മുട്ട, ഇഷ്ടിക, കരിങ്കല്ല്. ഇതൊക്കെ ആയുധങ്ങളാക്കിയായിരുന്നു പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തത്. ചോദ്യം ചെയ്ത് രണ്ടു ടാക്സി കാറുകളില്‍ മടങ്ങിയ അന്വേഷണസംഘത്തെ വളഞ്ഞിട്ടാണ് ആക്രമിച്ചത്. രണ്ടു കാറുകളിലുമായി മൂന്ന് വനിതകള്‍ അടക്കം അഞ്ച് ഉദ്യോഗസ്ഥരുണ്ടായിരുന്നു. ആദ്യം മുട്ട എറിഞ്ഞു. പിന്നെ ഇഷ്ടിക, പിന്നെ കരിങ്കല്ല്. കിട്ടിയതോടെ കാറിലേക്ക് എറിഞ്ഞു. ചില്ലുകള്‍ തകര്‍ന്ന് കാറിന്റെ ഡ്രൈവറിനടക്കം പരുക്കേറ്റു. ആ ആക്രമണത്തെക്കാള്‍ സി.പി.എമ്മിനെ വേട്ടയാടിയത് ആക്രമണശേഷം വന്ന ഒരു പ്രതികരണമായിരുന്നു. അത് ടാക്സി ഡ്രൈവറായി തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ആര്‍. ശ്യാംരാജിന്റെതായിരുന്നു. മരണത്തെ മുഖാമുഖം കണ്ട ശ്യാംരാജ്, ഇ.ഡി ഉദ്യോഗസ്ഥരെ കൊണ്ടുവന്ന താനും തന്റെ ടാക്സിയും എന്ത് പിഴച്ചുവെന്ന ചോദ്യം സി.പി.എമ്മിനെ ചെറുതല്ലാതെ വേട്ടയാടി. കാരണം, ശ്യാംരാജ് വെറും ടാക്സി ഡ്രൈവര്‍ മാത്രമല്ല. സംഗീത കോളജിനോട് ചേര്‍ന്നുള്ള ടാക്സി സ്റ്റാന്‍ഡിലെ സി.ഐ.ടി.യു ഓട്ടോ ടാക്സി യൂണിയന്‍ പ്രസിഡന്റ് കൂടിയാണ്. 

ശ്യാംരാജിന്റെ പ്രതികരണം വന്‍ ചര്‍ച്ചയായതോടെ, ശ്യാംരാജിന്റെ വാഹനം നന്നാക്കാനുള്ള സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച് അന്നത്തെ സി.പി.എം  ആക്ടിങ് ജില്ലാ സെക്രട്ടറിയും എം.പിയുമായ എ.എ.റഹീം പ്രതിഷേധത്തിന്റെ ആക്കം കുറച്ചു. മാസം ഒന്നര പിന്നിടുമ്പോള്‍ റഹീമും സി.പി.എമ്മും ശ്യാംരാജിനെ മറന്നു. വാക്കും മറന്നു. ശ്യാംരാജിന്റെ ടാക്സി ഇന്നും വര്‍ക് ഷോപ്പിലാണ്. കുടുംബം പട്ടിണിയാകാതിരിക്കാന്‍ ഇപ്പോള്‍ ശ്യാംരാജ് കൂലിക്ക് വണ്ടിയോടിക്കാന്‍ പോകും, പെയിന്റിങ് പണിക്ക് പോകും. ഇതാണ് വരുമാന മാര്‍ഗം. 

റഹീമിന്റെ സഹായപ്രഖ്യാപനത്തിന് പിന്നാലെ ചില പാര്‍ട്ടി നേതാക്കള്‍ വിളിച്ചതൊഴിച്ചാല്‍ പിന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. ചില്ല് തകര്‍ന്നപ്പോള്‍ രണ്ടു കണ്ണുകള്‍ക്കും പരുക്കേറ്റിട്ടും ഇ.ഡി ഉദ്യോഗസ്ഥരെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്ത് എത്തിച്ച ശ്യാംരാജിനെ ഇ.ഡി ഉദ്യോഗസ്ഥരും പിന്നീട് ബന്ധപ്പെട്ടിട്ടില്ല. ആരെയും അങ്ങോട്ട് വിളിക്കാന്‍ മനസ് വരാത്തത് കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ് ശ്യാംരാജ്. 

നിലമേലിലെ വര്‍ക് ഷോപ്പിലാണ് കാര്‍. അറ്റക്കുറ്റപണി പൂര്‍ത്തിയായപ്പോള്‍ 1.85 ലക്ഷം രൂപയായി. പണം നല്‍കാനില്ലാത്തത് കൊണ്ട് കാര്‍ അവിടെ തന്നെ. ഫിറ്റ്നസ് തീര്‍ന്ന് രണ്ട് ദിവസം കഴി‍ഞ്ഞപ്പോഴായിരുന്നു ആക്രമണം. അതുകൊണ്ട് കേടുപാടുകള്‍ തീര്‍ക്കാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും കിട്ടിയില്ല. ആക്രമണം നടക്കുമ്പോള്‍ രണ്ടുമാസത്തെ വായ്പാ തിരിച്ചടവ് മുടക്കമുണ്ടായിരുന്നു. ഇപ്പോള്‍ രണ്ടുമാസം വായ്പ തിരിച്ചടിച്ചിട്ടില്ല. ഇതോടെ വാഹനം ജപ്തി ഭീഷണിയിലുമായി. 

ENGLISH SUMMARY:

CPM workers attacked ED officials who were raiding Pinarayi Vijayan's house, leaving the taxi driver who transported them in financial distress due to broken promises of repair and support. The driver, who was also the CITU union president, suffered injuries and his taxi was damaged beyond repair, with the CPM failing to fulfill their commitment.