കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചർച്ചകള്‍ തുടരവേ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ. വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ രൂക്ഷമായി പ്രതികരിച്ച അദ്ദേഹം ആസൂത്രിതമായ പി.ആർ. സൈബർ ആക്രമണത്തിന് ഇരയാകാൻ മാത്രം എന്തു തെറ്റാണ് കെ.സി.വേണുഗോപാല്‍ ചെയ്തതെന്നും ചോദിച്ചു. ‘സൈബർ ഗുണ്ടായിസം കൊണ്ട് ഇല്ലാതാകുന്നതാണോ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലം കൊണ്ട് ഈ പാർട്ടിക്കു വേണ്ടി കെസി ഒഴുക്കിയ ചോരയും വിയർപ്പും അധ്വാനവും? അയാൾക്ക് അന്നും ഇന്നും എന്നും പ്രധാനം പാർട്ടിയാണ്. സംഘടനയാണ്. ആ സംഘടനയുടെ തീരുമാനങ്ങളാണ്.’– ബിനു കുറിച്ചു.
ഫെയ്സ്ബുക്കിലൂടെയായിരുന്നു ബിനു ചുള്ളിയിലിന്‍റെ പ്രതികരണം. ‘കേരളത്തിലെ ഏറ്റവും ജനകീയരായ എംഎല്‍എമാരില്‍ ഒരാളായിരുന്നു 2009 വരെ കെ.സി.വേണുഗോപാൽ. 2009–ൽ ആലപ്പുഴ പാർലമെന്‍റ് സീറ്റ് തിരിച്ചു പിടിക്കാൻ കെ.സി തന്നെ മൽസരിക്കണം എന്ന് പാർട്ടി പറഞ്ഞപ്പോൾ സംസ്‌ഥാന രാഷ്ട്രീയത്തിലെ തന്‍റെ എല്ലാ താൽപര്യങ്ങളും മാറ്റിവച്ച് പാർട്ടി പറഞ്ഞത് അനുസരിച്ച് അയാൾ എംപിയായി ഡൽഹിക്കു പോവുകയായിരുന്നു. അന്ന് കേരളത്തിൽ നിൽക്കണമെന്ന് കെ.സി ശഠിച്ചിരുന്നോ? ഇല്ലല്ലോ, കാരണം അയാൾക്ക് അന്നും ഇന്നും എന്നും പ്രധാനം പാർട്ടിയാണ്. സംഘടനയാണ്. ആ സംഘടനയുടെ തീരുമാനങ്ങളാണ്’– ബിനുവിന്‍റെ പോസ്റ്റില്‍ പറയുന്നു.
വേണുഗോപാലിനെതിരെ പിആർ ഏജൻസികളിലൂടെ മുഖമില്ലാത്ത ഗുണ്ടകളെ ഉപയോഗിച്ച് നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ ഉത്തരവാദിത്തപ്പെട്ട പാർട്ടി നേതൃത്വം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.സിക്കെതിരായ ഇപ്പോഴത്തെ സൈബർ ആക്രമണം അസൂത്രിതമാണെന്ന് ബോധ്യപ്പെട്ടിട്ടും അതിനെതിരെ ഒരക്ഷരം പോലും പറയാത്ത ഉത്തരവാദിത്തപ്പെട്ട കോൺഗ്രസ് നേതാക്കളുടെ മൗനം നിരാശജനകമാണ്. ഈ മുഖം മൂടി സംഘത്തെ ഭയന്ന് മിണ്ടാതിരിക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ഇത് തന്നെ ആകും നാളെയും ഈ പാർട്ടിയിലെ കീഴ്‌വഴക്കമെന്നും പോസ്റ്റില്‍ വിമര്‍ശനമുണ്ട്.
‘മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കട്ടെ. കോൺഗ്രസ് ഹൈക്കമാൻഡിനെ ഗൺ പോയിന്‍റില്‍ നിർത്തി കാര്യം സാധിക്കാമെന്ന് കരുതുന്ന സൈബർ ഗുണ്ടകൾക്ക് കൊത്തിപ്പറിക്കാനുള്ള ആളല്ല കെ.സി.വേണുഗോപാൽ’ എന്നും ബിനു ചുള്ളിയിൽ കുറിച്ചു. കെ.സി.വേണുഗോപാല്‍, വി.ഡി.സതീശന്‍, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.