Image Credits: X@KeralaBlasters

Image Credits: X@KeralaBlasters

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ചിനുള്ള തടസ്സങ്ങൾ നീങ്ങി. കലൂർ സ്റ്റേഡിയത്തിലെ മൽസരത്തിന് മൂന്നര ലക്ഷം രൂപ വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. സെക്യൂരിറ്റി ഡെപ്പോസിറ്റായി 50 ലക്ഷം രൂപയും നിശ്ചയിച്ചു. ടിക്കറ്റ് വില്പന തുടങ്ങി.

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമം. ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തന്നെ കളിക്കും. കേരള ഫുട്ബോളിന്റെ വളർച്ചയ്ക്ക് ബ്ലാസ്റ്റേഴ്സിന്റെയും ഐഎസ്എല്ലിന്റെയും സംഭാവന പരിഗണിച്ചാണ് സർക്കാരിന്‍റെ തീരുമാനം. കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കേണ്ടത് കേരളത്തിന്‍റെ പൊതു ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് തദ്ദേശ വകുപ്പ് ഉത്തരവിറക്കിയത്. മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് തീരുമാനം. ജിസിഡിഎ നിർദ്ദേശിച്ച 9.25 ലക്ഷം വാടകയിൽ ഇളവ് നൽകണമെന്ന് ബ്ലാസ്റ്റേഴ്സ് സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.

മത്സരത്തിനുള്ള തടസ്സങ്ങൾ നീങ്ങിയതോടെ 13,000 ടിക്കറ്റുകളാണ് ഓൺലൈൻ വഴി വില്പന നടത്തുക. ഇരുപതിനായിരം ടിക്കറ്റ് ആരാധക കൂട്ടായ്മയ്ക്കായി മാറ്റിവച്ചിരുന്നു. മുംബൈ സിറ്റി എഫ്.സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നാളത്തെ എതിരാളികൾ. മുംബൈയുമായുള്ള മത്സരം കടുത്തതായിരിക്കുമെന്ന് പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡ് പറഞ്ഞു.

അനിശ്ചിതത്വം ഏറെ ഉണ്ടായെങ്കിലും ആദ്യ ഹോം മാച്ചിൽ ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാൻ ആരാധകർ എത്തുമെന്നാണ് പ്രതീക്ഷ. ഇന്‍റര്‍ കാശിക്കെതിരെ ജയിച്ചു തുടങ്ങിയ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റിരുന്നു. കലൂരിൽ വിജയത്തിലൂടെ തിരിച്ചടികളെ മറികടക്കാനാകും ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.

ENGLISH SUMMARY:

The Kerala government has resolved days of uncertainty by issuing an official order fixing a stadium rent of Rs 3.5 lakh and a security deposit of Rs 50 lakh for Kerala Blasters' opening home match in Kochi. Recognizing the club's contribution to state football, the Local Self-Government Department granted relief following Blasters' request for a reduction from GCDA's earlier proposed rent. With obstacles cleared, ticket sales have commenced, and online platforms are offering 13,000 tickets alongside allocations for fan groups. Kerala Blasters are now all set to face Mumbai City FC in their crucial upcoming fixture at the Jawaharlal Nehru Stadium.