വൈൽഡ് കാർഡ് എൻട്രിയായി എത്തി തൃക്കരിപ്പൂരിൽ ഞെട്ടിച്ച് സന്ദീപ് വാരിയർ. മണ്ഡല രൂപീകരണത്തിന് ശേഷം ഇടതുപക്ഷത്തിന് ഒപ്പം മാത്രം നിന്ന മണ്ഡലത്തിലാണ് 4000 മുകളിൽ സന്ദീപ് ഭൂരിപക്ഷമുയർത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 26000ത്തിനു മുകളിലായിരുന്നു മണ്ഡലത്തിൽ എൽഡിഎഫ് ഭൂരിപക്ഷം.
തൃക്കരിപ്പൂരിൽ സന്ദീപ് വാരിയറുടെ രംഗപ്രവേശനം അപ്രതീക്ഷിതമായിരുന്നു. കേരള കോൺഗ്രസിന്റെ കയ്യിലുണ്ടായിരുന്ന മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ ഡിസിസി പ്രസിഡൻറ് ഉൾപ്പെടെ ജില്ല നേതാക്കളുടെ പേരാണ് ഉയർന്നു കേട്ടത്. സന്ദീപിന് നൽകാൻ മറ്റിടങ്ങളിൽ ഇല്ലാതെ വന്നതോടെയാണ് തൃക്കരിപ്പൂരിലേക്ക് പരിഗണിച്ചത്.
സ്ഥാനാർഥിത്വം ആഗ്രഹിച്ച ജില്ല നേതാക്കൾ ആദ്യം പ്രതിഷേധം ഉയർത്തിയെങ്കിലും പിന്നീട് വഴങ്ങി. മണ്ഡലത്തിൽ കാലുകുത്തിയത് മുതൽ ക്രൗഡ് പുള്ളറായ സന്ദീപ് ഒടുവിൽ ഇടത്ത് കോട്ടയിൽ ത്രിവർണ്ണക്കൊടി പാറിച്ചു. 1977ൽ മണ്ഡലം നിലവിൽ വന്ന ശേഷം നടത്തിയ 10 തിരഞ്ഞെടുപ്പുകളിലും വിജയക്കൊടി നാട്ടിയത് ഇടതുപക്ഷമാണ്.
ഇ.കെ.നായനാർ മുഖ്യമന്ത്രി കസേരയിലേക്ക് നടന്ന കയറിയത് ഇവിടെ നിന്നും. അതിനാൽ തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും സിപിഎം പ്രതീക്ഷിച്ചിരുന്നില്ല. അവിടെയാണ് 26000 പിന്നിൽ നിന്നിടത്ത് നിന്ന് 4000 മുകളിൽ ലീഡ് ഉയർത്തി വിജയിക്കുന്നത്.