കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയുടെ തോൽവിയെച്ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി. നേതാക്കളുടെ പേര് എടുത്തു പറഞ്ഞ് വിമർശിച്ചാണ് പാർട്ടി അംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. അതേസമയം പ്രതിഭയെ തോൽപ്പിക്കാൻ ചില നേതാക്കൾ ശ്രമിച്ചുവെന്ന ആരോപണം  അസംബന്ധമെന്ന് സിപിഎം ജില്ലാ സെകട്ടറി ആർ. നാസറും പ്രതികരിച്ചു.

വര്‍ഷങ്ങളായി നേതാക്കള്‍ കാത്തുവച്ച പ്രതികാരമാണ് കായംകുളത്തെ ഈ തോല്‍വിയെന്നാണ് ശബ്ദസന്ദേശത്തിലടക്കം പറയുന്നത്. ചേരിതിരിഞ്ഞുള്ള പോരും സൈബറിടത്ത് സജീവമാണ്. സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ, ഏരിയ സെക്രട്ടറി അബിൻ ഷാ  ഉൾപ്പെടെയുള്ള നേതാക്കളുടെ പേരു പറഞ്ഞാണ് വിമർശനം. സിപിഎം കോട്ടയായ പത്തിയൂരിൽ 1500 വോട്ടുകൾക്ക് യു.പ്രതിഭ പിന്നിൽ പോയത് വേണ്ട രീതിയിൽ പ്രവർത്തിക്കാത്തതുകൊണ്ടാണെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. അയ്യായിരത്തോളം സിപിഎം വോട്ടുകള്‍ ചോര്‍ന്നുവെന്നാണ് ആരോപണം. നഗരസഭ പരിധിയിൽ 8000 വോട്ടിന് എല്‍ഡിഎഫ് പിന്നിലാകുകയും ചെയ്തു. 

പഞ്ചായത്തുകളിലും പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലും ബൂത്ത് കണ്‍വെന്‍ഷന്‍ നടക്കാത്തതും തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിമാര്‍ പ്രവര്‍ത്തിക്കാത്തതും പ്രസ്താവനകള്‍ വീടുകളില്‍ എത്തിക്കാത്തതുമെല്ലാം പ്രവര്‍ത്തകര്‍ അക്കമിട്ട് നിരത്തുന്നു. വേണ്ടത്ര ബോര്‍ഡുകള്‍ വച്ചില്ലെന്നും പോസ്റ്ററുകള്‍ പതിച്ചില്ലെന്നും അനൗണ്‍സ്മെന്‍റ് വാഹനങ്ങള്‍ എത്തിയില്ലെന്നും ഉള്‍പ്പടെയുള്ള സംഘടനാപരമായ വീഴ്ചകളും അംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. ഇതോടെ തിരഞ്ഞെടുപ്പ് കാലത്ത് ഒതുങ്ങിയെന്ന് കരുതിയ വിഭാഗീയത കായംകുളത്ത് വീണ്ടും ശക്തമാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ENGLISH SUMMARY:

The Kayamkulam CPIM unit is in turmoil following the defeat of sitting MLA U. Pratibha by a margin of 15,572 votes to UDF’s M. Liju. Outraged party members have taken to social media to openly blame local leaders, including K.H. Babujan and Area Secretary Abin Shah, accusing them of orchestrating a "planned sabotage" to settle old scores. Workers point to the alarming drop in votes in traditional strongholds like Pathiyoor and Kayamkulam Municipality as evidence of deliberate inaction during the campaign. Allegations include the intentional absence of booth conventions, failure to distribute campaign materials, and lack of basic promotional efforts like posters and announcement vehicles. While District Secretary R. Nazar dismissed these claims as baseless, the grassroots sentiment suggests a deep-rooted factionalism that resurfaced during the election. This defeat is being viewed not just as a loss of a seat, but as a significant blow to the party’s internal cohesion in Alappuzha.