കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണസംഘത്തെ വെല്ലുവിളിച്ച് മുഖ്യപ്രതി ജിതിന്‍ ഭാസ്കര്‍. സ്ക്രീന്‍ഷോട്ട് താന്‍ പത്ത് പേര്‍ക്കെങ്കിലും അയച്ചിട്ടുണ്ടെന്ന് തെളിയിക്കാനാകുമോ എന്നാണ് ജിതിന്‍റെ ചോദ്യം. അന്വേഷണസംഘത്തെ വെല്ലുവിളിക്കുകയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.
കാഫിര്‍ സ്ക്രീന്‍ഷോട്ട് വാട്സാപ്പ് ബ്രോഡ്കാസ്റ്റ് ഗ്രൂപ്പ് വഴി 200 പേര്‍ക്ക് ജിതിന്‍ ഭാസ്ക്കര്‍ അയച്ചുവെന്നാണ് എസ്‍ഐടിയുടെ കണ്ടെത്തല്‍. ഇതിനെയാണ് ജിതിന്‍ ഭാസ്ക്കര്‍ വെല്ലുവിളിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. തന്‍റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പില്‍ സിപിഎം അനുഭാവികളും പ്രവര്‍ത്തകരും മാത്രമല്ല കോണ്‍ഗ്രസുകാരുമുണ്ട്. സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചെങ്കില്‍ അന്വേഷണത്തിലൂടെ കണ്ടെത്തണം. 200 പേര്‍ക്ക് പോയിട്ട് പത്ത് പേര്‍ക്കെങ്കിലും താനയച്ചിട്ടുണ്ടെന്ന് തെളിയിച്ചാല്‍ കുറ്റകൃത്യത്തിന് പിന്നില്‍ താനാണെന്ന് സമ്മതിക്കാം എന്നും ജിതിന്‍ ഭാസ്ക്കര്‍ പറയുന്നു. കൂടുതല്‍ പറയാനുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ദേശം മാനിച്ചാണ് മിണ്ടാതിരിക്കുന്നതെന്നും ജിതിന്‍ ഫെയ്സ്ബുക്കില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജിതിന്‍റെ വെല്ലുവിളി ജാമ്യ ഉപാധികളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.
അന്വേഷണസംഘത്തെ വെല്ലുവിളിച്ചതിന് പുറമേ സാക്ഷികളെ ഭയപ്പെടുത്താന്‍ ഉള്ള ശ്രമം കൂടിയാണ് നടത്തുന്നത്. അതിനാല്‍ ജിതിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ഖിഫില്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. കേസില്‍ 18 ദിവസം റിമാന്‍ഡിലായിരുന്ന ജിതിന്‍ ജയില്‍മോചിതനായതിന് പിന്നാലെ സിപിഎം സ്വീകരണം നല്‍കിയിരുന്നു. ഡിവൈഎഫ്ഐ വടകര മുന്‍ ബ്ലോക്ക് കമ്മറ്റി അംഗവും സിപിഎം തുരുത്തി ലോക്കല്‍ കമ്മറ്റി അംഗവുമാണ് ജിതിന്‍ ഭാസ്കര്‍.