ഫയല്‍ ചിത്രം
കെ.എന്‍.ബാലഗോപാല്‍ പ്രതിപക്ഷ നേതാവായേക്കും. കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ പ്രതിക്ഷനേതൃസ്ഥാനം പിണറായി വിജയന്‍ ഏറ്റെടുത്തേക്കില്ല. വിജയിച്ചവരില്‍ മുതിര്‍ന്ന നേതവായ കേന്ദ്രകമ്മിറ്റി അംഗം കെ.എന്‍.ബാലഗോപാലിനെ പ്രതിപക്ഷ നേതാവാക്കിയേക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയുമെടുക്കുന്ന തീരുമാനം നിയമസഭ അംഗങ്ങളുടെ യോഗം ചേര്‍ന്നാവും അംഗീകരിക്കുക. നിയമസഭ ചേരുന്നതിന് തൊട്ടുമുന്‍പാവും തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിക്കുക.
അതേസമയം, എണ്‍പതുകള്‍ക്ക് ശേഷമുള്ള കനത്ത പരാജയത്തിൽ നേതൃത്വത്തിനെതിരെ സിപിഎമ്മിൽ അമർഷം പുകയുന്നു. ജയിക്കാവുന്ന സീറ്റുകൾ പോലും നേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ട് തോറ്റു എന്ന് വിമർശനമാണ് ഫലപ്രഖ്യാപനത്തിനുശേഷം പാർട്ടി നേതാക്കൾക്കിടയിൽ പലർക്കും ഉള്ളത്. നേതൃമാറ്റത്തിന് പോലും ആവശ്യമുള്ള സാധ്യതയുണ്ട്. വരുംദിവസങ്ങളിൽ ചേരുന്ന പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയരും.
കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കിയതും സംസ്ഥാന വ്യാപകമായി തിരിച്ചടിക്ക് കാരണമായതാണ് പാർട്ടി നേതാക്കൾക്കിടയിലെ വികാരം. സിപിഎം അനുകൂല സൈബർ ഗ്രൂപ്പുകൾ പോലും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ പരസ്യ വിമർശനമുന്നയിച്ച് കഴിഞ്ഞു. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ തോൽവിയുടെ വിലയിരുത്തിലുണ്ടാകും. കണ്ണൂരിലുള്ള പിണറായി വിജയൻ നാളത്തെ സെക്രട്ടറിയേറ്റിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല
പാര്‍ട്ടികോട്ടകളില്‍ കനത്ത തിരിച്ചടിയാണ് സിപിഎം നേരിട്ടത്. കൊല്ലത്ത് സിപിഎമ്മിനും സിപിഐക്കും ഓരോ സീറ്റ് വീതം മാത്രം, നേരിട്ടത് സമാനതകളില്ലാത്ത തിരിച്ചടി. ചിഞ്ചുറാണിയും ഗണേഷും തോറ്റപ്പോള്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ കഷ്ടിച്ചാണ് കടന്നുകൂടിയത്. ചാത്തന്നൂരില്‍ സിപിഐയുടെ സീറ്റാണ് എന്‍ഡിഎ പിടിച്ചെടുത്തത്. ആലപ്പുഴ കൈപിടിച്ച് വലത്തേക്ക് നടന്നപ്പോൾ ഇടതുപക്ഷത്തിനത് അപ്രതീക്ഷിത തിരിച്ചടിയായി. ജില്ലയിൽ ആകെയുള്ള ഒൻപത് സിറ്റിൽ ആറും യുഡിഎഫിനൊപ്പം നിന്നു. അമ്പലപ്പുഴയിലടക്കം ഉണ്ടായ കനത്ത തിരിച്ചടി ആലപ്പുഴയിലെ സി പി എമ്മിൽ വലിയ ചർച്ചകൾക്കും മാറ്റങ്ങൾക്കും വഴിവയ്ക്കും എന്നുറപ്പാണ്. കോഴിക്കോട് 10 സീറ്റുകള്‍ എല്‍ഡിഎഫിന്‍റെ കയ്യില്‍ നിന്ന് പോയെങ്കിലും ഏക വിജയമുണ്ടായ ബേപ്പൂരിലേത് നേട്ടമായി ചിത്രീകരിക്കാനാണ് സിപിഎം നീക്കം.