Untitled design - 1

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ തലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തിരക്കിട്ട ചര്‍ച്ചകള്‍. നിയമസഭാകക്ഷിയോഗം ഇന്ദിരാഭവനില്‍ ചേരാനിരിക്കെ വി.ഡി.സതീശന്‍ എഐസിസി നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയില്ലെങ്കില്‍ മറ്റൊന്നും വേണ്ടെന്ന കടുത്ത നിലപാടിലാണ് വി.ഡി. എംഎല്‍എമാരുടെ ഭൂരിപക്ഷം മാത്രം കണക്കിലെടുക്കരുതെന്നും പൊതുവികാരവും ഘടകകക്ഷികളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നും വി.ഡി ചൂണ്ടിക്കാട്ടി. 

 

മറുവശത്ത് കെ.സി. വേണുഗോപാലിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ രംഗത്തെത്തി. നേതാക്കളെ മാത്രമല്ല പ്രവര്‍ത്തകരെയും  കേള്‍ക്കണം. ഒരുപാട് സതീശന്മാരുണ്ടെന്നും സുധാകരന്‍ വിമര്‍ശിച്ചു. പ്രവര്‍ത്തകരുടെ അഭിപ്രായം കേള്‍ക്കണമെന്നും നേതാക്കളുടെ മാത്രം അഭിപ്രായം കേട്ടാല്‍പോരെന്നും സുധാകരന്‍ പറഞ്ഞു. ചോരനീരാക്കി പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെയും കേള്‍ക്കണം. പ്രതിപക്ഷ നേതാവിന് പറയാനുള്ളതും കേള്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Also Read: കോഴിക്കോട് ജില്ലയിൽ യുഡിഎഫിന്‍റെ വൻ തിരിച്ചുവരവ്; മന്ത്രിസഭാ പ്രവേശനത്തിനായി ചർച്ച

നിരീക്ഷകര്‍ക്ക് സുധാകരന്‍ കത്ത് നല്‍കി. കൊടിക്കുന്നില്‍ സുരേഷും ബെന്നി ബഹനാനും എം.കെ. രാഘവനും  കെ.സിയെ പിന്തുണച്ചു. സോണിയ ഗാന്ധി എല്ലാവര്‍ക്കും ദൗത്യങ്ങള്‍ നല്‍കിയെന്നും എല്ലാവരും ഭംഗിയാക്കിയെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. 

 

അതേസമയം, വി.ഡി സതീശനായി പ്രവര്‍ത്തകര്‍ രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങുകയാണ്. കണ്ണൂര്‍ ഇരിട്ടിയില്‍ വൈകീട്ട് അഞ്ചിന് സതീശനുവേണ്ടി പ്രകടനം നടത്തും. പേരാവൂര്‍ കോണ്‍ഗ്രസുകാര്‍ എന്ന പേരിലാണ് വി.ഡിക്കായി ആഹ്വാനം ചെയ്തിരിക്കുന്നത്. 

 

ഇതിനിടെ ആലപ്പുഴയില്‍ കെ.സിക്കെതിരെ ബാനര്‍ പ്രത്യക്ഷപ്പെട്ടു. കെ.സിയെ എം.പിയാക്കിയത് മുഖ്യമന്ത്രിയാക്കാനല്ല, എ.ഡി.തോമസിനെ ജയിപ്പിച്ചത് രാജിവയ്ക്കാനല്ല. ആലപ്പുഴയില്‍ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പിക്കരുത് എന്നിങ്ങനെയാണ് കോണ്‍ഗ്രസ് സഹയാത്രികര്‍ എന്നപേരില്‍ ഇറങ്ങിയ പോസ്റ്ററില്‍ പറയുന്നത്. 

 

തിരഞ്ഞെടുപ്പിലുണ്ടായത് കൂട്ടായ്മയുടെ വിജയമെന്ന് എം.ലിജു പ്രതികരിച്ചു. എല്ലാവരും കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചു. പ്രതിപക്ഷനേതാവും അദേഹത്തിന്‍റെ ദൗദ്യം ഭംഗിയായി നിര്‍വഹിച്ചെന്നും ലിജു മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്കമില്ലെന്ന് ടി.സിദിഖ് പറഞ്ഞു. മുഖ്യമന്ത്രിയാകണമെന്ന് കെ.സി പരസ്യമായി ആവശ്യപ്പെട്ടിട്ടില്ല. സതീശനും ചെന്നിത്തലയും ഇതേ നിലപാടാണ് തുടരുന്നതെന്നും സിദ്ദിഖ് പറഞ്ഞു

ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ എംഎല്‍എമാരെ ഓരോരുത്തരെയും കാണും. നിരീക്ഷകരുമായി വി.എം.സുധീരന്‍ കൂടിക്കാഴ്ച നടത്തി. ഘടകകക്ഷി നേതാക്കളുമായി വൈകിട്ടാണ് ചര്‍ച്ച. 35 എം.എല്‍.എമാരുെട പിന്തുണയുണ്ടെന്ന് സതീശൻ പക്ഷവും 52 പേരുടെ പിന്തുണയുണ്ടെന്ന് കെ.സി.പക്ഷവും 25 പേരുടെ പിന്തുണ അവകാശപ്പെട്ട് ചെന്നിത്തല പക്ഷവും രംഗത്തുണ്ട്

ENGLISH SUMMARY:

VD Satheesan is firmly stating that he wants nothing less than the Chief Minister's post, expressing a strong stance in the ongoing discussions within the Congress party regarding leadership in Kerala. The Kerala Congress leadership is currently engaged in heated discussions to decide the next Chief Minister, with VD Satheesan and KC Venugopal emerging as prominent contenders.