ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് വയനാട്ടിലും കുറവില്ല. മനുഷ്യർക്കിടയിലെ കാൽപന്തുപ്രേമം വളർത്തുമൃഗങ്ങളിലേക്കും പടരുന്ന കഥയാണു വയനാട്ടിലെ പുതിയ തരംഗം. അർജൻ്റീനൻ ജേഴ്സിയണിഞ്ഞ് പന്ത് തട്ടുന്ന 'അമ്മു' എന്ന കൊച്ചുനായ ഈ നാട്ടിലെ കൗതുകക്കാഴ്ച. നടവയലിലെ ഈ മിടുക്കിയുടെ ഫുട്ബോൾ അഭ്യാസം ഒന്ന് കണ്ടുതന്നെ അറിയണം.
കാൽപന്തിന്റെ ആവേശത്തിന് മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ല. പച്ചപ്പുൽ മൈതാനങ്ങളിൽ ലോകത്തെ വമ്പന്മാർ പന്തുമായി കുതിക്കുമ്പോൾ, ഇങ്ങ് വയനാട് നടവയലിലെ ഗ്രൗണ്ടിൽ ആവേശത്തിന്റെ മറ്റൊരു ലോകം തീർക്കുകയാണ് അമ്മു. അക്ഷരാർത്ഥത്തിൽ കാൽപന്ത് കളിയിലെ ഒന്നൊന്നര അഭ്യാസം.
മുൻ ഫുട്ബോൾ താരവും കടുത്ത അർജൻ്റീന ആരാധകനുമായ സതീശൻ്റെ പ്രിയപ്പെട്ട അരുമയാണിവൾ. കളത്തിലിറങ്ങിയാൽ പിന്നെ അടിയൻ- യജമാനൻ വ്യത്യാസമില്ല. ഗ്രൗണ്ടിലെ സൂപ്പർസ്റ്റാർ അമ്മു തന്നെ. മുൻകാലുകളും മുഖവും മൂക്കും ഉപയോഗിച്ച്, പന്തിനെ വരുതിയിലാക്കിയുള്ള അവളുടെ ഷോ ഏത് ഫുട്ബോൾ പ്രേമിയെയും അമ്പരപ്പിക്കും. അർജൻ്റീനയുടെ നീലയും വെള്ളയും വരകളുള്ള കുപ്പായമിട്ട് അമ്മു പന്തുമായി മൈതാനത്ത് ശരിക്കും പാറിനടക്കുകയാണ്.
രണ്ട് പ്രസവങ്ങളിലൂടെ ആറ് മക്കളുടെ അമ്മയായതിന്റെയോ, അഞ്ചര വയസ്സ് പിന്നിട്ടതിന്റെയോ ക്ഷീണമൊന്നും കളത്തിലിറങ്ങിയാൽ അമ്മുവിനില്ല. റഫറിയുടെ വിസിലും വേണ്ട. പന്തുരുണ്ടു തുടങ്ങിയാൽ അതിനു പിന്നാലെ അമ്മു പായും. എതിരാളിയുടെ നീക്കം മനസ്സിൽ കണ്ട് പന്ത് കയ്യടക്കി വയ്ക്കും. പിന്നെ അതൊന്ന് റാഞ്ചിയെടുക്കാൻ എതിരാളികൾ ശരിക്കും വിയർക്കും. ലോകകപ്പ് ആവേശത്തിൽ അർജൻ്റീനയുടെ കുപ്പായമണിഞ്ഞ് പന്തിന് പിന്നാലെ പായുന്ന ഈ കുഞ്ഞൻ താരം, ഫുട്ബോളിന് ദേശ–കാലങ്ങളുടേതു മാത്രമല്ല, മനുഷ്യനും മൃഗവും എന്ന വ്യത്യാസമില്ലെന്നും തെളിയിക്കുകയാണ്.