രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ഇളയദളപതി വിജയ് ജയിച്ചു കയറിയത്. 'വന്നു, കണ്ടു...കീഴടക്കി' എന്ന ഈ പ്രയോഗം അന്വര്‍ഥമാക്കുന്ന തിരഞ്ഞെടുപ്പ് പ്രകടനം. വിസിലടിച്ചുവന്ന അണ്ണനും പിള്ളേരും തമിഴകം പിടിച്ചെടുക്കുമെന്ന് സത്യത്തില്‍ ആരും കരുതയില്ലെന്നതാണ് വാസ്തവം. ടിവികെ പോലും ഇത് പ്രതീക്ഷിച്ചോയെന്നതും സംശയമാണ്. രണ്ടുവര്‍ഷം മാത്രം പ്രായമുള്ള പാര്‍ട്ടിക്ക് ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ വിജയം, ഭരണം... വിജയ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഇതൊരു സിനിമ പോലെ ആയല്ലോ എന്ന് ചിന്തിച്ചവരാണ് അധികവും. പെട്ടെന്ന് ഒരു സുപ്രഭാത്തില്‍ സിനിമവിട്ട് രാഷ്ട്രീയത്തിലേക്ക് വന്നതും തമിഴ്നാടിന്റെ തലവനായതുമാകും വിജയ്‌യുടെ റിയല്‍ ലൈഫിലെ വമ്പന്‍ ട്വിസ്റ്റ്. എന്നാല്‍ ഈ പടത്തിന് ഒരു ഫ്ലാഷ് ബാക്ക് കൂടിയുണ്ട്. ആ ഫ്ലാഷ് ബാക്ക് ആണ് അണ്ണനെ സ്ക്രീനില്‍നിന്ന് ഗ്രൗണ്ടിലിറക്കിയതിന് പിന്നിലെന്നാണ് തമിഴ്നാട്ടിലെ സംസാരം. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ പിറന്നാള്‍ ദിനം, മധുരപ്രതികാരത്തിന്‍റെ പുഞ്ചിരിയും വിജയ്‌യുടെ ചുണ്ടിലുണ്ടാകും.
വര്‍ഷം 2013 ...വിജയ് ചിത്രം ‘തലൈവ ’യുടെ പോസ്റ്റര്‍ തമിഴ്നാട് മുഴുവന്‍ നിറഞ്ഞു. ടീസറിനും ട്രെയിലറിനും വന്‍വരവേല്‍പ്പ്. എ.എല്‍ വിജയ് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍. വേള്‍ഡ് വൈഡായി ഓഗസ്റ്റ് 8 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. പക്ഷെ ഇതുവരെ വിജയ് പടത്തിന് ഇല്ലാത്തൊരു ടൈറ്റില്‍ ടാഗ് ലൈന്‍ ‘തലൈവ’യിലുണ്ടെന്നത് അന്നത്തെ അണ്ണാ ഡിഎംകെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടു. പ്രത്യേകിച്ച് തലൈവി ജയലളിതയുടെ. ‘ടൈം ടു ലീഡ് ’ എന്ന ടാഗ് ലൈന്‍ ജയലളിതയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. കോടിക്കണക്കിന് ഫാന്‍ബേസുള്ള വിജയ്‌യുടെ പടത്തിന് അങ്ങനെയൊരു ടാഗ് ലൈന്‍ വന്നത് പുരട്ചി തലൈവിക്ക് ഇഷ്ടപ്പെട്ടില്ല. മാര്‍ക്കറ്റിങ് തന്ത്രത്തിന് വേണ്ടി മാത്രമാണോ അത് , അതോ തിരശീലയില്‍നിന്ന് അരസിയലിലേക്കുള്ള വിജയ്‌യുടെ രാഷ്ട്രീയപ്രഖ്യാപനമാണോയെന്ന് വരെ മുഖ്യമന്ത്രി ജയലളിത സംശയിച്ചു. കാരണം സിനിമക്കാര്‍ രാഷ്ട്രീയത്തിലിറങ്ങുന്നതും മുഖ്യമന്ത്രിയാകുന്നതും തമിഴ്നാട്ടില്‍ പുതിയതല്ലെന്ന് സിനിമ നടിയായിരുന്ന ജയലളിതയ്ക്ക് നന്നായിട്ടറിയാം. മാത്രമല്ല അണ്ണാഡിഎംകെയ്ക്ക് ഒപ്പമുണ്ടായിരുന്ന വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖറിന്റെ രാഷ്ട്രീയ താല്‍പര്യവും ജയലളിതയ്ക്ക് നല്ല നിശ്ചയമുണ്ട്. പിന്നെ ഒന്നും നോക്കിയില്ല. സിനിമയുടെ തമിഴ്നാട്ടിലെ റിലീസ് തലൈവി തടഞ്ഞു.
