‘ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍’ എന്ന വാര്‍ത്ത ആദ്യമായിട്ടായിരിക്കാം മാധ്യമങ്ങള്‍ക്ക് നല്‍കേണ്ടി വന്നിരിക്കുക. മുഖ്യമന്ത്രിയുടെ ഉറച്ച മണ്ഡലം എന്നതിനപ്പുറം സിപിഎം കോട്ടയായ മണ്ഡലത്തില്‍ വെറും വാക്കായെങ്കിലും അങ്ങനെ പറയാന്‍ ഒരു പക്ഷേ ഇതിന് മുന്‍പ് ആരും ധൈര്യപ്പെട്ടേക്കില്ല. അതുകൊണ്ടുതന്നെ ആദ്യ റൗണ്ടുകളിലെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥി വി.പി.അബ്ദുൽ റഷീദ് പിണറായി വിജയനെ പിന്നിലാക്കി മുന്നില്‍ നിന്നത് ആദ്യം കൗതുകവും പിന്നെ അത്ഭുതവുമായിരുന്നു. ആദ്യ റൗണ്ടില്‍ വിപി അബ്ദുള്‍ റഷീദ് 5741 വോട്ട് നേടിയപ്പോള്‍ പിണറായി വിജയന് കിട്ടിയത് 5008 വോട്ടാണ്. രണ്ടാം റൗണ്ടില്‍ അബ്ദുള്‍ റഷീദ് മുഖ്യമന്ത്രിയേക്കാള്‍ രണ്ടായിരത്തിലേറെ വോട്ടിന്‍റെ ലീഡ് നിലനിര്‍ത്തി. ആറു റൗണ്ടുകള്‍ വരെ എണ്ണുമ്പോള്‍ മുഖ്യമന്ത്രിയെ പിന്നില്‍ തന്നെ നിലനിര്‍ത്തി അബ്ദുല്‍ റഷീദ് ഞെട്ടിച്ചു.
2016 നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ എൽഡിഎഫിന്‍റെ ഭൂരിപക്ഷം പകുതിയോളം കുറച്ച പോരാട്ട വീര്യമാണ് അബ്ദുല്‍ റഷീദിന്‍റെ കരുത്ത്. അതും സിപിഎമ്മിന്‍റെ ഉരുക്കുകോട്ടയില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ. 2021ലെ എല്‍ഡിഎഫ് കൊടുങ്കാറ്റിലും അബ്ദുല്‍ റഷീദ് ഉലയാതെ നിന്ന് പോരാടി. എല്‍ഡിഎഫിന്‍റെ ഭൂരിപക്ഷം 22,689 വോട്ടുകളിലേക്ക് കുറയ്ക്കാന്‍ അന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുൽ റഷീദിനായി. ജവാഹർ ബാലജനവേദിയിലൂടെയും കെഎസ്‌യുവിലൂടെയും ചുവടുറപ്പിച്ചാണ് അബ്ദുല്‍ റഷീദ് കോണ്‍ഗ്രസിന്‍റെ സംഘടനാ നിരയിലേക്കെത്തിയത്. സിപിഎം കോട്ടയായ ധര്‍മടം മണ്ഡലത്തിലെ പലയാട് ക്യാംപസിലായിരുന്നു നിയമപഠനം. ജീവന് ഭീഷണിയുണ്ടെന്ന ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഒരു വര്‍ഷം വിദ്യാഭ്യാസം പൊലീസ് സുരക്ഷയില്‍. ആറ് വർഷമായി ധർമ്മടം നിയോജക മണ്ഡലത്തില്‍ പെരളശ്ശേരി പഞ്ചായത്തിലെ പോതുവാച്ചേരിയിൽ തന്നെ ആണ് താമസം.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രയിൽ സ്ഥിരാംഗമായിരുന്ന അബ്ദുല്‍ റഷീദിന് ഇക്കുറി തളിപ്പറമ്പാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സിപിഎം വിമതൻ ടി.കെ.ഗോവിന്ദന് തളിപ്പറമ്പില്‍ പാര്‍ട്ടി സീറ്റ് കൊടുത്തതോടെ തളിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അബ്ദുൽ റഷീദ് ധർമടത്തെ സ്ഥാനാർഥിയാവുകയായിരുന്നു. ലീഡ് പിടിക്കുമെന്ന തുടക്കം മുതലുള്ള ആത്മവിശ്വാസം അവിശ്വനീയമാംവിധം യാഥാര്‍ഥ്യമായ കാഴ്ചയാണ് ഇന്ന് കണ്ടത്. അന്തിമ ഫലം എന്തുതന്നെയായാലും ഇത് യുഡിഎഫിന്‍റെ വിജയം തന്നെ എന്നാണ് വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ അബ്ദുൽ റഷീദ് മാധ്യമങ്ങളോട് പ്രതികരിച്ചതും .കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെപിസിസി അംഗം കൂടിയാണ് മുഖ്യമന്ത്രി വിറപ്പിച്ച കോണ്‍ഗ്രസിന്‍റെ ഈ തുറുപ്പുചീട്ട്.