പ്രതിപക്ഷ ഉപനേതാവ് പദവി  വേണമെന്ന് പരസ്യമായി പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഭരണഘടനാപരമായി പ്രതിപക്ഷ ഉപനേതാവ് എന്നൊരു പദവിയില്ലെന്ന് സിപിഎം  അറിയിച്ചതിന് പിന്നാലെയാണ് ബിനോയ് വിശ്വം പരസ്യമായി പദവി ആവശ്യപ്പെട്ടത്. അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്ന കാര്യത്തിൽ പിണറായി വിജയൻ ഞായറാഴ്ച ഡല്‍ഹിയില്‍ ചേരുന്ന പൊളിറ്റ്  ബ്യൂറോ യോഗത്തിൽ മനസ്സ് തുറന്നേക്കും.

കോൺഗ്രസിൽ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയാണ് തർക്കമെങ്കിൽ പ്രതിപക്ഷത്ത് എത്തിയ ഇടത് മുന്നണിയിൽ പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയാണ്  കലഹം ഉടലെടുക്കുന്നത്. വിഎസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ കോടിയേരി ബാലകൃഷ്ണൻ വഹിച്ച പ്രതിപക്ഷ ഉപനേതാവ് പദവി ഇത്തവണ സിപിഐക്ക് വേണമെന്നാണ്  അവരുടെ ആവശ്യം. ഇക്കാര്യം തള്ളിയ സിപിഎം പ്രതിപക്ഷ നേതാവ് എന്ന ഭരണഘടനാപരമായി ഒരു പദവി ഇല്ലെന്നും നിയമസഭയിൽ കക്ഷി നേതാക്കൾ മാത്രമേ ഉള്ളൂവെന്നും സിപിഎമ്മിനെ അറിയിച്ചു. ഇതോടെയാണ്  സാങ്കേതികമായ തടസ്സങ്ങൾ പ്രശ്നമല്ലെന്നും ഇത്തരം പ്രശ്നങ്ങൾ നേരത്തെയും പരിഹരിച്ചിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐ സംസ്ഥാന സെക്രട്ടറി പരസ്യമായി ആവശ്യപ്പെട്ടത്.

സംസ്ഥാന സെക്രട്ടറിക്ക് മുൻപേ മാധ്യമങ്ങളോട് പ്രതികരിച്ച പാർട്ടി ദേശീയ നേതാവ് പി സന്തോഷ് കുമാർ ഉപനേതാവ് പദവിയെ പറ്റിയുള്ള ചർച്ചകൾ തനിക്കറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. പ്രതിപക്ഷ നേതാവ് ആരായാലും അക്കാര്യത്തിൽ സിപിഐ നിലപാട് പറയില്ല. അതേസമയം  പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ എന്ന് ഞായറാഴ്ച വ്യക്തമായിരിക്കും. ഡൽഹിയിൽ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ പിണറായി മനസ്സുതുറക്കും എന്നാണ് വിവരം . തെരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദിത്വം ഏറ്റെടുത്ത് മാറിനിൽക്കാൻ പിണറായി തീരുമാനിച്ചാൽ മാത്രമേ മറ്റൊരാളിലേക്ക് പ്രതിപക്ഷ നേതൃപദവിയെത്തൂ. കെ എൻ ബാലഗോപാലിലാണ് കൂടുതൽ സാധ്യത.

ENGLISH SUMMARY:

Opposition deputy leader position in Kerala is a topic of discussion, with CPI State Secretary Binoy Viswam publicly demanding the post. This comes after the CPM stated that there is no constitutional position of opposition deputy leader, emphasizing that only party leaders exist in the assembly