pinarayi-vijayan-2

കാലവർഷക്കെടുതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതുവരെ 5 പേർ മരണപ്പെട്ടു എന്നത് അത്യന്തികം വേദനാജനകമാണ്. വീടുകളും കൃഷിയും ഉപജീവന മാർഗങ്ങളും നഷ്ടപ്പെട്ട് ജനങ്ങൾ വലിയ ദുരിതത്തെ അഭിമുഖീകരിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

'റാന്നിയിൽ ഒറ്റരാത്രികൊണ്ട് 331 മില്ലിമീറ്ററിലധികം അതിതീവ്ര മഴ രേഖപ്പെടുത്തിയതും വയനാട്ടിലും ഇടുക്കിയിലും കോട്ടയത്തും ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതും അതീവ ജാഗ്രത ആവശ്യപ്പെടുന്ന സാഹചര്യമാണിതെന്ന താക്കീതാണ് നൽകുന്നത്. 2018-ലും 2019-ലും അതിതീവ്ര മഴയും മേഘവിസ്ഫോടനത്തിന് സമാനമായ മഴയും മൂലം നിരവധി പ്രദേശങ്ങൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വെള്ളത്തിനടിയിലായ ദുരനുഭവങ്ങൾ നമുക്കെല്ലാവർക്കും ഓർമ്മയിലുണ്ട്.

അതുകൊണ്ടുതന്നെ നിലവിലെ മുന്നറിയിപ്പുകളെ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ദുരിതബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തരവും ഫലപ്രദവുമായ ഇടപെടൽ നടത്തണം. രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും നാശനഷ്ടങ്ങൾക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽകുകയും വേണം. അതോടൊപ്പം, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, കാലാവസ്ഥാ വകുപ്പും മറ്റ് സർക്കാർ ഏജൻസികളും നൽകുന്ന മുന്നറിയിപ്പുകൾ ജനങ്ങൾ ഒരു കാരണവശാലും അവഗണിക്കരുത്. 

ഈ പ്രതിസന്ധിഘട്ടത്തിൽ ദുരിതപ്രദേശത്തെ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുകയും അധികാരികളുമായി സഹകരിച്ച് പരമാവധി സഹായം ഉറപ്പാക്കുകയും ചെയ്യണം. ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാൻ നമുക്ക് ഒന്നിച്ചിറങ്ങാം. ജാഗ്രതയും ഐക്യദാർഢ്യവും കൊണ്ട് ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം.' - പിണറായി വിജയൻ കുറിച്ചു. 

ENGLISH SUMMARY:

Kerala heavy rain is causing severe disruptions across various parts of the state, impacting lives and livelihoods significantly. Opposition Leader Pinarayi Vijayan has highlighted the gravity of the situation, emphasizing the need for urgent government intervention and public cooperation to overcome the crisis.