വലിയ പ്രതീക്ഷയുമായി റിലീസിനെത്തിയ തമിഴ്ചിത്രത്തെ തമിഴ്നാട്ടില്‍ തന്നെ തടഞ്ഞത് ‘തലൈവ’ ടീമിന് കനത്ത തിരിച്ചടിയായി. എന്തിന് സര്‍ക്കാരിത് ചെയ്തുവെന്നായി പിന്നെ അന്വേഷണം. കാരണം തിരക്കിയപ്പോഴാണ് ടാഗ് ലൈനാണ് പ്രശ്നമെന്നറിഞ്ഞത്. ടാഗ് ലൈന്‍ നീക്കിയാല്‍ സിനിമ റിലീസ് അനുവദിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ ടാഗ് ലൈന്‍ നീക്കില്ലെന്ന തീരുമാനത്തില്‍ സംവിധായകനും നിര്‍മാതാവും ഉറച്ചുനിന്നു. അങ്ങനെ ഓഗസ്റ്റ് 8 ന് വേള്‍ഡ് വൈഡായി ആളുകള്‍ തലൈവ കണ്ടപ്പോള്‍ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും തിയറ്ററുകളില്‍ വിജയ് പടം മുടങ്ങി.
തമിഴ്നാട്ടില്‍ പ്രദര്‍ശനം മുടങ്ങുന്നത് കലക്ഷനെ ബാധിക്കുമെന്ന് കണ്ടതോടെ നിര്‍മാതാവും സംവിധായകനും മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ പോയി. പക്ഷെ ജയലളിതയുടെ വീടിന്റെ ഗേറ്റ് കടക്കാന്‍ അവരെ അനുവദിച്ചില്ലെന്നാണ് അക്കാലത്ത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അങ്ങനെ ‘തലൈവ’യുടെ തമിഴ്നാട്ടിലെ റിലീസ് വീണ്ടും നീണ്ടു.
ഇതിനിടെ തമിഴ്നാട്ടിലെ ആരാധകര്‍ക്കായി വിജയ് അന്നൊരു വിഡിയോ പുറത്തിറക്കിയിരുന്നു. പടം വൈകാതെ തമിഴ്നാട്ടില്‍ റിലീസ് ചെയ്യുമെന്നും ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ ആരും കാണരുതെന്നുമായിരുന്നു സന്ദേശം. വിജയ് പറഞ്ഞതുപോലെ തന്നെ ഓഗസ്റ്റ് 20 ന് ചിത്രം തമിഴ്നാട്ടില്‍ റിലീസ് ചെയ്തു. പക്ഷെ റിലീസിന് മുന്‍പ് ‘ടൈം ടു ലീഡ്’ എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ എല്ലാ പ്രെമോഷണല്‍ പ്ലാറ്റ്ഫോമുകളില്‍നിന്നും നീക്കിയിരുന്നു. റിലീസ് അനുമതി ലഭിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി ജയലളിതയെ വിജയ് നേരിട്ട് പോയികണ്ടെന്നും റിലീസ് അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നുവെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ‘ നീ എന്താ തമിഴ്നാട് ഭരിക്കാന്‍ പോകുവാണോ? ’ അന്ന് ജയലളിത വിജയ്‍യോട് ഇങ്ങനെ ചോദിച്ചിരുന്നെന്നും വിവരമുണ്ട്. അത് ശരിയെങ്കില്‍ അന്നേ വിജയ് ശപഥമെുത്തിട്ടുണ്ടാകണം. സിനിമയില്‍ നിന്ന് ജയലളിത തുടച്ചുമാറ്റിയ ‘ടൈം ടു ലീഡ്’ എന്ന ടാഗ് ലൈന്‍ തമിഴ്നാടിനെ കൊണ്ട് തന്നെ എഴുതിച്ചേര്‍ക്കുമെന്ന്.... തലൈവിയോടുള്ള മധുര പ്രതികാരം, അതാണ് തമിഴ്നാട് മുതലമൈച്ചര്‍ സി.ജോസഫ് വിജയ് ഇപ്പോള്‍ നേടിയത്.