaga Vettri Kazhagam (TVK), is launching its Kerala unit, with the first chapter being established in Wayanad. This move follows TVK's significant victory in the Tamil Nadu assembly elections, marking a notable expansion of the party's presence beyond its home state.