parassala-ksrctc-depot-lightning-accident

തിരുവനന്തപുരം പാറശ്ശാലയിൽ അഞ്ചുപേർക്ക് ഇടിമിന്നലേറ്റു. പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ആയിരുന്നു അപകടം. സ്റ്റേഷൻ മാസ്റ്റർ ഷാബു, ജീവനക്കാരായ സെലിൻ മേരി, രേഖ, ശോഭ, ജയ എന്നിവർക്കാണ് പരിക്കേറ്റത്. അഞ്ചുപേരും ആശുപത്രിയില്‍ ചികില്‍സ തേടി.

ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ മേഖലകളിൽ പെയ്തിറങ്ങിയ കനത്ത മഴയിലാണ് അപകടം സംഭവിച്ചത്. മഴയ്ക്കിടെ ഡിപ്പോ ഓഫിസിനുള്ളിൽ കമ്പ്യൂട്ടറിലടക്കം ഇടിമിന്നൽ ഏല്‍ക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ ലൈനുകളിലേക്കും സപ്ലൈ സംവിധാനങ്ങളിലേക്കും മിന്നലേറ്റതോടെ ഡിപ്പോയിലെ കമ്പ്യൂട്ടറുകളും സ്വിച്ച് ബോർഡുകളും വൻ ശബ്ദത്തോടെ കത്തിയമരുകയും ബോർഡ് തകരുകയും ചെയ്തു.

പരുക്കേറ്റ ജീവനക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരുക്കേറ്റ നാല് വനിതാ ജീവനക്കാരെ പാറശാല താലൂക്ക് ആശുപത്രിയിലും, സ്റ്റേഷൻ മാസ്റ്റർ ഷാബുവിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

അതേസമയം, നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മറ്റന്നാള്‍ ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Five KSRTC employees sustained injuries following a lightning strike at the Parassala KSRTC depot in Thiruvananthapuram during heavy rainfall on Saturday afternoon. The lightning struck the electrical lines and supply systems inside the depot office, causing computers and switchboards to burst with a loud noise. Station Master Shabu and four female staff members—Celin Mary, Rekha, Shobha, and Jaya—were immediately rushed to nearby hospitals for medical treatment. Authorities confirmed that none of the injured employees are in critical condition, while weather warnings remain elevated across the state.