ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച ഡോ. മുഹമ്മദ് അഷീലിനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി ധനകാര്യ പരിശോധനാ വിഭാഗം രംഗത്ത്. ടെൻഡർ നടപടികളില്ലാതെ ഇടപാടുകൾ നടത്തിയതാണ് പ്രധാന ആരോപണം. ചട്ടം ലംഘിച്ച് 44.63 ലക്ഷം രൂപ അഡ്വാൻസായി നൽകിയെന്നും, 19.64 ലക്ഷം രൂപ ചിലവഴിച്ച് കെ.എസ്.എസ്.എം (KSSM) ഹാൾ നവീകരിച്ചതിൽ ക്രമക്കേട് നടന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഡോക്ടര്‍ മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
എന്നാൽ, ആരോപണങ്ങളെ ഡോ. അഷീൽ ശക്തമായി നിഷേധിച്ചു. കോവിഡ് കാലത്തെ എല്ലാ നടപടികളും സർക്കാർ ചട്ടങ്ങൾ പാലിച്ചും, വകുപ്പ് മന്ത്രിയുടെയും സെക്രട്ടറിയുടെയും കൃത്യമായ അനുമതിയോടെയുമാണ് നടപ്പിലാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. അടിയന്തര സാഹചര്യത്തിൽ അഞ്ച് കോടി രൂപ വരെ ടെൻഡറില്ലാതെ ചെലവഴിക്കാൻ അനുമതിയുണ്ടായിരുന്നെന്നും, 90 ശതമാനം വരെ തുക അഡ്വാൻസായി നൽകാൻ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തീരുമാനങ്ങളിൽ താൻ മാത്രമായിരുന്നില്ല പങ്കാളിയെന്നും, ഉത്തരവിട്ടത് സെക്രട്ടറിയാണെന്നിരിക്കെ തന്നെ പഴിചാരുന്നത് ശരിയല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
അതേസമയം, കോവിഡ്കാല പ്രവര്‍ത്തനങ്ങളിലെ സാമ്പത്തികക്രമക്കേട് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. ഉപകരണങ്ങള്‍ വാങ്ങിയത് പരിശോധിക്കും. ഇതിനായി മൂന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും അവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.