യുഡിഎഫിന്‍റെ വമ്പന്‍ വിജയത്തിന് പിന്നാലെ നിലപാടുകളില്‍ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശന്‍. വി.ഡി.സതീശന്‍ മികച്ച പ്രതിപക്ഷ നേതാവായിരുന്ന് പറ‍ഞ്ഞ വെള്ളാപ്പള്ളി കെ.സി.വേണുഗോപാലാണ് വിജയ ശില്‍പിയെന്നും, പാരമ്പര്യവും മെയ് വഴക്കവമുള്ള നേതാവാണ് രമേശ് ചെന്നിത്തലയെന്നും പുകഴ്ത്തി. യുഡിഎഫ് നൂറ് സീറ്റ് നേടിയാല്‍ രാജിവെക്കുമെന്ന പഴയ വാക്ക് ഓര്‍മിപ്പിച്ചപ്പോള്‍ അങ്ങനെ പലതും പറഞ്ഞുകാണുമെന്ന് പറഞ്ഞ് വെള്ളാപ്പള്ളി തടിതപ്പി. നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നുപേരും അവരവരുടെ മേഖലകളില്‍ പ്രഗത്ഭരാണെന്നും യുക്തമായ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

എംഎല്‍എമാരില്‍ ഭൂരിപക്ഷവും കെസിക്കൊപ്പമാണെന്നും എന്നാല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എങ്ങനെ പോകണമെന്ന് തീരുമാനിക്കാന്‍ കഴിവുള്ള അതികായനായ നേതാവാണ്  കെസി, അങ്ങനെയൊരാള്‍ കേരളം ഭരിക്കാന്‍ വരുമെന്ന് താന്‍ കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 'രാജ്യം ഭരിക്കുന്നയാളാണ് കെ.സി. വേണുഗോപാല്‍. അദ്ദേഹം പ്രഗത്ഭനാണ്, മിടുക്കനാണ്. ഇന്നിപ്പോള്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ് എങ്ങനെ പോകണമെന്ന് തീരുമാനിക്കാന്‍ മാത്രം കഴിവുള്ള അതികായനായ നേതാവാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ ഇന്ന് മൂന്നാമത്തെ സ്ഥാനം ഉള്ളയാളാണ്. അദ്ദേഹം ഇന്ത്യയില്‍ തന്നെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ആളാണ്. പലയിടത്തും പല പ്രശ്നങ്ങളും ഉണ്ടായപ്പോള്‍ അദ്ദേഹത്തിന്‍റെ ഇടപെടലുകള്‍ കൊണ്ട് അത് പരിഹരിച്ചു. വേണുഗോപാല്‍ ഡല്‍ഹിയില്‍ ഇരുന്നാലും കേരളം ഭരിക്കാം. കൊച്ചു കേരളം, ഇവിടെ എന്നാ ഇരിക്കുന്നു? അദ്ദേഹം ഭരിക്കാന്‍ വരുമോ എന്ന് സംശയമാണ്. ഇന്ത്യയില്‍ കുറേ കരിമ്പിന്‍ തോട്ടമുണ്ട്. അതുള്ളപ്പോള്‍ കറുകപ്പുല്ല് തിന്നാന്‍ വരുമോ? ഇത്തവണത്തെ വിജയത്തിന‍്റെ ശില്‍പി കെസിയാണ്. ഫണ്ടിങ് നന്നായി നടത്തി. മണി പവര്‍ നന്നായി കാണിക്കാനുള്ള എല്ലാ സൗകര്യവും കെ.സി. വേണുഗോപാല്‍ നല്‍കി. 

ചെന്നിത്തല ഏറ്റവും സീനിയറാണ്. ഏറെനാള്‍ പ്രവര്‍ത്തന പാരമ്പര്യവും പരിചയവും എല്ലാവരെയും ഒന്നിപ്പിച്ച കൊണ്ടുപോകാന്‍ നയവും നയചാതുരിയുമുള്ള ആളാണ്. അദ്ദേഹത്തിന് ആരുമായും ഒരു വിവാദമില്ല. കേന്ദ്രത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിനാല്‍ അത്തരത്തിലെ പരിചയമുണ്ടായിരുന്നു. ആരുമാകാന്‍ സാധിക്കാതെ എല്ലാം സഹിച്ച് നിന്നയാളാണ്.  സതീശന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രഗത്ഭനായ പ്രകടനം കാഴ്ചവച്ചു. ഇതിലാര് വേണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. അവര്‍ യുക്തമായി തീരുമാനിക്കട്ടെ'- െവള്ളാപ്പള്ളി പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി തീവ്രവാദിയല്ല, മാന്യനായ നേതാവാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. അതേസമയം യുഡിഎഫിന് നൂറ് സീറ്റ് കിട്ടിയാല്‍ രാജി വയ്ക്കുമെന്ന് പറഞ്ഞില്ലേയെന്ന ചോദ്യത്തിന് അങ്ങനെ പലതും പറഞ്ഞുകാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ENGLISH SUMMARY:

SNDP General Secretary Vellappally Natesan has shared his candid views on the ongoing Chief Ministerial discussions within the UDF following their historic victory. He praised Ramesh Chennithala as a seasoned leader with the diplomatic skills needed to unite everyone without controversy. While acknowledging V.D. Satheesan’s effective stint as the Opposition Leader, Natesan reserved significant praise for K.C. Venugopal, calling him the "architect of this victory" due to his strategic funding and organizational power. However, he expressed doubt about Venugopal returning to Kerala, metaphorically asking if a leader who controls the "sugarcane fields" of national politics would settle for the "grass" of a small state. Natesan also defended P.K. Kunhalikutty, calling him a dignified leader, and dismissed his earlier statement about resigning if the UDF won 100 seats as something said in the heat of the moment. Ultimately, he stated that the decision on who should lead the state rests entirely with the Congress High Command.