കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ വേദനിപ്പിച്ചുവെന്ന് ഓര്‍ത്തഡോക്സ് സഭ. വോട്ടുബാങ്കും നോട്ടുബാങ്കും നോക്കി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷം പല സ്ഥലങ്ങളിലും അവഹേളിക്കുന്നതും അപമാനിക്കുന്നതുമായ പ്രതികരണം പലഭാഗങ്ങളില്‍ നിന്നുണ്ടായെന്നും ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം അധ്യക്ഷൻ ഡോക്ടർ യൂഹാനോന്‍ മാര്‍ ദിയസ്കോറസ് കുറ്റപ്പെടുത്തി. എറണാകുളം ജില്ലയിലെ കുറച്ച് വോട്ടുബാങ്ക് കൊണ്ടാണ് സര്‍ക്കാര്‍ അത്തരത്തില്‍ പെരുമാറിയെന്നാണ് പൊതുസംസാരമെന്നും പക്ഷേ സഭ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ എറണാകുളം ജില്ലയില്‍ എവിടെയും സര്‍ക്കാരിന് പച്ച തൊടാന്‍ കഴിഞ്ഞില്ലെന്നും മാര്‍ ദിയസ്കോറസ് പറഞ്ഞു.
കോട്ടയം മുതല്‍ തെക്കോട്ടുള്ള സ്ഥലങ്ങളില്‍ അത്യാവശ്യം വേണ്ടവര്‍ക്കെല്ലാം ജനം കൃത്യമായ മറുപടി നല്‍കി, കൃത്യമായി പ്രതികരിച്ചിട്ടുണ്ടെന്നും തോല്‍പ്പിക്കേണ്ടയിടത്ത് തോല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭാ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ടാണ് നിലവില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് പക്വതയുള്ള മന്ത്രിമാരുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി ബഹളങ്ങൾ നടക്കുന്നത് ശരിയാണെങ്കിൽ ആലിൻകായ് പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്നതു പോലെയാണെന്ന് സഭ വിമര്‍ശനവും സഭ മുന്നോട്ട് വയ്ക്കുന്നു. എംപിമാർ മത്സരിക്കേണ്ട എന്ന് തീരുമാനിച്ചു. ജയിച്ചു കഴിഞ്ഞിട്ട് വീണ്ടും ഒരു എംപിയുടെ പേര് കൂടി കേൾക്കുന്നു. കോൺഗ്രസ് ജനത്തെ പരാജയപ്പെടുത്തരുതെന്നും ജനം വിവേകമുള്ളവരാണെന്ന് മറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.