p-i-na-a

നിയമസഭാ തിരഞ്ഞെടുപ്പിലെ നിരാശജനകമായ പ്രകടനത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു. പ്രത്യേക ദൂതന്‍വഴി രാജിക്കത്ത് ലോക്ഭവനില്‍ എത്തിച്ചു. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. കാവല്‍ മുഖ്യമന്ത്രിയായി തുടരും. ഗവര്‍ണറുമായി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചു

 

പിണറായി വിജയന്‍ എന്ന സി.പി.എം സമുന്നതന്‍റെ പൊതുജീവിതത്തിലെ സംഭവബഹുലമായ ഒരു  ഘട്ടത്തിന്റെ അവസാനം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. മുന്‍വിധികളെ മാറ്റിമറിച്ച് ജനകീയത നേടിയ ആദ്യഭരണകാലവും ആ ജനകീയതയുടെ നിഴലില്‍ തിരുത്തലുകള്‍ ഇല്ലാതെപോയ രണ്ടാംപകുതിയും പലതുകൊണ്ടും പിണറായിക്കും പാര്‍ട്ടിക്കും പാഠപുസ്തകമാണ്.

 

ഭരണവും തുടര്‍ഭരണവും മേനിപറച്ചിലിനുള്ള ഉപാധിയായിരുന്നില്ല പിണറായി വിജയന്. വിളിച്ചു പറഞ്ഞതത്രയും ഇടതുഭരണങ്ങള്‍ കേരളത്തിന്‍റെ മുഖഛായ മാറ്റിമറിച്ചതിന്‍റെ ചരിത്രസാക്ഷ്യങ്ങളായിരുന്നു. ചെയ്തുകാട്ടിയത് അസംഭവ്യമെന്ന് വിധിയെഴുതിയ പലതുമായിരുന്നു. പത്താണ്ടിപ്പുറത്തെ കൊല്ലപ്പരീക്ഷയ്ക്ക് ജയിക്കാന്‍ രണ്ട് ഭരണകാലങ്ങളിലുമായി വാരിവിതറിയ ക്ഷേമവും കെട്ടിഉയര്‍ത്തിയ നേട്ടങ്ങളും ധാരാളം മതിയെന്ന് കരുതിയത് ഒരുതവണ ജനം ചേര്‍ത്തുപിടിച്ചതിന്‍റെ അനുഭവം കൊണ്ടായിരുന്നു. ആ നേട്ടങ്ങള്‍ ഏഴുതിവച്ച ഫലകങ്ങള്‍ മേലങ്കിപോലെ അണിഞ്ഞ്  സര്‍ക്കാര്‍ ബസുകള്‍ തലങ്ങും വിലങ്ങും പാഞ്ഞതതും പരസ്യപ്പലകകള്‍ ആകാശംമുട്ടെ ഉയര്‍ന്നുനിന്നതും മറക്കാറായിട്ടില്ല. 

 

അഗ്നിപരീക്ഷകള്‍ ഒരുപാട് താണ്ടിയിട്ടുണ്ട് പിണറായി വിജയന്‍. അധികാരത്തിലിരുന്നപ്പോളും മുന്‍പും. ഓരോ പത്മവ്യൂഹം ഭേദിച്ച് പുറത്തുവരുമ്പോഴും അനുഭവങ്ങളുടെ ഉള്‍ക്കരുത്ത് ആത്മവിശ്വാസവും ദൃഢനിശ്ചയവുമായി ഒപ്പം കൂട്ടിയിട്ടുമുണ്ട്. പക്ഷെ കേരളജനത ഇന്നെഴുതിയ വിധിവാക്യം ഒറ്റദിവസം കൊണ്ട് രൂപമെടുത്തതല്ലെന്ന് നയമറിയുന്ന നായകന്‍ തിരിച്ചറിയാതെപോയി.  2021 ലെ മഹാജനവിധിക്ക് ശേഷം നടന്ന ജനായത്ത പരീക്ഷകളിലൊന്നില്‍പ്പോലും പാസ്മാര്‍ക്ക് ലഭിച്ചിട്ടില്ലെന്നത് സൗകര്യപൂര്‍വം വിസ്മരിച്ചു. വോട്ടുകണക്കും കാല്‍ക്കുലേറ്ററും കൊണ്ട് പരാജയങ്ങളെ മറച്ചുപിടിക്കാന്‍ ശ്രമിച്ചു. ആരോപണമുനകളും വിവാദശരങ്ങളും വട്ടം ചുറ്റിയകാലത്ത് നീണ്ടമൗനങ്ങളുടെ മറപറ്റി മാറിനിന്ന് സ്വന്തം പ്രതിച്ഛായയെ സംശയനിഴലിലാക്കി. മാധ്യമപരിലാളനയുടെ കുളിരേറ്റിട്ടില്ലാത്ത പിണറായി വിജയന്‍ പക്ഷെ, മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ ജനത്തിന്‍റെ സന്ദേഹങ്ങളല്ല, ചോദ്യകര്‍ത്താവിന്‍റെ രാഷ്ട്രീയം തിരഞ്ഞ് പിന്നെയും പലതവണ ചെറുതായി. 

ഒരു പ്രായോഗികവാദിയായ ഭരണാധികാരിയെന്ന നിലയില്‍ പിണറായി വിജയന്‍ കാണാതെപോയ പലതുമുണ്ടായിരുന്നു. രാഷ്ട്രീയവും സാമുദായിക സമവാക്യങ്ങളും തമ്മില്‍ മാറിയകാലത്ത് ഉരുത്തിരിഞ്ഞ ഇഴയടുപ്പത്തിന്‍റെ പ്രഹരശേഷിയായിരുന്നു അത്. വിഭാഗീയതയോടും വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച പാരമ്പര്യമുള്ള ഒരു നേതാവ് ചേര്‍ത്തുപിടിച്ചവരുടെ മുഖം നോക്കാന്‍ മറന്നപ്പോള്‍ ഒലിച്ചുപോയത് വലിയൊരു  ജനസഞ്ചയത്തിന്റെ പിന്തുണയായിരുന്നു. വിശ്വാസവും പ്രതീക്ഷയുമായിരുന്നു. ഒന്നാം ശബരിമല പ്രക്ഷോഭത്തെ മറികടന്ന് നേടിയ തുടര്‍ഭരണത്തിന്‍റെ ഓര്‍മയിലാവണം പുതിയ സ്വര്‍ണക്കൊള്ള കേസിന്‍റെ രാഷ്ട്രീയ -സാമുദായികമാനം ഈ പതനത്തിന്‍റെ ആണിക്കല്ലുകളില്‍ ഒന്നാകുമെന്ന് തിരിച്ചറിയാതെ പോയത്.

ENGLISH SUMMARY:

Pinarayi Vijayan has resigned as the Chief Minister of Kerala following a disappointing performance in the assembly elections. His resignation letter was submitted to the Governor via a special envoy, and he will continue as the caretaker Chief Minister.